കൊറോണ വ്യാപനത്തിനിടയിൽ, ഹാൻഡ് സാനിറ്റൈസറിന് ഓൺ‌ലൈനിൽ 16 മടങ്ങ് വിലവർദ്ധന

പകർച്ചവ്യാധിയായ കൊറോണ വൈറസിന്റെ വ്യാപനത്തിനിടെ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ വിൽപ്പനക്കാർ 30 മില്ലി കുപ്പിയുടെ ഹാൻഡ് സാനിറ്റൈസറിന് പരമാവധി വിലയുടെ (എംആർപി) 16 മടങ്ങ് വില വർദ്ധിപ്പിച്ചു. വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കൈകൾ വൃത്തിയായി സൂക്ഷിക്കാൻ ആരോഗ്യ വിദഗ്ധർ ഉപദേശം നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാൻഡ് സാനിറ്റൈസറിന് ആവശ്യക്കാർ ഏറിയത്‌.

കൈകൾ‌ അണുവിമുക്തമാക്കുന്നതിനായി ഉപയോഗിക്കുന്ന സാനിറ്റൈസറുകളും മറ്റ് ദ്രാവകങ്ങളും അന്വേഷിച്ച് ഉപഭോക്താക്കൾ എത്തുമ്പോൾ മിക്ക കടകളിലും സ്റ്റോക്ക് തീർന്നെന്നാണ് പറയുന്നത്.

ഫ്ലിപ്പ്കാർട്ടിൽ, സൂപ്പർ റീടെയിൽസ് എന്ന വിൽപ്പനക്കാർ ഹിമാലയ പ്യുർഹാൻഡ്സ് 30 മില്ലി ബോട്ടിലിന് 999 രൂപയാണ് ഈടാക്കുന്നത് ഇത് എംആർപിയേക്കാൾ പല മടങ്ങ് കൂടുതലാണ്.

“ഒരേ ഉൽപ്പന്നത്തിന് വ്യത്യസ്ത വിലകൾ നിങ്ങൾക്ക് കാണാൻ കഴിയും, കാരണം ഇത് നിരവധി വിൽപ്പനക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ടാകാം.” എന്നാണ് ഫ്ലിപ്കാർട്ട് പറയുന്നത്.

ഹാൻഡ് സാനിറ്റൈസറുകളുടെ ഉയർന്ന വിലയിൽ നിരവധിപേർ ട്വിറ്ററിലൂടെ പരാതി പങ്കുവച്ചിട്ടുണ്ട്.

അതേസമയം വില വർദ്ധനവിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് ഹിമാലയ മരുന്ന് കമ്പനി ട്വീറ്റ് ചെയ്തു.