21 വയസ്സ്, 2 വര്‍ഷം...ടീഷര്‍ട്ട് വിറ്റ് ഇവര്‍ നേടിയത് 20 കോടി

ബിഹാര്‍ സ്വദേശിയാണ് 21കാരനായ പ്രവീണ്‍ കെ ആര്‍. സിന്ദുജ ആകട്ടെ ഹൈദരാബാദ് സ്വദേശിയും, അവള്‍ക്കും വയസ്സ് 21. രണ്ടുപേരും സംരംഭകരാണ്. നല്ല ഒന്നാംതരം യുവസംരംഭകര്‍. എന്താണ് സംരംഭമെന്നല്ലേ…ടീഷര്‍ട്ട് വില്‍ക്കലാണ് ഏര്‍പ്പാട്. ഇങ്ങനെ ഇവര്‍ രണ്ടു വര്‍ഷം കൊണ്ട് നേടിയതാകട്ടെ ഇരുപത് കോടി രൂപയും.

ചെന്നൈയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇരുവര്‍ക്കും സംരംഭകത്വം തലയ്ക്ക് പിടിച്ചത്. അങ്ങനെ ഏഴാം സെമസ്റ്ററില്‍ അവര്‍ തീരുമാനിച്ചു സ്വന്തമായി എന്തെങ്കിലും വേണമെന്ന്.

2015ലായിരുന്നു അത്. ഇ-കൊമേഴ്സ് രംഗമെല്ലാം പതിയെ കയറി വന്ന് വലിയ ചര്‍ച്ച ആയിക്കൊണ്ടിരിക്കുന്ന സമയം. അങ്ങനെ സ്വന്തമായി അവര്‍ ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങി. പേര് യംഗ് ട്രെന്‍ഡ്സ്. 10 ലക്ഷം രൂപയായിരുന്നു പ്രാഥമിക മൂലധനം. ഇ-കൊമേഴ്സ് സൈറ്റുകളായ ഫ്ളിപ്കാര്‍ട്ടിലൂടെയും ആമസോണിലൂടെയും വൂണികിലൂടെയും പേടിഎമ്മിലൂടെയും എല്ലാമായിരുന്നു ആദ്യഘട്ടത്തിലെ വില്‍പ്പന.

വളരെ പെട്ടെന്നായിരുന്നു അവരുടെ വളര്‍ച്ച. ഇരുപതുകളിലേക്ക് കാലെടുത്ത് വെച്ചവരെയാണ് യംഗ് ട്രെന്‍ഡ്സ് ലക്ഷ്യമിട്ടത്. കോളെജ് ഇവെന്റുകളില്‍ പങ്കെടുത്ത് നിരവധി ഓഫറുകള്‍ വെച്ച് കസ്റ്റമസൈഡ് ടീഷര്‍ട്ടുകളാണ് ഇവര്‍ ലഭ്യമാക്കിയത്. ഇതോടെ സംഭവം ക്ലിക്കായി. ഇപ്പോള്‍ സ്വന്തമായി ഇ-കൊമേഴ്സ് വെബ്സൈറ്റുണ്ട് ഇവര്‍ക്ക്.

ദിവസം 10 ഓര്‍ഡറുകളാണ് ആദ്യഘട്ടത്തില്‍ വെബ്സൈറ്റിലൂടെ ലഭിച്ചിരുന്നത്. പഠിക്കുമ്പോള്‍ തന്നെ സംരംഭത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ ഇവര്‍ക്കായി.

എട്ടാം സെമസ്റ്റര്‍ ആയപ്പോഴേക്കും 100ലധികം കോളെജുകളുമായി സഹകരണത്തിലേര്‍പ്പെട്ടു ഈ മിടുക്കനും മിടുക്കിയും. അങ്ങനെ അവര്‍ക്കു വേണ്ടി കസ്റ്റമൈസ്ഡ് ടീഷര്‍ട്ടുകളും ലഭ്യമാക്കി.

Read more

ഇന്ന് പ്രതിദിനം 1,000 ഓര്‍ഡറുകള്‍ ലഭിക്കുന്ന തലത്തിലേക്ക് ഈ സംരംഭം മാറിക്കഴിഞ്ഞു. കപ്പിള്‍ ക്ലോത്തിങ് പോലുള്ള നൂതനാത്മകമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനായത് യുവാക്കള്‍ക്കിടയില്‍ ബ്രാന്‍ഡിനെ ജനകീയമാക്കി.