വരും വർഷങ്ങളിൽ നിരത്തിലിറങ്ങുന്ന 20 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾ

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾ നിരത്തിലിറക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ വാഹന വിപണി. മികച്ച സജ്ജീകരണങ്ങൾ ഉള്ളതും വലിയതുമായ പ്രീമിയം കാറുകളാണ് ഉപഭോക്താക്കൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. വാഹനങ്ങളുടെ ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള കാറുകൾ നിരത്തിലിറക്കാനൊരുങ്ങുന്നത്. പുതിയ കാർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നവരാണ് നിങ്ങളെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന 20 ലക്ഷത്തിൽ താഴെയുള്ള ഈ കാറുകൾ പരിചയപ്പെടാം.

1. മാരുതി ജിംനി 5-ഡോർ
2023 മെയ് മാസത്തോടെ മാരുതി സുസുക്കി ഫൈവ് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കും. 2023ലെ ഓട്ടോ എക്‌സ്‌പോയിൽ എസ്‌യുവി അനാച്ഛാദനം ചെയ്തിരുന്നു. ദൈർഘ്യമേറിയ വീൽബേസിലുള്ള പുതിയ മോഡൽ റൈഡിൽ രണ്ടാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ നീളം കൂട്ടിയിട്ടുണ്ട്. ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്‍ടിക്കാൻ വലിയ അളവുകൾ മാരുതി സുസുക്കിയെ സഹായിക്കും. ഐഡൽ സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്‌നോടുകൂടിയ പുതിയ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ചോയിസിൽ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോർക്ക് കൺവെർട്ടറും ഉൾപ്പെടും. ഇതിൽ സുസുക്കിയുടെ AllGRIP PRO AWD സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കും. 10 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ് ജിംനി 5- ഡോറിന്റെ പ്രതീക്ഷിക്കുന്ന വില

2. മഹീന്ദ്ര ഥാർ 5-ഡോർ
ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പുതിയ 5-ഡോർ പതിപ്പ് ഈ വർഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ദൈർഘ്യമേറിയ വീൽബേസിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന പുതിയ ഥാർ, ഫൈവ് ഡോർ മോഡലിലായിരിക്കും ഉണ്ടാവുക. ഇവയിൽ പെന്റ-ലിങ്ക് സസ്പെൻഷൻ ഫീച്ചർ ചെയ്യും. നീളമുള്ള വീൽബേസ് ഉള്ളതിനാൽ ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാനാകും. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസലിലുമായി രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് പുതിയ ഥാർ 5-ഡോർ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് എഞ്ചിനുകളും ഉയർന്ന പവറിനും ടോർക്കിനുമായി ട്യൂൺ ചെയ്യപ്പെടും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടുത്തും. 2023ഓടെ ഥാർ 5-ഡോർ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ .15 ലക്ഷം രൂപ – 18 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

3. മാരുതി ഫ്രോങ്ക്സ് ക്രോസ്ഓവർ
ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയ്‌ക്കെതിരെ മത്സരിക്കാനൊരുങ്ങുന്ന കാറാണ് മാരുതി ഫ്രോങ്ക്സ് ക്രോസ്ഓവർ. നെക്സ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയായിരിക്കും ഇതിന്റെ വിൽപന നടത്തുക. ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ 11,000 രൂപ ടോക്കൺ തുക നൽകി ക്രോസ്ഓവർ ബുക്ക് ചെയ്യാൻ സാധിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിനാണ് മാരുതി ക്രോസ്ഓവറിന് ഉള്ളത്. ബലേനോയെ ശക്തിപ്പെടുത്തുന്ന സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എൻജിൻ ഇതിനുണ്ടാകും. 2023 ഏപ്രിലോടു കൂടിയായിരിക്കും ക്രോസോവറിന്റെ ലോഞ്ച് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.7 ലക്ഷം രൂപ – 11 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

4. ഹോണ്ട മിഡ്-സൈസ് എസ്‌യുവി
ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, വിഡബ്ല്യു ടൈഗൺ, സ്‌കോഡ കുഷാക്ക്, എംജി ആസ്റ്റർ എന്നിവയെ വെല്ലുവിളിക്കാൻ ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട പുതിയ ഹോണ്ട മിഡ്-സൈസ് എസ്‌യുവിയിലൂടെ. പുതിയ എസ്‌യുവിയുടെ ടീസർ കമ്പനി ഇതിനകം തന്നെ പുറത്ത് വിട്ടു. പരിഷ്‍കരിച്ച അമേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡൽ, വലിയ ഹോണ്ട എസ്‌യുവികളിൽ നിന്നുള്ള സ്റ്റൈലിംഗ് ഫീച്ചറുകൾ ഉൾപ്പെടുത്തും. ഏകദേശം 4.3 മീറ്റർ നീളമുള്ള എസ്‌യുവി സിറ്റി സെഡാനിലുള്ള ഫീച്ചറുകളും എഞ്ചിൻ സവിശേഷതകളും പങ്കിടും. സിറ്റി ഹൈബ്രിഡിൽ കണ്ടിട്ടുള്ള e:HEV ഹൈബ്രിഡ് സാങ്കേതികവിദ്യയും പുതിയ മോഡലിന് ലഭിക്കാൻ സാധ്യതയുണ്ട്. മാനുവൽ, സിവിടി ഗിയർബോക്‌സോടുകൂടിയ 1.5 ലിറ്റർ i-VTEC പെട്രോൾ എൻജിൻ ഇതിന് ലഭിക്കും.

5. പുത്തൻ ഹ്യുണ്ടായ് വെർണ
2023 പകുതിയോടെ പുറത്തിറക്കാനുദ്ദേശിക്കുന്ന പുത്തൻ വെർണ സെഡാനെ ഹ്യുണ്ടായ് ഇതിനകം വികസിപ്പിച്ചു കഴിഞ്ഞു. പുതിയ വെർണ സെഡാൻ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ വലുതായിരിക്കും ഇത്. ക്യാബിനിനുള്ളിൽ കൂടുതൽ സ്ഥലമുണ്ടാകും. ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർറ്റസ് എന്നിവയ്‌ക്കെതിരെയാണ് ഹ്യുണ്ടായ് വെർണ സ്ഥാനം പിടിക്കുക. BN7 എന്ന കോഡ്‌നാമത്തിൽ ഹ്യുണ്ടായ് വെർണ, എലാൻട്ര സെഡാനിൽ നിന്നുള്ള ഡിസൈൻ പ്രചോദനത്തോടെ കൂടുതൽ സ്റ്റൈലിംഗുമായി എത്തും. അഡാസ് ടെക്‌നോളജി ഉൾപ്പെടെയുള്ള ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയുമായി പുതിയ സെഡാൻ എത്തുമെന്നാണ് പ്രതീക്ഷ. 2023 ഹ്യുണ്ടായ് വെർണ സെഡാൻ 1.5 ലിറ്റർ NA പെട്രോളും പുതിയ 1.5L ടർബോ പെട്രോൾ എഞ്ചിനും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വെന്യു എൻ-ലൈനിന് കരുത്ത് പകരുന്ന 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭിക്കും. പ്രതീക്ഷിക്കുന്ന ലോഞ്ച് – 2023 പകുതിയോടെ.പ്രതീക്ഷിക്കുന്ന വില – 10 ലക്ഷം രൂപ – 18 ലക്ഷം രൂപ

6. എംജി സ്മോൾ ഇ.വി
2023-ന്റെ തുടക്കത്തിൽ ഒരു എൻട്രി ലെവൽ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർ ഇന്ത്യ. ഇന്തോനേഷ്യയിൽ ഈയിടെ നടന്ന പരിപാടിയിൽ അനാച്ഛാദനം ചെയ്ത വുളിങ്ങിന്റെ എയർ ഇവിയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. E230 എന്ന കോഡ് നാമത്തിൽ കമ്പനിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ MG എയർ എൻട്രി ലെവൽ ഇവി വികസിപ്പിച്ചിരിക്കുന്നത്. രണ്ട് വാതിലുകളുള്ള ബോഡി ശൈലിയിലാണ് വാഹനം നിർമിക്കുന്നത് . ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി ഈ ചെറിയ കാർ പരിഷ്കരിക്കും. ഇന്ത്യ-സ്പെക്ക് എംജി ഇവി 2,010 എംഎം വീൽബേസിലാണ് സഞ്ചരിക്കുക. മോഡലിന് ഏകദേശം 20kWh മുതൽ 25kWh വരെയുള്ള ബാറ്ററി പാക്ക് കപ്പാസിറ്റി ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് 150km ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യും. പവർട്രെയിൻ 40 ബിഎച്ച്പി പവർ നൽകുമെന്നാണ് പ്രതീക്ഷ. 2023 ജൂൺ മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷം രൂപ – 15 ലക്ഷം രൂപ വരെയായിരിക്കും വില.