'ട്രയംഫ് ഡേടോണ 660' രാജാവിന്റെ തിരിച്ചു വരവ്; ഒരു ഇതിഹാസത്തിൻ്റെ പരിണാമം...

ഏറ്റവും പുതിയ മിഡിൽവെയ്റ്റ് സ്‌പോർട്‌ബൈക്ക് ആയ ഡേടോണ 660 ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്. ട്രൈഡൻ്റ് 660, ടൈഗർ സ്‌പോർട് 660 എന്നിവയ്‌ക്ക് ശേഷം ട്രയംഫിൻ്റെ 660 സിസി ലൈനപ്പിലെ മൂന്നാമത്തെ മോട്ടോർസൈക്കിളായിരിക്കും ഡേടോണ 660. മുന്നിൽ ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, അണ്ടർബോഡി എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് സീറ്റുകൾ എന്നിവയാണ് ഫുൾ ഫെയർഡ് ബൈക്കിൻ്റെ സവിശേഷതകൾ.

ഇന്ത്യയിൽ കുറച്ചു കാലമായി വിൽപ്പനയ്‌ക്കെത്തുന്ന ട്രൈഡന്റ് 660 റോഡ്‌സ്റ്റർ മോഡലിന്റെ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഡേടോണ 660 നിർമിച്ചിരിക്കുന്നത്. റോഡ്‌സ്റ്ററിൽ നിന്നുള്ള അതേ 660 സിസി ഇൻലൈൻ-ട്രിപ്പിൾ എഞ്ചിനാണ് ഈ സ്പോർട്‌സ് ബൈക്കിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

11,250 ആർപിഎമ്മിൽ 94 ബിഎച്ച്‌പിയും 8,250 ആർപിഎമ്മിൽ 69 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 660സിസി 3-സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഡേടോണ 660-ന് കരുത്തേകുന്നത്. ടോർക്കിൻ്റെ 80% 3,125 ആർപിഎമ്മിൽ നിന്ന് ലഭിക്കും. ടോർക്ക് അസിസ്റ്റ് ക്ലച്ച് വഴി 6-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

ഭാരം കുറഞ്ഞ സ്‌പോർട്‌സ് ഫ്രെയിമിൽ മുൻവശത്ത് ഷോവ 41 എംഎം അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ്‌മെൻ്റോടുകൂടിയ മോണോ ഷോക്കും സജ്ജീകരിച്ചിരിക്കുന്നു. 5 സ്‌പോക്ക് കാസ്റ്റ് അലുമിനിയം വീലിലാണ് ബൈക്ക് ഓടുന്നത്. മുന്നിൽ ഇരട്ട 310 എംഎം ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ ഡിസ്‌കും ആണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

റൈഡ്-ബൈ-വയർ ത്രോട്ടിൽ ഉള്ള ഡേടോണ 660-ക്ക് മൂന്ന് റൈഡിംഗ് മോഡുകളാണ് ഉള്ളത്. സ്‌പോർട്ട്, റെയിൻ, റോഡ് എന്നിവയാണ് മൂന്ന് റൈഡിംഗ് മോഡുകൾ. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളർ ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് കൺസോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നിവയാണ് മോഡലിന്റെ മറ്റ് സവിശേഷതകൾ.

ഡിസൈനിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ ടൈഗർ സ്‌പോർട്ട് 660 എഡിവിക്ക് ശേഷം ബ്രാൻഡ് അതിൻ്റെ പോർട്ട്‌ഫോളിയോയിൽ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഫെയർഡ് മോട്ടോർസൈക്കിളാണ് ഡേടോണ 660. ട്വിൻ എൽഇഡി ഹെഡ്‌ലൈറ്റുകളും ട്രയംഫ് ഡേടോണയുടെ സ്‌പോർട്ടി സ്വഭാവത്തെ എടുത്തു കാണിക്കുന്നു. മസ്ക്കുലർ ഫ്യൂവൽ ടാങ്കും ഫെയറിംഗും കൂടിയാവുന്നതോടെ ബൈക്കിന്റെ ലുക്ക് കൂടി. കുത്തനെ ഉയർത്തിയ ടെയിൽ സെക്ഷനും ബൈക്കിന്റെ അഴക് വർധിപ്പിക്കുന്നവയാണ്.

ട്രയംഫ് ഡേടോണ 660-ൻ്റെ ബുക്കിംഗ് ജനുവരിയിൽ ആരംഭിച്ചിരുന്നു. കാവസാക്കി നിഞ്ച 650, അപ്രീലിയ RS 660, ഹോണ്ട CBR650R തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഇതിന്റെ മത്‌സരം. പുതിയ മോട്ടോർസൈക്കിൾ ഇതിനകം തന്നെ ട്രയംഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. വാഹനം വാങ്ങാൻ താത്പര്യമുള്ള ആളുകൾക്ക് ട്രയംഫ് ഷോറൂമുകൾ വഴിയോ ഓൺലൈനായോ 25,000 രൂപ ടോക്കൺ തുക നൽകി ട്രയംഫ് ഡേടോണ പ്രീ-ബുക്ക് ചെയ്തിടാവുന്നതാണ്.

9,72,450 രൂപ എക്സ് ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. സാറ്റിൻ ഗ്രാനൈറ്റ്, സഫയർ ബ്ലാക്ക്, കാർണിവൽ റെഡ് എന്നീ മൂന്ന് നിറങ്ങളിലാവും 2024 ഡേടോണ സ്വന്തമാക്കാനാവുക. മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ബൈക്ക് സെഗ്‌മെൻ്റിൽ ആവേശകരമായ ഒരു പുതിയ അധ്യായമാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.