465 കി.മീ റേഞ്ചുള്ള ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവി ഇനിയില്ല!

പെട്രോൾ കാറുകളിൽ നിന്നും ഇലക്ട്രിക് കാറുകളിലേക്ക് വളരെ കുറഞ്ഞ സമയംകൊണ്ടാണ് രാജ്യത്തെ മിക്ക ഉപായകഥകളും മാറിയത്. സാധാരണക്കാരിലേക്ക് ഇലക്ട്രിക് കാറുകളെ എത്തിച്ചവരാണ് ടാറ്റ മോട്ടോർസ്. ടിയാഗോ ഇവി മുതൽ കർവ്വ് ഇവി വരെ ആരെയും ആകർഷിക്കുന്ന, ഒരു കിടിലൻ വൈദ്യുത വാഹനനിര തന്നെയാണ് ടാറ്റയ്ക്ക് ഉള്ളത്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് നെക്‌സോൺ ഇവി തന്നെയാണ്. ഇപ്പോഴും ജനപ്രിയമായി തുടരുന്ന ഈ മോഡൽ കാലത്തിനൊത്ത് മാറാനും ഫീച്ചറുകൾ ഉൾപ്പെടുത്താനും കാണിച്ച മനസാണ് എടുത്തു പറയേണ്ടത്. എന്നാൽ ഇനി ഈ വാഹനം ഉണ്ടാകില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

നെക്സോൺ ഇവി വാങ്ങാൻ തയ്യാറെടുത്തിരുന്നവർക്ക് നിരാശ സമ്മാനിക്കുന്നൊരു വർത്തയായായാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് പതിപ്പ് നിശബ്‌ദമായി നിർത്തലാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. മോഡലിന്റെ മീഡിയം റേഞ്ച്, 45 വേരിയന്റുകൾ മാത്രമേ ഇനി ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങാൻ സാധിക്കുകയുള്ളു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് ലോംഗ് റേഞ്ച് മോഡൽ നിർത്തലാക്കിയത്.

നെക്‌സോൺ ഇവി മീഡിയം റേഞ്ച് മോഡലുകൾക്ക് 12.49 ലക്ഷം മുതലാണ് വില ആറാംഹികുനത്. എന്നാൽ നെക്‌സോൺ ഇവി 45 മോഡലിന് 13.99 ലക്ഷം മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. LR വേരിയന്റിന് പുറമെ ഇലക്ട്രിക് എസ്‌യുവിയുടെ MR പതിപ്പും നിർത്തലാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

40.5kWh ബാറ്ററി പായ്ക്കുമായി വിപണിയിൽ എത്തിയിരുന്ന ലോംഗ് റേഞ്ച് മോഡലുകൾ സിംഗിൾ ചാർജിൽ 465 കിലോമീറ്റർ റേഞ്ചായിരുന്നു വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് പകരക്കാരനായാകും ടാറ്റ 45 kWh ബാറ്ററി മോഡലിനെ അടുത്തിടെ പരിചയപ്പെടുത്തിയത്. 45 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന നെക്‌സോൺ ഇവിക്ക് ഒറ്റ ചാർജിൽ 489 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് ടാറ്റ മോട്ടോർ‌സ് അവകാശപ്പെടുന്നത്.

പനോരമിക് സൺറൂഫ്, നൂതന V2L, V2V ചാർജിംഗ് സാങ്കേതികവിദ്യകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വന്തം ബാറ്ററി ശേഷി ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വൈദ്യുതി നൽകാൻ ഈ സാങ്കേതികവിദ്യകൾ നെക്‌സോൺ ഇവിയെ പ്രാപ്തമാക്കുന്നു. 60 kW ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം 40 മിനിറ്റിനുള്ളിൽ നെക്‌സോൺ ഇവിക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു.

പെർമനെന്റ് മാഗ്നറ്റ് മോട്ടോറാണ് ടാറ്റ നെക്സോൺ ഇവിയുടെ 45 kWh മോഡലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ കൂടുതൽ മിടുക്കനാണ് ഈ പുതിയ വേരിയന്റ്. ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന ടാറ്റ നെക്സോൺ ഇവി 45 വേരിയന്റിന് 142 ബിഎച്ച്പി പവറിൽ പരമാവധി 215 എൻഎം ടോർക്ക് വരെ വികസിപ്പിക്കാൻ സാധിക്കും. വെറും 8.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും.

വലിയ ബാറ്ററി പായ്ക്കുള്ള ടാറ്റ നെക്‌സോൺ ഇവി റെഡ് ഡാർക്ക് എഡിഷൻ പതിപ്പിലും സ്വന്തമാക്കാനാകും. ഇതിന് സ്റ്റാൻഡേർഡ് പേഴ്‌സണയേക്കാൾ 20,000 രൂപ അധികം നൽകേണ്ടി വരും. നെക്‌സോൺ ഇവിയുടെ റെഡ് ഡാർക്ക് എഡിഷൻ ടോപ്പ്-എൻഡ് എംപവേർഡ് പ്ലസ് പേഴ്‌സണയിൽ മാത്രമേ ലഭ്യമാകൂ. ക്രിയേറ്റീവ്, ഫിയർലെസ്, എംപവേർഡ്, എംപവേർഡ് പ്ലസ് പേഴ്‌സണ ഓപ്ഷനുകളിൽ ടാറ്റ നെക്‌സോൺ ഇവി 45 kWh ബാറ്ററി പായ്ക്ക് വേരിയന്റ് ലഭ്യമാണ്.