449 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് 70,000 രൂപയുടെ ഓഫർ; ഇത് നെക്സോൺ ഇവിയ്ക്കെതിരെയുള്ള എംജിയുടെ മാസ്റ്റർ പ്ലാൻ

ഇന്ത്യക്കാർക്കിടയിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന ഇലക്ട്രിക് കാറാണ് എംജി വിൻഡ്‌സർ ഇവി. ടാറ്റ നെക്സോണിനെ വരെ പിന്നിലാക്കി ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് ഇലക്ട്രിക് കാറായി മാറിയ വിൻഡ്‌സർ കഴിഞ്ഞ കലണ്ടർ വർഷം ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ ഇവി കൂടെയാണ്. നിലവിൽ നല്ല ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌തുകൊണ്ട് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഒരുങ്ങുകയാണ് ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ. മാർച്ച് മാസത്തിൽ എംജി വിൻഡ്‌സർ ഇവി വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് 70,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇവിക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബെനഫിറ്റുകൾ, 20,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവയാണ് ലഭ്യമാക്കിയിരിക്കുന്നത്.

38kWh അല്ലെങ്കിൽ 52.9kWh ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് വിൻഡർ ഇവി വാഗ്ദാനം ചെയ്യുന്നത്. നിലവിൽ 13.99 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് എംജിയുടെ സിയുവി ഇലക്ട്രിക് കാറിന് വരുന്ന എക്സ്ഷോറൂം വില. 38 കിലോവാട്ട്സ് ബാറ്ററി വേരിയൻ്റുകൾക്ക് സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് പതിപ്പുകൾക്ക് ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ബാറ്ററിയുടെ ശേഷി കൂടിയിട്ടുണ്ടെങ്കിലും രണ്ട് വേരിയൻ്റുകളിലും പെർഫോമൻസ് കണക്കുകൾ സമാനമാണ്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിന് 134 bhp പവറിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് സാരം. ചാർജിംഗിലേക്ക് വരുമ്പോൾ സ്റ്റാൻഡേർഡ് മോഡലുകൾ 45 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 55 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

വിൻഡ്‌സർ ഇവി പ്രോയിൽ 7.4 kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയം വേണ്ടിവരും. 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60 kW DC ഫാസ്റ്റ് ചാർജിംഗിനെയും എംജി വിൻഡ്‌സർ ഇവി സപ്പോർട്ട് ചെയ്യുന്നു.സേഫ്റ്റിയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ADAS, ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും വിൻഡ്‌സർ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ വെഹിക്കിൾ-ടു-ലോഡ്, വെഹിക്കിൾ-ടു-വെഹിക്കിൾ ചാർജിംഗ് എന്നിവയും ഇവിയുടെ മോടികൂട്ടുന്നവയാണ്.

വിശാലമായ ഇൻ്റീരിയർ, മോഡേൺ ഫീച്ചറുകൾ എന്നിവയാൽ സമ്പന്നമാണ് ഇത്. അകത്ത് 135 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന ‘എയ്‌റോ ലോഞ്ച്’ സീറ്റുകൾ ഉൾക്കൊള്ളുന്ന ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങളാണ് ഇവിയെ വേറിട്ടുനിർത്തുന്നത്. സെൻ്റർ കൺസോളിലെ ഭീമൻ 15.6 ഇഞ്ച് ഗ്രാൻഡ്‌വ്യൂ ടച്ച് ഡിസ്‌പ്ലേ കൂടിയാവുമ്പോൾ എംജി വിൻഡ്‌സർ ഇവിയിലെ യാത്രകൾ വേറെ ലെവലാകും. 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ, തുടങ്ങിയ മോഡേൺ ഫീച്ചറുകൾ കൊണ്ടും വാഹനം സമ്പന്നമാണ്.