കാറുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

കാർ വാങ്ങുന്നവർക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഈ മാസമാണ് ഓഫറുകൾ ഉണ്ടായിരിക്കുക. മാരുതി സുസുക്കി ഇഗ്നിസ്, മാരുതി സുസുക്കി ബലേനോ, മാരുതി സുസുക്കി സിയാസ് എന്നിവ ഉൾപ്പെടുന്ന വാഹനങ്ങളുടെ ശ്രേണിയിൽ കമ്പനി 54,000 രൂപ വരെയാണ് കിഴിവ് നൽകുന്നത്. ക്യാഷ് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിലും കിഴിവ് ലഭ്യമാണ്. രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകളിൽ വാങ്ങുന്നവർക്ക് ഈ ഓഫറുകൾ ലഭിക്കും. ഹോളി ദിനത്തോടനുബന്ധിച്ചുള്ള ഓഫറുകളും കൂടി ഉൾപ്പെടുത്തിയാണ് ഇവയുടെ വില നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ നെക്സ റീറ്റെയ്ൽ ചാനൽ വഴിയാണ് വിൽപന നടത്തുന്നത്.

നഗരത്തിലും മറ്റും സുഖകരമായി ഉപയോഗിക്കാൻ കഴിയുന്ന ചെറിയ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ചോയിസാണ് മാരുതി സുസുകി ഇഗ്നിസ്. കാർ നിർമാതാക്കളുടെ ഏറ്റവും മികവുറ്റ നെക്സ മോഡലായ ഇഗ്നിസ് ഇപ്പോൾ മുൻപന്തിയിലാണ് ഉള്ളത്. ഇഗ്നിസിന്റെ മാനുവൽ വേരിയന്റുകൾക്ക് ഇപ്പോൾ 54,000 രൂപ വരെ ഓഫറുകളാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 35,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 4,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യവുമാണ് ലഭിക്കുക. മാരുതി സുസുക്കി ഇഗ്നിസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളിലും മികച്ച ഓഫറുകളുണ്ട്. എക്‌സ്‌ചേഞ്ച് ഓഫർ, 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്. 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ഉൾപ്പെടെ 34,000 രൂപയുടെ കിഴിവാണ് വാഹനം വാങ്ങുന്നവർക്ക് ലഭിക്കുന്നത്. നെക്‌സ ലൈനപ്പിൽ വരുന്ന എൻട്രി ലെവൽ ഹാച്ച്ബാക്കാണ് മാരുതിയുടെ ഇഗ്നിസ്. വാഹനം ചെറുതാണെങ്കിലും മികച്ച പെർഫോമൻസും കിടിലൻ ഫീച്ചറുകളുമാണ് ഇവയിൽ ഉള്ളത്.

മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുകൾ വഴി ഈ മാസത്തിൽ ബലേനോ വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകളും ഡീലുകളുമാണ് ഇത്തവണ ലഭിക്കുക. വാഹനത്തിന്റെ മാനുവൽ വേരിയന്റുകൾക്ക് 35,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. കോർപ്പറേറ്റ് ആനുകൂല്യങ്ങളും എക്സ്ചേഞ്ച് ഓഫറും ക്യാഷ് ഡിസ്കൌണ്ടും ഉൾപ്പെടെയുള്ള ഓഫറുകളാണ് കമ്പനി നൽകുന്നത്. 90 HP കരുത്ത് നൽകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. കാറിന്റെ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ/എഎംടി ട്രാൻസ്മിഷൻ യൂണിറ്റുമായി ചേർന്നാണ് വാഹനം എത്തുന്നത്. മാരുതി സുസുക്കി ബലേനോയുടെ സിഎൻജി, ഓട്ടോമാറ്റിക് വേരിയന്റുകൾ എന്നിവയ്ക്ക് ഈ മാസം കിഴിവുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് മാത്രമേ ഇളവുകൾ ലഭിക്കൂ.

മാരുതി സുസുക്കിയുടെ നിലവിലെ നെക്‌സ നിരയിലെ ഏറ്റവും പഴയ മോഡലായ സെഡൻ വാഹനമായ സിയാസ് മോഡലിന് മികച്ച ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്. മാരുതി സുസുക്കി സിയാസ് മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 28,000 രൂപ വരെയുള്ള കിഴിവുകളാണ് ലഭിക്കുന്നത്. മാത്രമല്ല, ഉപഭോക്താക്കൾക്ക് 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. കൂടുതൽ ഫീച്ചറുകളും അഡിഷണൽ പെയിന്റ് ഷേഡ് ഓപ്ഷനുകളും ഉപയോഗിച്ച് അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത സിയാസ്, ഈയിടെ മുഖം മിനുക്കിയ ഹോണ്ട സിറ്റി, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർട്ടസ്, വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായ് വെർണ തുടങ്ങിയ സെഡാനുകളോട് ആയിരിക്കും മത്സരിക്കുക.

2023 ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ മാരുതി ഫ്രോൻക്സ് കൂപ്പെ എസ്‌യുവിയും ജിംനി 5 ഡോർ എസ്‌യുവിയും അവതരിപ്പിച്ചിരുന്നു. ഇവ രണ്ടും യഥാക്രമം 11,000 രൂപയ്ക്കും 25,000 രൂപയ്ക്കും ടോക്കൺ തുകയ്ക്ക് ബുക്കിംഗ് ആരംഭിച്ചു. ജിംനി 5-ഡോർ 2023 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. ഏകദേശം 12 ലക്ഷം രൂപയായിരിക്കും വില. അതേസമയം 8 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയായിരിക്കും ഫ്രോൻക്സിന്റെ പ്രതീക്ഷിക്കുന്ന വില.