രാജ്യത്ത് ബൈക്ക് മോഷണം പെരുകുന്നു ; വാഹന ഉടമകള്‍ സ്വീകരിക്കേണ്ട പ്രധാന മുന്‍ കരുതലുകള്‍

രാജ്യത്ത് ബൈക്ക് മോഷണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ വർഷം മാത്രം 13.47 ദശലക്ഷം മോട്ടോർ സൈക്കിളുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. എന്നാൽ അതേസമയം, മെട്രോ നഗരങ്ങളിൽ ആയാലും ഗ്രാമ പ്രദേശങ്ങളിൽ ആയാലും ബൈക്കുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചുതന്നെ മോഷണങ്ങളും കൂടി വരികയാണ്. മോഷണം തടയാനുള്ള നിരവധി സാങ്കേതികവിദ്യകളുമായി പുതിയ കാറുകൾ എത്തിയതോടെ ബൈക്കുകളിലും ഇത്തരത്തിൽ സുരക്ഷാ മുൻകരുതലുമായി നിർമാതാക്കൾ എത്തിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള ബൈക്കുകൾക്ക് ഇവയുടെ സംരക്ഷണം ലഭിച്ചേക്കണമെന്നില്ല. അതിനാൽ മോഷണത്തിൽ നിന്ന് ബൈക്കുകളെ സംരക്ഷിക്കാൻ മറ്റ് വഴികൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

മോട്ടോർ സൈക്കിൾ മോഷണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ആന്റി-തെഫ്റ്റ് അലാറം ഇൻസ്റ്റാൾ ചെയ്യുന്നത്. ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്നതിലൂടെ ഒരാളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും മോട്ടോർ സൈക്കിൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ അറിയിക്കുന്നതിനുമുള്ള വളരെ ഫലപ്രദമായ മാർഗമാണ് അലാറം. ഇവ തിരഞ്ഞെടുക്കുമ്പോൾ സാധാരണയുള്ള കാർ അലാറത്തിൽ നിന്ന് വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്ന ആന്റി തെഫ്റ്റ് അലാറം തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വാഹനത്തിൽ ആന്റി തെഫ്റ്റ് അലാറം ഇൻസ്റ്റാൾ ചെയ്യുന്നതോടെ വാഹന മോഷണ ശ്രമം സമീപപ്രദേശങ്ങളിൽ ഉള്ള ആരുടെയെങ്കിലും ശ്രദ്ധയിൽ പെടും.അലാറത്തിന്റെ സെന്‍സിറ്റിവിറ്റി നന്നായി ട്യൂണ്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. നല്ല നിലവാരമുള്ള ആന്റി തെഫ്റ്റ് അലാറം ഓൺലൈനായോ ഓഫ്‌ലൈനായോ വാങ്ങാൻ സാധിക്കും.

പല പുതിയ മോട്ടോർസൈക്കിളുകളും ഒരു കിൽ സ്വിച്ചോടെയാണ് ഇപ്പോൾ എത്തുന്നത്.കിൽ സ്വിച്ച് ഇല്ലാത്ത വാഹനമാണ് നിങ്ങളുടേത് എങ്കിൽ ഒരെണ്ണം ഇൻസ്റ്റാൾ ചെയ്യുന്നത് ഗുണം ചെയ്യും. ഒരു സ്റ്റാർട്ടർ കിൽ സ്വിച്ച് സ്പാർക്ക് പ്ലഗുകളിൽ വൈദ്യുതി എത്തുന്നത് തടയുകയും മോട്ടോർസൈക്കിളിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നത് തടയുകയും ചെയ്യുന്നു. പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത സ്ഥലത്ത് വേണം കിൽ സ്വിച്ച് ഘടിപ്പിക്കാൻ. കിൽ സ്വിച്ച് ഓഫ് ചെയ്യാതെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല എന്നതിനാൽ ഇവ നിങ്ങളുടെ ബൈക്ക് മോഷ്ടിക്കപ്പെടുന്നത് തടയാൻ സഹായിക്കും.

മോട്ടോർ സൈക്കിൾ മോഷണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദവും പഴയതുമായ ഹാക്കുകളിൽ ഒന്നാണ് ഒന്നിലധികം ലോക്കുകൾ ഉപയോഗിക്കുന്നത്. മോട്ടോർസൈക്കിളിന്റെ ബിൽറ്റ്-ഇൻ ലോക്കുകൾക്ക് പുറമേ കുറഞ്ഞത് രണ്ടോ അതിലധികമോ ലോക്കുകൾ ഉപയോഗിക്കുന്നത് മോഷണം തടയാൻ സഹായിക്കും. ഹാൻഡിൽ ലോക്കുകൾ, ഡിസ്ക് ബ്രേക്ക് ലോക്കുകൾ, ഇഗ്നിഷൻ ലോക്കുകൾ, ഫോർക്ക് ലോക്കുകൾ എന്നിവ ഉപയോഗിക്കുന്നത് ബൈക്കിന് കൂടുതൽ സംരക്ഷണം നൽകുന്നു. ഹാൻഡിൽ ലോക്ക് മോട്ടോർസൈക്കിളിന്റെ ചലനത്തെ തടയുകയും ഡിസ്ക് ബ്രേക്ക് ലോക്ക് ചക്രങ്ങൾ കറങ്ങുന്നത് തടയുകയും ചെയ്യും. ഇഗ്നിഷൻ ഓഫാക്കി ലോക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഇഗ്നിഷൻ ലോക്ക് പ്രവര്‍ത്തിക്കുകയുള്ളൂ. അതേസമയം ഫോർക്ക് ലോക്ക് ചക്രങ്ങളുടെ ഫോർക്കുകൾ സുരക്ഷിതമാക്കുന്നു.

Read more

ഭാരമേറിയതും നിശ്ചലാവസ്ഥയില്‍ നില്‍ക്കുന്നതുമായ ഒരു വസ്തുവിനോട് ചേർന്ന് മോട്ടോർസൈക്കിൾ ലോക്ക് ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കുക. ഇത് മോഷണത്തിൽ നിന്ന് കൂടുതൽ സംരക്ഷണം ഉറപ്പാക്കും. കട്ടിയുള്ള ചെയിൻ അല്ലെങ്കിൽ കേബിൾ, പാഡ്‌ലോക്ക് എന്നിവ ഉപയോഗിച്ച് വേണം മോട്ടോർസൈക്കിൾ ലോക്ക് ചെയ്യാൻ. എളുപ്പത്തിൽ പൊട്ടിക്കാൻ സാധിക്കാത്ത നല്ല നിലവാരമുള്ള ലോക്കോ കേബിളോ ഉപയോഗിച്ച് വേണം ലോക്ക് ചെയ്യാൻ. വാഹനം ലോക്ക് ചെയ്തുകഴിഞ്ഞാൽ പൂട്ട് നിലത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം പൂട്ട് നിലത്താണെങ്കിൽ കള്ളന്മാർക്ക് ലോക്ക് എളുപ്പത്തിൽ തകർക്കാൻ സാധിക്കും. ലോക്ക് നിലത്തുനിന്ന് ഉയരത്തിൽ ആണെങ്കിൽ എളുപ്പത്തിൽ പൂട്ട് തകർക്കാൻ സാധിക്കില്ല. ഇതുകൂടാതെ ചിലർ വാഹനം ലോക്ക് ചെയ്താൽ താക്കോൽ എടുക്കാനും മറക്കാറുണ്ട്. ഇതും മോഷണത്തിലേക്ക് വഴിയൊരുക്കാറുണ്ട്.