ആഭ്യന്തര, ആഗോള വിപണികൾക്കായി ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി പുതിയ മോട്ടോർസൈക്കിളുകളിൽ പ്രവർത്തിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നായ റോയൽ എൻഫീൽഡ്. ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ വരും മാസങ്ങളിൽ അരങ്ങേറും. കൂടാതെ ഒരു ഓൾ ഇലക്ട്രിക് ADV-യും പദ്ധതിയിലുണ്ട്. റോയൽ എൻഫീൽഡിൽ നിന്ന് വരാനിരിക്കുന്ന വലിയ ബൈക്കുകൾ നോക്കാം.
റോയൽ എൻഫീൽഡ് ഹിമാലയൻ 750 : വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 750-യുടെ അലോയ് വീലുകളുടെ പരീക്ഷണം അടുത്തിടെ നടന്നിരുന്നു. ഇത് ADV-യുടെ ടൂറിംഗ്-ഓറിയന്റഡ് പതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹിമാലയൻ 750, നിലവിലെ 650 സിസി യൂണിറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ ഇരട്ട സിലിണ്ടർ 750 സിസി എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് നൽകുന്നത്. പവർ ഔട്ട്‌പുട്ട് കണക്കുകൾ വ്യക്തമല്ലെങ്കിലും ഇതിന് 650 സിസി എഞ്ചിനേക്കാൾ ഗണ്യമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് 60 bhp-യിൽ കൂടുതൽ കരുത്തും 60 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്.
റോയൽ എൻഫീൽഡ് ഹിമാലയൻ ഇലക്ട്രിക്: ഹിമാലയൻ ADV യുടെ ഓൾ -ഇലക്ട്രിക് പതിപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ നിർമ്മാണ ഘട്ടത്തിലുള്ള പ്രോട്ടോടൈപ്പ് നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അടുത്ത 18 മാസത്തിനുള്ളിൽ ഹിമാലയൻ ഇലക്ട്രിക് വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവശത്ത് യുഎസ്ഡി ഫോർക്കുകൾ, ഇരുവശത്തും ഡിസ്ക് ബ്രേക്കുകൾ, ഓഫ്-റോഡ് സ്പെക്ക് ടയറുകളുള്ള സ്പോക്ക് വീലുകൾ, ഒരു പുതിയ ചതുരാകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഹിമാലയൻ ഇലക്ട്രിക്കിന്റെ പ്രധാന ഹൈലൈറ്റുകൾ. റോയൽ എൻഫീൽഡ് ഇ-ഹിമാലയൻ 14 kWh ബാറ്ററി പായ്ക്ക്, ഓൺ-ബോർഡ് ചാർജർ എന്നിവയുമായി വരും എന്നാണ് റിപോർട്ടുകൾ. ഏകദേശം 100 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോറുമായി ഇത് ജോടിയാക്കാൻ സാധ്യതയുണ്ട്.
റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6 : റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഫ്ലൈയിംഗ് ഫ്ലീ C6 ന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് EICMA 2025 ൽ അനാച്ഛാദനം ചെയ്യും. ഈ ഇരുചക്ര വാഹനം ഈ വർഷം ആദ്യം ഇന്ത്യയിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തിരുന്നു. അടുത്ത വർഷം, അതായത് 2026 ൽ മോഡൽ വിൽപ്പനയ്‌ക്കെത്തും. 100-150 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന വാഹനം, 300 സിസി ICE മോട്ടോർസൈക്കിളിന് തുല്യമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് ബൈക്കിന് ഇരുവശത്തും 19 ഇഞ്ച് അലോയ് വീലുകളും ഡിസ്ക് ബ്രേക്കുകളുമുണ്ട്. പിൻ സസ്‌പെൻഷൻ ഒരു മോണോ-ഷോക്ക് യൂണിറ്റാണ്. കൂടാതെ ഇലക്ട്രിക് ബൈക്ക് ഒരു ബെൽറ്റ്-ഡ്രൈവ് സിസ്റ്റവും ഉപയോഗിക്കുന്നു.
റോയൽ എൻഫീൽഡ് ഹൈബ്രിഡ് മോട്ടോർസൈക്കിൾ : റോയൽ എൻഫീൽഡിൽ നിന്നുള്ള ഒരു പുതിയ 250 സിസി ഹൈബ്രിഡ് മോട്ടോർസൈക്കിൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. ഹൈബ്രിഡ് സജ്ജീകരണവുമായി ജോടിയാക്കിയ CFMoto യുടെ 250 സിസി എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക. ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിളായിരിക്കും ഇത്. ഹണ്ടർ 350 ന് താഴെയായിരിക്കും ഈ മോഡൽ സ്ഥാനം പിടിക്കുക. പ്രോജക്റ്റിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ നിലവിൽ കുറവാണെങ്കിലും, ഹൈബ്രിഡ് മോട്ടോർസൈക്കിൾ ലിറ്ററിന് ഏകദേശം 50 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ 250 സിസി പ്ലാറ്റ്‌ഫോമിന് ‘V’ എന്ന കോഡ് നാമമാണ് നൽകിയിരിക്കുന്നത്. ഏകദേശം 1.30 ലക്ഷം രൂപ (എക്സ്-ഷോറൂം) യാണ് വില പ്രതീക്ഷിക്കുന്നത്.







