ഒരിക്കൽ കൂടി വിപണിയിൽ എത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ബൈക്കുകൾ

ബൈക്ക്, മോട്ടോർ സൈക്കിൾ എന്നീ പേരുകളിൽ നമ്മൾ വിളിക്കുന്ന ഇരുചക്ര വാഹനങ്ങൾ പലർക്കും ജീവന് തുല്യമായിരിക്കും. ഒരു യന്ത്രത്തിന് അപ്പുറത്തേക്ക് സ്വന്തം കൂടെപ്പിറപ്പിനെ പോലെയാണ് സന്തതസഹചാരിയായ ആ വാഹനങ്ങളെ പലരും സ്നേഹിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വാങ്ങി ഇപ്പോഴും അവ നല്ല രീതിയിൽ ആ കാലഘട്ടത്തിന്റെ ഓർമയായി കൊണ്ടുനടക്കുന്നവരും കുറവല്ല. പലർക്കും ആദ്യമായി വാങ്ങിയ വാഹനങ്ങളോട്, പ്രത്യേകിച്ച് ബൈക്കുകളോട് ഒരു പ്രത്യേക സ്നേഹമുണ്ടാകും. അവയെല്ലാം ഇതിനോടകം നിർത്തലാക്കിയവ ആയിരിക്കുമെങ്കിലും പഴയ മോഡലിൽ തന്നെ ഒരിക്കൽ കൂടി തിരികെ വന്നാൽ അവ വാങ്ങാൻ ആഗ്രഹിക്കുന്നവരുണ്ടാകും. ഇന്ന് ഉത്പാദനത്തിനില്ലെങ്കിലും പലരും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്ന ചില മോട്ടോര്‍സൈക്കിള്‍ മോഡലുകളുണ്ട്. നിര്‍മാതാക്കള്‍ പുനരവതരിപ്പിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്ന ചില ബൈക്കുകളുണ്ട്.

ഹീറോ കരിസ്മ R : ഇന്ത്യന്‍ വാഹനവിപണിയില്‍ ബജറ്റ് സ്‌പോര്‍ട്‌സ് ബൈക്കുകളെ കുറിച്ച് അധികം കേട്ടുകേൾവിയില്ലാത്ത സമയത്തായിരുന്നു കരിസ്മ R മോട്ടോര്‍സൈക്കിളിന്റെ വരവ്. മികച്ച ലുക്കിലാണ് ഇവ എത്തിയതെങ്കിലും ഇന്ത്യയില്‍ അത്ര സുപരിചിതമായ രൂപഘടനയുമായിട്ടല്ല ഈ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ എത്തിയത്. അതേസമയം, അന്നത്തെ ടൂവീലര്‍ മാര്‍ക്കറ്റില്‍ എതിരാളികളില്ലാതെ വിലസിയ ബജാജ് പള്‍സര്‍ 220F-ന്റെ കുതിപ്പിന് തടയിടാന്‍ കരിസ്മക്ക് സാധിച്ചു. 17 bhp പവറും 19 Nm ടോര്‍ക്കും പുറപ്പെടുവിച്ച കരിസ്മയുടെ 223 സിസി എഞ്ചിന്‍ റൈഡര്‍മാര്‍ക്ക് ത്രില്ലിംഗ് അനുഭവങ്ങള്‍ സമ്മാനിച്ചു എന്ന് മാത്രമല്ല ടൂറിംഗിന് പറ്റിയ താങ്ങാവുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായി പേരെടുക്കുകയും ചെയ്തു. എന്നാലിപ്പോൾ പുതിയ രൂപത്തില്‍ ഹീറോ കരിസ്മ പുനരവതരിക്കാന്‍ പോകുകയാണെന്നാണ് ചില റിപോർട്ടുകൾ പറയുന്നത്. 223 സിസി എഞ്ചിന് പകരം 210 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായിട്ടാകും കരിസ്മയുടെ വരവ്.

യമഹ RX100 : ഒരു തലമുറയുടെ മൊത്തം രോമാഞ്ചമായിരുന്നു ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ക്ലാസിക് മോട്ടോര്‍സൈക്കിളായിരുന്നു 98 സിസി ടു-സ്‌ട്രോക്ക് എഞ്ചിന്‍ കരുത്ത് പകര്‍ന്നിരുന്ന യമഹ RX100 . ഇന്നും പൊന്നും വില കൊടുത്താണ് പലരും സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ നിന്നും സ്വന്തമാക്കുന്നത്. ഇതിലൂടെ തന്നെ ഇവയുടെ റങ്ങും മനസ്സിലാക്കാവുന്നതേയുള്ളൂ. നിരത്തുകളെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്തിലൂടെയാണ് ഇവ ബൈക്ക് പ്രേമികളുടെ മനസിൽ കയറിപറ്റിയത്. യമഹ RX100 ഒരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യമഹ R3: ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഒരു ബൈക്ക് ആയിരുന്നു യമഹ R3. 2015-ല്‍ 3.25 ലക്ഷം രൂപയായിരുന്നു ഈ മോട്ടോര്‍ സൈക്കിളിന്റെ എക്‌സ്-ഷോറൂം വില. പാരലല്‍-ട്വിന്‍ എഞ്ചിന്‍ ആയിരുന്നു ഇതിന് കരുത്തേകിയിരുന്നത്. വലിയ എഞ്ചിനുള്ള കെടിഎം RC 390-ന് ഇത് എതിരാളിയായി മാറി. എന്നാല്‍ മോട്ടോര്‍സൈക്കിന്റെ ഉയര്‍ന്ന വിലയാണ് അതിന് വിനയായത്. ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നതോടെയാണ് യമഹ R3 ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിൻവലിക്കപ്പെട്ടത്.

CBR150R : കുറഞ്ഞ ശേഷിയിലുള്ള ലിക്വിഡ് കൂള്‍ഡ് സൂപ്പര്‍ സ്പോർട്സ് ബൈക്ക് സെഗ്‌മെന്റിലെ പ്രിയതാരമായിരുന്നു യമഹ R15. R15ന് എതിരെ CBR150R എന്ന കഴിവുറ്റ മോഡലിലൂടെയാണ് ഹോണ്ട മറുപടി നൽകിയത്. പോരാട്ടം ഏറെ നാള്‍ തുടർന്ന് പോയെങ്കിലും ഹോണ്ട ആക്ടിവ അടക്കമുള്ള ബെസ്റ്റ് സെല്ലേഴ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ CBR150R ന്റെ ജനപ്രീതി മങ്ങിത്തുടങ്ങി. മോട്ടോര്‍സൈക്കിളിന്റെ 149 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 17.1 bhp പവറും 14.4 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചിരുന്നു. 2016-ല്‍ മോട്ടോര്‍സൈക്കിളിന്റെ മുഖം മിനുക്കി ചില അപ്‌ഡേറ്റുകള്‍ നല്‍കുകയും ചെയ്തു.