ബജാജിന്റെ പുത്തൻ ചേതക് ഇവി വിപണിയിൽ

സ്‌കൂട്ടറുകളൊന്നും ഇന്നത്തേത് പോലെ ജനപ്രീതിയാർജിക്കാത്ത ഒരു കാലത്താണ് ബജാജിന്റെ ചേതക്ക് എന്ന ഇതിഹാസ മോഡൽ നിരത്തുകൾ കീഴടക്കിയത്. ബജാജിനെ ബജാജാക്കി മാറ്റിയത് പൾസർ ആണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ ബജാജ് എന്ന കമ്പനി ജനഹൃദയങ്ങളെ കീഴടക്കിയത് ചേതക്ക് എന്ന സ്കൂട്ടറിലൂടെയായിരുന്നു. ഒരു സമയത്ത് ബജാജ് ആയിരുന്നു ഇന്ത്യൻ സ്കൂട്ടർ വിപണി കൈപിടിയിലാക്കിയിരുന്നത്. വർഷങ്ങൾക്കിപ്പുറം ചേതക് മൺമറഞ്ഞെങ്കിലും ഇലക്ട്രിക്ക് വാഹന വിപണി ഉണർന്നതോടെ ചേതക്കിനെ ഇലക്ട്രിക്ക് സ്കൂട്ടർ വേഷത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 2019-ൽ അവതരിപ്പിച്ച ‘ചേതക് ഇവി’ ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വാഹന വിപണിക്ക് പ്രീമിയം മുഖം സമ്മാനിച്ചു.

പുതിയ ചില മാറ്റങ്ങളോടെ 2023 മോഡൽ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ബജാജ്. നിരവധി സവിശേഷതകളും കൂടുതൽ റേഞ്ചും ഉറപ്പാക്കിക്കൊണ്ടാണ് ചേതക് ഇവി ഇനി നിരത്തുകളിൽ ഓടുക. 2023 മോഡൽ ബജാജ് ചേതക്കിന് 1.52 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. നിലവിലുണ്ടായിരുന്ന മോഡലിനെയും കമ്പനി അതേപടി വിപണിയിൽ നിലനിർത്തിയിട്ടുമുണ്ട്. 1.22 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില. പുത്തൻ 2023 ചേതക് ഇലക്ട്രിക്കിൽ ഡിസൈൻ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും പുതുമ നിലനിർത്താൻ സൂക്ഷ്മമായ സ്റ്റൈലിംഗ് പരിഷ്‌ക്കരണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മാറ്റ് കോർസ് ഗ്രേ, മാറ്റ് കരീബിയൻ ബ്ലൂ, സാറ്റിൻ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളിലാണ് ഇലക്ട്രിക് സ്കൂട്ടർ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കൂടാതെ പുത്തൻ ഇവിക്ക് വലിയ എൽസിഡി ഡിജിറ്റൽ കൺസോളും കമ്പനി നൽകുന്നുണ്ട്.

പഴയ മോഡലിനെ ഓർമപ്പെടുത്തുന്നതിനായി വൃത്താകൃതിയിലുള്ള ഡിസൈനിൽ തന്നെയാണ് എൽസിഡി ഡിജിറ്റൽ കൺസോൾ . പ്രീമിയം ടു-ടോൺ സീറ്റ്, ബോഡി-കളർ റിയർ വ്യൂ മിററുകൾ, സാറ്റിൻ ബ്ലാക്ക് ഗ്രാബ് റെയിൽ, പില്യൺ ഫുട്‌റെസ്റ്റ് കാസ്റ്റിംഗുകൾ എന്നിവയും ഇ-സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളാണ്. ചാർക്കോൾ ബ്ലാക്ക് നിറത്തിൽ ഹെഡ്‌ലാമ്പ് കേസിംഗ്, ഇൻഡിക്കേറ്ററുകൾ, സെൻട്രൽ ട്രിം ഘടകങ്ങൾ എന്നിവ നൽകിയിരിക്കുന്നത് മോഡലിന് പുതുമ സമ്മാനിക്കുന്നവയാണ്. ബാറ്ററി ശേഷി സമാനമായിരിക്കുമെങ്കിലും സോഫ്‌റ്റ്‌വെയറിലും കൺട്രോളർ അൽഗോരിതങ്ങളിലും സൂക്ഷ്മമായ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. 108 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ സ്കൂട്ടറിന് കഴിയും. ഡ്രൈവ് സൈക്കിൾ പ്രകാരം 90 കിലോമീറ്റർ വരെ റേഞ്ച് ചേതക് ഇവി ഉറപ്പായും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

വില കൂടുതലും മൈലേജ് കുറവുമാണെന്ന ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന പോരായ്മയാണ് ബജാജ് മാറ്റിയിരിക്കുന്നത്. ബാറ്ററിയുടെ വലിപ്പം 2.88 kWh ശേഷിയിൽ അതേപടി തുടരുകയാണ്. ഇത് 5.3 bhp കരുത്തിൽ പരമാവധി 20 Nm torque വരെ വികസിപ്പിക്കുന്ന അതേ PMS മോട്ടോറിൽ നിന്നാണ് പവർ കൈമാറുന്നത് .2023 ബജാജ് ചേതക് ഇവിയിൽ ഓൾ-മെറ്റൽ ബോഡി നിർമാണം തന്നെയാണ് തുടർന്നുപോവുന്നത്. ഓൺബോർഡ് ചാർജറും ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡായി ലഭിക്കും. ഏകദേശം നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സഹായിക്കുന്ന യൂണിറ്റാണിത്.  2023 മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ചേതക് ഇപ്പോൾ ബുക്ക് ചെയ്യാൻ അവസരമുണ്ട്. വാഹനത്തിന്റെ ഡെലിവറികൾ ഏപ്രിൽ മുതൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.