കുറയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടിവരുന്ന ശീലം അതാണ് പുകവലി ; പുകവലി നിര്‍ത്താന്‍ ഇതാ 10 മാര്‍ഗ്ഗങ്ങള്‍

ഞാന്‍ ഒരുപാട് ശ്രമിച്ചു, പക്ഷെ നിര്‍ത്താന്‍ കഴിയുന്നില്ല… പുകവലിക്കാരുടെ സ്ഥിരം ഡയലോഗാണിത്. ഒരോ തവണ പായ്ക്കറ്റില്‍ നിന്ന് സിഗരറ്റ് എടുക്കുമ്പോഴും കാണാം പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന താക്കീത്. എന്നാലും പുകവലിക്ക് അടിമപ്പെട്ടാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പ്രയാസമാണ്. കുറയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടിവരുന്ന ശീലം അതാണ് പുകവലി. പുകവലിയെ വേരോടെ പിഴുതെറിയാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ശരീരത്തിന് ദോഷം ചെയ്യാതെ പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതാ…

1) തന്നെക്കുറിച്ച് മാത്രം ചിന്തിക്കുക

അവനവനെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യനെ പല കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്താനും ഇതൊരു മാര്‍ഗ്ഗമായി സ്വീകരിക്കാം. തന്നെക്കുറിച്ചും , തന്റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. കൂടാതെ പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്റെ പിന്തുണകൂടെയുണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമം ഫലവത്താകും.

2) ഉറച്ചതീരുമാനം

പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം.എന്നാല്‍ മാത്രമെ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കും ഫലത്തിന്റെ വേഗതയെ കൂട്ടുന്നത്.

3) കാരണത്തെ തിരിച്ചറിയുക

പുകവലിക്കാന്‍ തുടങ്ങിയതിന്റെ കാരണത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് പുകവലി കുറയ്ക്കുന്നതിന് ആക്കം കൂട്ടും. പലപ്പോഴും പരിഹരാക്കാന്‍ കഴിയുന്ന കാരണമായിരിക്കും നമ്മള്‍ അറിഞ്ഞോ അറിയാതെയോ തുടങ്ങിയ ദുശ്ശീലത്തിന്റെ പുറകിലുണ്ടാവുക. ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം രണ്ടിരട്ടിയാകും.

4) ഒരു ചെറിയ പഫ് പോലും എടുക്കില്ല

ഒരു ചെറിയ പഫ് പോലും എടുക്കില്ലെന്ന തീരുമാനമാണ് ഏതൊരു സ്ഥിരം പുകവലിക്കാരനും എടുക്കേണ്ടത്. എന്നാല്‍ പുകവലിക്കാന്‍ തോന്നല്‍ ഉണ്ടാകുന്ന ഓരോ വ്യക്തിക്കുമുണ്ടാകുന്ന ചിന്ത, ഒരു സിഗരറ്റ് വലിച്ചതുകൊണ്ട് മാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ്. പക്ഷെ ഒരു ചെറിയ പഫ് പോലും നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുമെന്നതാണ് സത്യം.

5) പുകവലി വിരുദ്ധ ഫോറങ്ങളില്‍ ചേരുക

പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും.

6) ഇപ്പോള്‍ വേണ്ടെന്ന് ചിന്ത

പുകവലിക്കാന്‍ തോന്നുന്ന ഓരോ നിമിഷവും നാം നമുക്ക് തന്നെ കെണിയൊരുക്കുകയാണ്. പുകവലിക്കാന്‍ തോന്നുമ്പോള്‍ ഇപ്പോള്‍ വേണ്ടെന്ന് ചിന്തിക്കുക. ഇത് ഓരോ സിഗററ്റെടുക്കുന്നതിന്റെയും സമയപരിധി കൂട്ടും. നിരന്തരം വലിക്കുക എന്ന ശീലത്തില്‍ നിന്ന് വല്ലപ്പോഴും ഒരിക്കല്‍ എന്ന ചിന്തയിലേക്ക് മാറിത്തുടങ്ങാന്‍ ഇത് സഹായിക്കും.

7) ദുശ്ശീലങ്ങള്‍ക്കു പകരം, നല്ലശീലങ്ങള്‍

മിക്കവരും മാനസ്സിക സമ്മര്‍ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

8) കൗണ്‍സിലിങ് തേടുക

പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ മാര്‍ഗ്ഗമേതെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.

9) കര്‍മ്മനിരതരാകുക

മറ്റു പ്രവൃത്തികളില്‍ കര്‍മ്മനിരതരാകുക എന്നതും പുകവലി ഉപേക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. പുകവലി ശീലത്തെ മറക്കുന്നതിന് ഇത്തരം മാര്‍ഗ്ഗങ്ങള്‍ സഹായിക്കും. നടക്കാനിറങ്ങുന്നതും, കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതും, പഠിക്കാനിഷ്ടമുള്ള കാര്യങ്ങളില്‍ വ്യാപൃതനാകുന്നതും നല്ലതാണ്.

10) ബദല്‍മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക

പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.