നിങ്ങളിലെ ഈ ശീലങ്ങൾ വൃക്കകളെ തകരാറിലാക്കും !

ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും മറ്റും അരിച്ചെടുക്കുകയും അവ പുറന്തള്ളുകയുമാണ് വൃക്കയുടെ പ്രധാന ജോലി. ഇതോടൊപ്പം ശരീരത്തിന് ആവശ്യമില്ലാത്ത ജലം, ലവണം, ഉഷ്ണ, ദ്രാവകങ്ങൾ എന്നിവയെല്ലാം മൂത്രത്തിലൂടെ പുറത്തേക്ക് കളയുകയും ചെയ്യുന്നു. വൃക്കയ്ക്ക് തകരാർ സംഭവിക്കുകയാണെങ്കിൽ അതിനോടനുബന്ധിച്ച് ചില സൂചനകള്‍ ശരീരം നമുക്ക് നൽകാറുണ്ട് . എന്നാൽ ഇവയെപ്പറ്റിയുള്ള ശരിയായ അവബോധം ഇല്ലാത്തതു കാരണം പല ആളുകളും ഈ സൂചനകൾ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. ഇനി പറയുന്ന ചില ശീലങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. അതിനാൽ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്.

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍ : ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ അവ വൃക്കകളെ സാരമായി ബാധിക്കും. ശരീരത്തിൽ ജലാംശം നിലനിര്‍ത്തേണ്ടത് വൃക്കകളുടെ ആരോഗ്യത്തിന് അത്യവശ്യമായ ഒരു കാര്യമാണ്. കാരണം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് സോഡിയവും മറ്റ് വിഷവസ്തുക്കളും പുറന്തള്ളാന്‍ സാധിക്കും. വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാതിരിക്കാനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ആരോഗ്യകരമായ വൃക്കകളുള്ളവര്‍ ദിവസം 3-4 ലീറ്റര്‍ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ വൃക്കകള്‍ക്ക് പ്രശ്നമുള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വെള്ളം കുടിക്കേണ്ടതാണ്.

സംസ്കരിച്ച ഭക്ഷണം ദിവസവും കഴിക്കുന്നത് : സംസ്കരിച്ച ഭക്ഷണം ദിവസേന കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. സോഡിയവും ഫോസ്ഫറസും അമിതമായി അടങ്ങിയ സംസ്കരിച്ച ഭക്ഷണം വൃക്കരോഗങ്ങളുള്ളവരെ പ്രതികൂലമായി ബാധിച്ചേക്കാം. വൃക്ക രോഗം ഇല്ലാത്തവരിലും സംസ്കരിച്ച ഭക്ഷണ വിഭവങ്ങളുടെ ദിവസേനയുള്ള ഉപയോഗം ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കയിലുള്ള പ്രശ്നങ്ങള്‍, പ്രമേഹം എന്നിവയ്ക്കും കാരണമാകാം.

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത്: നല്ല ഉറക്കം ലഭിക്കാത്തത് വൃക്കകളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. കാരണം രാത്രിയില്‍ നമ്മൾ ഉറങ്ങുമ്പോഴാണ് വൃക്കകള്‍ ശരീരത്തിന്‍റെ ശുദ്ധീകരണപ്രക്രിയ നടത്തുന്നത്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയും തെറ്റായ ഉറക്കസമയങ്ങളും വൃക്കകളുടെ ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും.

പുകവലി : വൃക്കനാശത്തിന്‍റെ ലക്ഷണമായ മൂത്രത്തില്‍ പ്രോട്ടീന്‍ വരുന്ന അവസ്ഥ പുകവലിക്കാരിലാണ് കൂടുതല്‍ കാണപ്പെടുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാൽ ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല പുകവലി വൃക്കകളെയും തകരാറിലാക്കും.

അമിതമായ മദ്യപാനം : ദിവസം നാല് ഡ്രിങ്കില്‍ അധികം കഴിക്കുന്നത് ക്രോണിക് കിഡ്നി രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി നിരവധി പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നു. മദ്യപാനം പരിധി വിടുന്നതോടെ യൂറിക് ആസിഡ് ഉൽപാദനത്തിന്‍റെ തോത് ഉയരുകയും അവ വൃക്കകളെ ബാധിച്ച് തുടങ്ങുകയും ചെയ്യും. പുകവലി,മദ്യപാനം എന്നിവ ശീലമാക്കിയവരിൽ വൃക്കകള്‍ പലപ്പോഴും അപകടാവസ്ഥയിലായിരിക്കും.

വേദനസംഹാരികളുടെ അമിതമായ ഉപയോഗം : അമിതമായ വേദനസംഹാരികളുടെ ഉപയോഗം വൃക്കകളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. ചെറിയ ഒരു തലവേദനയ്‌ക്കോ തൊണ്ടവേദനയ്‌ക്കോ ഡോക്ടറെ കാണാതെ തന്നെ സ്വയം ചികിത്‌സ നടത്താൻ വേദന സംഹാരികളും ആന്‍റിബയോട്ടിക്കുകളുമെല്ലാം വാങ്ങി കഴിക്കുന്നത് വൃക്കകൾക്ക് നാശം വരുത്തും.

ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് :അമിതമായ അളവിൽ ഉപ്പ് ചേർത്തുള്ള ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദം ഉയർത്തും. വൃക്കകളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. അതിനാൽ ഭക്ഷണത്തിൽ ഉപ്പിന് ഉപയോഗിക്കുന്നതിന് പകരം സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

അമിതമായ പഞ്ചസാര: അമിതമായി പഞ്ചസാര, കുക്കികൾ മറ്റ് മധുര പദാർത്ഥങ്ങളുടെ ഉപയോഗം പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രമേഹം വൃക്കകളെ ദോഷമായി ബാധിക്കുന്ന ഒന്നാണ്.

അമിതമായി മാംസം കഴിക്കുന്നത് : മാംസം അമിതമായി കഴിക്കുന്നത് ചിലരിൽ വൃക്കകളെ അപകടത്തിലാക്കും. മാംസത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ രക്തത്തില്‍ ഉയര്‍ന്ന തോതിലുള്ള ആസിഡിന് കാരണമാകും. ഇത് അസിഡോസിസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. രക്തത്തില്‍ നിന്ന് വൃക്കകള്‍ക്ക് ആസിഡുകള്‍ നീക്കം ചെയ്യാന്‍ കഴിയാതെ വരുന്ന ഒരു രോഗമാണ് അസിഡോസിസ്. മാംസത്തിനോടൊപ്പം പഴങ്ങളും പച്ചക്കറികളും കൂടി ചേരുന്ന സമീകൃത ആഹാരം വേണം കഴിക്കാൻ.

വ്യായാമം ചെയ്യാതിരിക്കുന്നത് :മറ്റൊന്നാണ് വ്യായാമം, ദീര്‍ഘനേരം ചലനങ്ങളൊന്നും ഇല്ലാതെ ഒരിടത്ത് തന്നെ ഇരിക്കുന്നത് വൃക്കകള്‍ക്ക് ദോഷം ചെയ്യും. വ്യായാമമില്ലാത്ത ജീവിതശൈലി വൃക്കകളെ അപകടപ്പെടുത്തും എന്നതിനാൽ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.