ഇന്ത്യയിലെ സിങ്ക്രണൈസ്ഡ് ലീഡ്ലസ് പേസ്മേക്കര്‍ ആദ്യ പ്രക്രിയകളില്‍ ഒന്ന് വിജയകരമായി നടത്തി ആസ്റ്റര്‍ മെഡ്സിറ്റി

രാജ്യത്ത് ആദ്യമായി സിങ്ക്രണൈസ്ഡ് ലീഡ്ലെസ് പേസ്മേക്കര്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആദ്യ പ്രക്രിയകളില്‍ ഒന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി നടത്തി. കയ്പ്പമംഗലം സ്വദേശി 63 കാരനായ ദിവാകരനിലാണ് തിങ്കളാഴ്ച രാത്രി അത്യാധുനിക മൈക്ര എ-വി ലീഡ്ലസ് പേസ്മേക്കര്‍, ശസ്ത്രക്രിയ കൂടാതെ വിജയകരമായി ഘടിപ്പിച്ചത്. ഹൃദയമിടിപ്പ് കുറഞ്ഞത് കാരണം തോളിന് സമീപം ചര്‍മ്മത്തിനടിയില്‍ ഘടിപ്പിക്കുന്ന സാധാരണ പേസ്മേക്കര്‍ 4 വര്‍ഷം മുമ്പ് ദിവാകരനില്‍ മറ്റൊരു ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ചിരുന്നു. രണ്ട് വയറുകള്‍ മൂലമാണ് ഇതിനെ ഹൃദയവുമായി ബന്ധിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ ഒരു വയര്‍ അസ്ഥികളുമായി അമര്‍ന്ന് പൊട്ടി. തുടര്‍ന്ന് പുതിയ വയര്‍ ഘടിപ്പിച്ചെങ്കിലും രണ്ടാമത്തെ വയറും സമാനമായി പൊട്ടുകയായിരുന്നു.

പുതിയ ലീഡ്ലസ് പേസ്മേക്കറിനെ കുറിച്ച് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍ ദിവാകരനോട് വിശദീകരിച്ചപ്പോള്‍ അദ്ദേഹം അതിന് തയ്യാറാകുകയായിരുന്നു. തുടര്‍ന്ന് പഴയ പേസ്മേക്കര്‍ നീക്കം ചെയ്തതിന് ശേഷമാണ് പുതിയ ലീഡ്ലസ് പേസ്മേക്കര്‍ ഘടിപ്പിച്ചത്.

ലീഡ്ലസ് പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിന് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഡോ. അനില്‍കുമാര്‍ ആര്‍ അറിയിച്ചു. സാധാരണ ആഞ്ജിയോഗ്രാഫിക്ക് സമാനമായ പ്രക്രിയയിലൂടെയാണ് ലീഡ്ലസ് പേസ്മേക്കര്‍ രോഗിയുടെ ഹൃദയത്തില്‍ ഘടിപ്പിച്ചത്. സാധാരണ പേസ്മേക്കര്‍ ഹൃദയത്തിലെ താഴത്തെ അറയില്‍ മാത്രമേ മിടിപ്പുണ്ടാക്കുകയുള്ളൂ. എന്നാല്‍ ലീഡ്ലസ് പേസ്മേക്കര്‍ ഹൃദയത്തിനകത്ത് ഘടിപ്പിക്കുന്നത് കാരണം മുകളിലത്തെയും താഴത്തെയും അറകളില്‍ മിടിപ്പുണ്ടാകുമെന്ന് ഡോ. അനില്‍കുമാര്‍ വ്യക്തമാക്കി. വെറും 45 മിനിറ്റെടുത്ത പ്രക്രിയയ്ക്ക് ശേഷം രോഗി ഊര്‍ജസ്വലത കൈവരിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം നടന്നുവെന്നും പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോ. പ്രവീണ്‍ ശ്രീകുമാര്‍ അറിയിച്ചു.