പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാഴ്ച പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താനാവാത്തതടക്കം ഒരുപാട് ചോദ്യങ്ങള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് മുന്നിലുണ്ട്. ഭീകരര്‍ എങ്ങനെ രാജ്യത്തിനകത്ത് എത്തി എന്നതും പഹല്‍ഗാമിലെത്തി ആക്രമണം നടത്തി എങ്ങനെ രക്ഷപ്പെട്ടുവെന്നതടക്കം സുരക്ഷ വീഴ്ച ചോദ്യങ്ങള്‍ ഉയരുമ്പോഴും പ്രതിപക്ഷത്തിന് ഉറക്കമില്ലാത്ത രാത്രികളെങ്ങനെ ഉണ്ടാക്കാമെന്നതാണ് പ്രധാനവേദികളില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നത്. കോണ്‍ഗ്രസ് ചോദ്യങ്ങളുന്നയിക്കുമ്പോള്‍ പാകിസ്താനോടാണ് അവര്‍ക്ക് കൂറെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി എന്നത് പാകിസ്താന്‍ വര്‍ക്കിംഗ് കമ്മിറ്റിയാണെന്നും പറഞ്ഞാണ് ചോദ്യങ്ങളെയെല്ലാം രാജ്യത്തെ ഭരണകൂടം നേരിടുന്നത്.
രാജ്യദ്രോഹത്തിന്റെ പേര് പറഞ്ഞു സര്‍ക്കാരിന് നേര്‍ക്കുണ്ടാകുന്ന ചോദ്യങ്ങളെയെല്ലാം എങ്ങനെ തടയിടാമെന്നതാണ് കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മോദി സര്‍ക്കാര്‍ കാണിച്ചുതരുന്നത്. പഹല്‍ഗാം ഭീകരാക്രമണമുണ്ടായതിന് പിന്നാലെ ഗവണ്‍മെന്റിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മിതത്വം പാലിച്ച പ്രതിപക്ഷം ദിവസങ്ങളിത്രയും കഴിഞ്ഞതോടെ സ്വാഭാവിക ചോദ്യങ്ങളിലേക്ക് കടന്നതോടെയാണ് പാകിസ്താന്‍ ചാരന്‍മാരാണ് ഇവരെന്ന് വരുത്തി തീര്‍ക്കാനുള്ള അതിദേശീയത തന്ത്രം നരേന്ദ്ര മോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഭരണമുന്നണി ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും കനത്ത സുരക്ഷയുള്ള പ്രദേശങ്ങളിലൊന്നായ പഹല്‍ഗാമിലെ ‘ഗുരുതരമായ സുരക്ഷാ, രഹസ്യാന്വേഷണ വീഴ്ചകള്‍ക്ക് സമയബന്ധിതമായ വിശദീകരണം കിട്ടിയേ മതിയാകൂ എന്ന് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നരേന്ദ്ര മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം ഭീകരവാദം മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനെ ഒറ്റപ്പെടുത്താനും കടുത്ത ശിക്ഷ നല്‍കാനും നരേന്ദ്ര മോദി സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു. പാകിസ്താനുമേല്‍ കടുത്ത ഉപരോധങ്ങളും സിന്ധുനദീതട കരാര്‍ റദ്ദാക്കലും അതിര്‍ത്തി അടയ്ക്കലുമടക്കം എല്ലാ നടപടികള്‍ക്കും ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഏവരും ഒറ്റക്കെട്ടായി നിന്നു.
എന്നാല്‍ കശ്മീരിലേക്ക് വന്നിറങ്ങുന്നതിന് പകരം ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ചെന്നിറങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനമന്ത്രിയെ ജനാധിപത്യപരമായി പ്രതിപക്ഷം വിമര്‍ശിക്കുക തന്നെ ചെയ്തു. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് വന്ന പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തി പ്രതിപക്ഷത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് ഇനിയെന്ന് പറഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അതിലെ രാഷ്ട്രീയവൈരുധ്യം ചോദ്യം ചെയ്തു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു ശേഷവും യഥാര്‍ത്ഥ ഭീഷണിയായ പാകിസ്ഥാനെ നേരിടുന്നതിനുപകരം പ്രതിപക്ഷ നേതാക്കളുടെ ഉറക്കം കെടുത്തുന്നതിലാണ് നമ്മുടെ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മോദിയുടെ മുന്‍ഗണനകള്‍ വളരെ വ്യക്തമാണെന്നും അത് തന്റെ യഥാര്‍ത്ഥ യജമാനനായ അദാനിയെ പ്രീതിപ്പെടുത്തുകയാണെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പിലും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിഴിഞ്ഞത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ചു വിമര്‍ശനം ഉന്നയിച്ചു. രാജ്യം മുഴുവന്‍ പാകിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും, പ്രധാനമന്ത്രി ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ ചുമതലകള്‍ ഓര്‍മ്മിപ്പിച്ച് നിങ്ങളുടെ ഉത്തരവാദിത്തം ചെയ്യാന്‍ നിങ്ങളെ ഞങ്ങള്‍ നിര്‍ബന്ധിതരാക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
നരേന്ദ്ര മോദിയുടെ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുമെന്ന പ്രസംഗം വലിയ ക്ഷീണമായതോടെ കാത്തിരുന്ന സംഘപരിവാറുകാര്‍ക്ക് മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരഞ്ജീത് സിങ് ചാന്നിയുടെ വാക്കുകള്‍ പാകിസ്താനിലേക്ക് പോകാന്‍ പറയാന്‍ കാരണമായി. 2019 ലെ പുല്‍വാമ സംഭവത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ആധികാരികതയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് ചരണ്‍ജിത് സിംഗ് ചന്നി ചോദിച്ച ചോദ്യമാണ് ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍, പുല്‍വാമ സംഭവത്തിന് ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് ചന്നി ചില ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് മറുപടിയ്ക്ക് പകരം പാകിസ്താന്‍കാരാണ് കോണ്‍ഗ്രസുകാര്‍ എന്ന പറച്ചിലിലേക്ക് ബിജെപി നേതാവിനെ എത്തിച്ചത്. 2019ല്‍ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയെന്ന് ഭരണംകൂടം പറയുന്നു. എന്ത് സംഭവിച്ചുവെന്ന് ആരും അറിഞ്ഞില്ല. സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ ആരും കണ്ടില്ല. ആരേയും അതിനെ കുറിച്ച് കൂടുതലായി ഒന്നും അറിയിച്ചിട്ടുമില്ല എന്നായിരുന്നു ചന്നി പറഞ്ഞത്.
Read more
പുറത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ്, അകത്ത് പാകിസ്ഥാന്‍ വര്‍ക്കിംഗ് കമ്മിറ്റിയാണ് എന്നാണ് ഇതിന് ബിജെപി നേതാവ് സാംബിത് പത്രയുടെ പ്രതികരണം. ഒപ്പം ഇത്തരമൊരു സമയത്ത് ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കുന്നത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുമെന്നും സാംബിത് പത്ര പറയുന്നു. ഒപ്പം കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയിയെ ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും സാംബിത് പത്രയും പാകിസ്താനിലേക്ക് പോയി 15 ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് ഇസ്ലാമാബാദില്‍ താമിസിച്ചുവെന്ന ഒരു ആരോപണവും ഉയര്‍ത്തുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യന്‍ പൗരന്മാരല്ലാത്ത മക്കളുള്ള കോണ്‍ഗ്രസ് നേതാവ് എന്ന ടാഗ് ലൈനിലാണ് പ്രചാരണം. നേരത്തെ സര്‍വ്വകക്ഷി യോഗത്തില്‍ മോദി പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ കാണാനില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതൃത്വത്തിന് നേര്‍ക്ക് ബിജെപി തിരിച്ചടിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി പാകിസ്താനൊപ്പമെന്ന് പറഞ്ഞാണ്.