ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഡമോക്ലസിന്റെ വാളായി മണ്ഡല പുനര്‍ നിര്‍ണയം?; ജനസംഖ്യ നിയന്ത്രണത്തിലെ നേട്ടം ബിജെപി തെക്കേ ഇന്ത്യക്കാരുടെ ശാപമാക്കി മാറ്റുമോ?

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്ന വാളായി ബിജെപിക്കാലത്തെ മണ്ഡലപുനര്‍നിര്‍ണയം നില്‍ക്കുന്നുവെന്ന് അടിക്കടി ഓര്‍മ്മപ്പെടുത്തുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്. കേന്ദ്രവിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന ഡിഎംകെ സര്‍ക്കാര്‍ തങ്ങളുടെ പാര്‍ലമെന്റിലെ നേട്ടങ്ങള്‍ ബിജെപി മണ്ഡല പുനര്‍ നിര്‍ണയത്തില്‍ വെട്ടിച്ചുരുക്കുമോയെന്ന ആധിയിലാണ്. കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഈ പേടി കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. കാരണം ബിജെപിയ്ക്ക് പിടിനല്‍കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് പ്രതികാര മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി- അമിത് ഷാ സര്‍ക്കാരിന് മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതികരണ ശേഷി കുറയ്ക്കാനുള്ള ആയുധമാക്കാന്‍ കഴിയും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ നിയന്ത്രണത്തിലടക്കമുള്ള നേട്ടങ്ങള്‍ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുമോയെന്ന ഭയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ഡിഎംകെ മേധാവി ഉയര്‍ത്തിയ ഭയം മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഭരണ- പ്രതിപക്ഷ പാര്‍ട്ടികളില്‍ പ്രതിഫലിക്കുന്നുണ്ട്. പാര്‍ലമെന്റിലെ മൊത്തം സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമില്ലാതെയാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെങ്കില്‍ ജനസംഖ്യ കുറവായതിനാല്‍ തങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന ഭയം തമിഴ്‌നാടിനും കേരളത്തിനുമെല്ലാം ഉണ്ട്. ഡമോക്ലസിന്റെ വാള് പോലെ ഈ ഭീഷണി തങ്ങളുടെ തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുന്നുവെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കറിയാം.

കുടുംബാസൂത്രണ നടപടികള്‍ മൂലം തമിഴ്നാടിന്റെ പാര്‍ലമെന്റ് സീറ്റുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാലിന്‍ തന്റെ ഭയം തുറന്നുപറഞ്ഞിരുന്നു. നിയോജക മണ്ഡലങ്ങളുടെ അതിരുകള്‍ നിര്‍ണയിക്കുകയും അവയുടെ എണ്ണം തീരുമാനിക്കുകയും ചെയ്യുന്ന ഡീലിമിറ്റേഷന്‍ പുതിയ സെന്‍സസിന് ശേഷം നടക്കുമെന്നാണ് പറയുന്നത്. സെന്‍സസ് വൈകിയതിന് പിന്നാലെ മണ്ഡലപുനര്‍ നിര്‍ണയവും വൈകി. നേരത്തെ നിശ്ചയിച്ച ഡീലിമിറ്റേഷന്‍ കലണ്ടര്‍ അനുസരിച്ച്, 2026-ല്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന അതേ വര്‍ഷം തന്നെ മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാകേണ്ടതായിരുന്നു.

2023 ഒക്ടോബറില്‍, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു റാലിയെ അഭിസംബോധന ചെയ്യവേ കോണ്‍ഗ്രസിന്റെ ‘ജിത്‌നി ആബാദി, ഉത്‌ന ഹഖ്’ എന്ന മുദ്രാവാക്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡീലിമിറ്റേഷന്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചിരുന്നു. ജനസംഖ്യയ്ക്ക് അനുസരിച്ച് അവകാശങ്ങളും വലുതായിരിക്കും എന്ന ആ മുദ്രാവാക്യം കോണ്‍ഗ്രസിനെ തന്നെ കടന്നാക്രമിക്കാന്‍ മോദി തിരഞ്ഞെടുത്തു. അടുത്ത ഡീലിമിറ്റേഷനെക്കുറിച്ചാണ് രാജ്യം ഇപ്പോള്‍ സംസാരിക്കുന്നതെന്നും ജനസംഖ്യ കുറവുള്ളിടത്തെല്ലാം ലോക്സഭാ സീറ്റുകള്‍ കുറയുകയും ജനസംഖ്യ കൂടുതലുള്ളിടത്ത് ലോകസ്ഭാ സീറ്റുകള്‍ ഉയരുകയും ചെയ്യുമെന്ന്് മോദി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കുഴപ്പത്തിലാക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രാജ്യത്താകമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചവയാണ്. ജനസംഖ്യാനുപാതികമായ അവകാശങ്ങള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ രാജ്യം നിഷ്‌കര്‍ഷിച്ച പുരോഗതി കൈവരിച്ച സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ കൈമോശം വരുകയും കുടുംബാസൂത്രണമടക്കം പുരോഗമനപരമായ കാര്യങ്ങള്‍ ഒട്ടും പരിഗണിക്കാതെ ജനസംഖ്യ നിയന്ത്രിക്കാനാകാതെ സാമൂഹിക പരിസരം മികച്ചതാക്കാനോ അടിസ്ഥാന വിദ്യാഭ്യാസത്തില്‍ മുന്നേറാനോ സാമൂഹിക- സാമ്പത്തിക പരിസരങ്ങളില്‍ മുന്നേറാനോ കഴിയാത്ത സംസ്ഥാനങ്ങള്‍ പ്രത്യൂല്‍പാദന എണ്ണത്തിന്റേയും ആളെണ്ണത്തിന്റേയും കണക്കില്‍ രാജ്യത്തെ പാര്‍ലമെന്റിലെ സിംഹഭാഗവും കയ്യടക്കുന്ന സ്ഥിതിവിശേഷമുണ്ടാകും. അതായത് ബിജെപിയെ സംബന്ധിച്ച് ബാലികേറാമലയായി മാറിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ എണ്ണത്തിന്റെ കണക്കില്‍ വീഴ്ത്താന്‍ പറ്റുന്ന അവസരമാണിത്.

പിന്നാക്കാവസ്ഥയിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ വോട്ട് ബാങ്ക് നിലനിര്‍ത്തി ദക്ഷിണേന്ത്യയില്‍ നിന്നുള്ള എതിര്‍പ്പുകളുടെ എണ്ണം കുറയ്ക്കാനാകും. അതായത് ജനസംഖ്യയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ സാമൂഹികാവസ്ഥയിലും വിദ്യാഭ്യാസത്തിലുമെല്ലാം പിന്നാക്കം നില്‍ക്കുന്ന ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനത്ത് നിലവിലുള്ള 80 സീറ്റുകളില്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ലോക്സഭയുടെ അംഗബലം വര്‍ധിപ്പിക്കാതെ മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് 24 സീറ്റ് വരെ നഷ്ടമാകാനുള്ള സാധ്യതയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും സീറ്റുകളില്‍ വ്യത്യാസമുണ്ടാകുമെന്നും തമിഴ്‌നാടിന് ആകെയുള്ള 39ല്‍ എട്ട് സീറ്റ് വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും സ്റ്റാലിന്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു..

ബിജെപി പുതിയ പാര്‍ലമെന്റ്് മണ്ഡലം ഉണ്ടാക്കിയപ്പോള്‍ 888 സീറ്റുകള്‍ നിര്‍മ്മിച്ചത് അന്നേ തന്നെ സംശയത്തിന് ഇടനല്‍കിയിരുന്നു. നിലവില്‍ 543 ആണ് പാര്‍ലമെന്റിന്റെ അംഗബലം. സ്റ്റാലിന്റെ രൂക്ഷ വിമര്‍ശനം വന്നതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു സീറ്റ് പോലും നഷ്ടമാകില്ലെന്നും സീറ്റുകളില്‍ ഉണ്ടാകുന്ന വര്‍ധന ആനുപാതികമായിരിക്കും എന്നും അമിത് ഷാ പ്രതികരിച്ചിട്ടുണ്ട്. പക്ഷേ ഉത്തര്‍പ്രദേശ് അടക്കം ബിജെപിയ്ക്ക് അപ്രമാദിത്യം ഉള്ള ഇടങ്ങളില്‍ വലിയ സീറ്റ് വ്യതിയാനും കൊണ്ടുവന്ന് വോട്ടിംഗ് പ്രക്രിയ തങ്ങള്‍ക്ക് അനുകൂലമാക്കി ബിജെപി മാറ്റുമോയെന്ന ഭയം തെക്ക്- വടക്കുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുണ്ട്.

Read more