ടീകോമിന്റെ കച്ചവടത്തെ രണ്ട് ഇടത് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി എങ്ങനെയാണ്?. ഈ ചോദ്യം ഉയരാനിടയാക്കിയത് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി 13 വര്‍ഷത്തിന് ശേഷം ദുബായ് ഹോള്‍ഡിങ്‌സിന്റെ ടീകോം കമ്പനി ഒഴിയുമ്പോഴും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കൊണ്ടാണ്. നഷ്ടപരിഹാരം അങ്ങോട്ട് നല്‍കി ടീകോമിനെ പദ്ധതിയില്‍ നിന്ന് പറഞ്ഞയക്കുന്നത് എന്തിനെന്ന ചോദ്യം ഉയരുമ്പോള്‍ ‘വികസനവിരോധി’യെന്ന പേര് കേട്ടിട്ടും കരാര്‍ ലംഘനമുണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ടാക്കിയ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ചിത്രം അപ്പുറത്ത് മിഴിവോടെ തെളിഞ്ഞുവരും. ഫ്രീബീസ് കൊണ്ട് ടീകോമിനെ വരവേല്‍ക്കാന്‍ കാത്തുനിന്നവരെ തടുത്തുനിര്‍ത്തി ഇന്‍ഫോപാര്‍ക്കിനെ അടക്കം സ്മാര്‍ട്ട് സിറ്റിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് സര്‍ക്കാരിന് അനുകൂലമായി വ്യവസ്ഥകള്‍ ഒരുക്കിയെടുത്തത് ഒരു ഇടത് സര്‍ക്കാരായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ പേര് വിഎസ് അച്യുതാനന്ദന്‍ എന്നായിരുന്നു. ഇന്ന് അതേ സ്ഥലത്തെ ആ വ്യവസ്ഥകളുടെ ലംഘനം നടത്തിയ ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം കൊടുത്ത് രക്ഷപ്പെടുത്താനുള്ള വഴി തിരഞ്ഞെടുത്തിരിക്കുന്നതും ഒരു ഇടത് സര്‍ക്കാരാണ്. ഇന്നത്തെ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയനെന്നും.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് തന്നെ ടീകോമിന് വേണ്ടി സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുണ്ടായിരുന്ന ഒരു നിയന്ത്രണവുമില്ലാത്ത സ്ഥല കൈമാറ്റത്തെ വിഎസ് അച്യുതാനന്ദന്‍ എതിര്‍ത്തിരുന്നു. സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലാതെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീകോമിന് ഭൂമി വിട്ടുനല്‍കുന്ന നീക്കത്തെ വിഎസ് എന്ന ദീര്‍ഘവീക്ഷണമുള്ള കമ്മ്യൂണിസ്റ്റുകാരന് അംഗീകരിക്കാനാവില്ലായിരുന്നു. ഇത് ഐടി മേഖലയിലെ വികസനത്തിനല്ല മറിച്ച് ഭൂമാഫിയ കച്ചവടത്തിന് വഴിയൊരുക്കുമെന്ന് വിഎസ് ആശങ്കപ്പെട്ടു. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ സ്മാര്‍ട്ട് സിറ്റിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെട്ടഴിച്ചു വിട്ടതെല്ലാം കമ്മ്യൂണിസ്റ്റുകാരന്റെ കാര്‍ക്കശ്യത്തോടെ കടുപ്പിച്ചു കെട്ടി വിഎസ്. പകരം പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വിഎസ് വികസനവിരോധിയായി.
വ്യവസായത്തിനുള്ള സ്ഥലം വ്യവസായത്തിന്, അവിടെ അവര്‍ക്ക് ഒരു എലൈറ്റ് കോളനി നിര്‍മ്മിക്കലല്ല സര്‍ക്കാരിന്റെ പണിയെന്നായിരുന്നു വിഎസിന്റെ നിലപാടെന്ന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു പറയുന്നു. 2005ല്‍ പ്രത്യേകസാമ്പത്തിക മേഖലയുടെ അതായത് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുകയും പുതിയ രൂപത്തില്‍ 2005 ആക്ടോടെ അവതരിപ്പിക്കുകയും ചെയ്തതോടെയാണ് കേരളത്തില്‍ സമാര്‍ട്ട് സിറ്റി വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. അന്ന് സ്‌പെഷ്യല്‍ ഇക്കണോമിക്‌സ് സോണുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ സര്‍ക്കാരിന് മുന്നിലേക്ക് വന്നിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്ന 246 ഏക്കര്‍ പദ്ധതിയല്ലാതെ മറ്റ് പത്തു പതിനെട്ട് പ്രത്യേക സാമ്പത്തിക മേഖല പദ്ധതികള്‍ അനുമതിയ്ക്കായി സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കായി ടീകോമിനെ ക്ഷണിക്കുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയെന്ന 200 ഏക്കറിലധികം ഭൂമി ആവശ്യമായ പദ്ധതിക്കപ്പുറം കേരളത്തില്‍ മറ്റൊരു കാര്യം കൂടി തുടക്കമിട്ടുവെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് സംശയിച്ചുവെന്ന് ജോസഫ് സി മാത്യു പറയുന്നു. ഐടിയുടെ പേരില്‍കേരളത്തില്‍ ഭയങ്കരമായി ഭൂമി വാങ്ങിക്കൂട്ടാനുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ശ്രമം തിരിച്ചറിഞ്ഞ പ്രതിപക്ഷ നേതാവ് വിഎസ് അക്കാര്യം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് സൂചിപ്പിച്ചു. അന്ന് ഉമ്മന്‍ചാണ്ടിയോട് തന്റെ ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ പോയ വിഎസിനൊപ്പം ജോസഫ് സി മാത്യുവുമുണ്ടായിരുന്നു. ഏഴ് എട്ട് പേരടങ്ങുന്ന മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരോട് വിഷയം ചര്‍ച്ച ചെയ്തുവെന്നും ജോസഫ് സി മാത്യു പറയുന്നു. അന്ന് ടീകോമുമായുള്ള കരാറില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിക്കാന്‍ തീരുമാനിച്ച കാര്യങ്ങളില്‍ ചിലത് ഇതാണ്.
ഇന്‍ഫോ പാര്‍ക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടികോമിന് വിട്ടുകൊടുക്കുക. ഇതിനായി ഇന്‍ഫോ പാര്‍ക്കിന് വേണ്ടി തുടര്‍ സ്ഥലമേല്‍ക്കല്‍ നടപടി സര്‍ക്കാര്‍ ഉത്തരവിലൂടെ തടഞ്ഞുവെച്ചു. ഏഴോ എട്ടോ ജില്ലയില്‍ ഇവര്‍ക്ക് മാത്രമായി പ്രത്യേക അനുമതി നല്‍കുക. ഗവണ്‍മെന്റ് ടീകോം വഴിയല്ലാതെ വേറൊരു ഐടി പാര്‍ക്കും പ്രെമോട്ട് ചെയ്യില്ലെന്ന ഉറപ്പ് ടീകോമിന് കൊടുക്കുക. അവര്‍ 33,000 തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞയിടത്ത് കരാറില്‍ 20,000 തൊഴിലവസരങ്ങളായി കുറഞ്ഞു, അതും ഇന്‍ഫോ പാര്‍ക്കിലുള്‍പ്പെടെ. അവര്‍ക്ക് ലീസിന് കൊടുത്തിരിക്കുന്ന 100 ഏക്കര്‍ സ്ഥലം അവര്‍ക്ക് ഫ്രീ ഹോള്‍ഡായി കൊടുക്കുമെന്നും ഉറപ്പ് നല്‍കി.
ഈ കരാര്‍ വ്യവസ്ഥകളെ പിന്തിരിപ്പനായാണ് വിഎസ് കണ്ടതെന്നും ഇന്‍ഫോ പാര്‍ക്കിന്റെ സ്വാഭാവിക വളര്‍ച്ചയുടെ ക്രെഡിറ്റ് അവര്‍ക്ക് കൊടുക്കുന്നത് ശരിയായ നടപടിയല്ലെന്നുമായിരുന്നു വിഎസിന്റെ കാഴ്ചപ്പാട്. 100 ഏക്കര്‍ സ്ഥലം സൗജന്യമായി ടീ കോമിന് നല്‍കുന്നതടക്കം കാര്യങ്ങളെ ഐടിയുടെ മറവിലെ വലിയ ഭൂമിക്കച്ചവടമായാണ് വിഎസ് അച്യുതാനന്ദന്‍ കണ്ടതെന്ന് ജോസഫ് സി മാത്യു ഓര്‍മ്മിക്കുന്നു. ഇത് തുടക്കമിട്ടാല്‍ ബാക്കി എല്ലാവരും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുമെന്നും വി എസും ഒപ്പമുള്ളവരും മനസിലാക്കി. അങ്ങനെയായാല്‍ ഐടിയെന്ന് പറയുന്നത് ഒരുപാട് ഭൂമി ആവശ്യമായുള്ള വ്യവസായ മേഖലയാണെന്നും അത് കേരളത്തിന് യോജിച്ചതല്ലെന്നുമുള്ള ധാരണയുണ്ടാക്കാന്‍ ഇക്കാര്യങ്ങള്‍ക്ക് കഴിയുമെന്നും വിഎസ് ഭയപ്പെട്ടു. അതിനാല്‍ ഇത് വികസനവിരുദ്ധമാണെന്നും എതിര്‍ക്കപ്പെടേണ്ടതുമാണെന്ന് പ്രതിപക്ഷത്തിള്ള സിപിഎം മനസിലാക്കി. വിഎസ് ശക്തമായി എതിര്‍പ്പ് ഉന്നയിച്ചതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. എല്‍ഡിഎഫിലുള്ളവര്‍ ഇന്‍ഫോ പാര്‍ക്ക് നല്‍കുന്നതിനേയും പ്രത്യേക അവകാശങ്ങള്‍ മറ്റിടങ്ങളില്‍ ടികോമിന് നല്‍കുന്നതിനേയും എതിര്‍ത്തു. പക്ഷേ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ തള്ളി എംഒയു പ്രകാരം കരാര്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചു. അധിനിവേശ പ്രതിരോധ സമിതിയെന്ന എംഎന്‍ വിജയന്റെ സംഘടന കേസ് കൊടുത്തു. ഇതോടെ കരാര്‍ ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിയ്ക്കായില്ല.
പിന്നീട് സ്മാര്‍ട്‌സിറ്റി ചര്‍ച്ചയായ 2006ലെ തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം വിജയിച്ചുകയറി. സ്മാര്‍ട്‌സിറ്റി കേസ് അപ്പോഴും കോടതിയ്ക്ക് മുന്നിലുണ്ടായിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് മുന്നില്‍ വെച്ച നിര്‍ദേശങ്ങള്‍ കോടതിയ്ക്ക് മുന്നില്‍ വെച്ച് കരാര്‍ വ്യവസ്ഥകളില്‍ മാറ്റത്തിന് തയ്യാറായാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകുകയുള്ളുവെന്ന് വിഎസ് സര്‍ക്കാര്‍ വ്യക്തമാക്കി. പിന്നീട് ടീകോമുമായി ചര്‍ച്ച നടത്തി. ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെ തന്നെ സര്‍ക്കാരിന് അനുകൂലമായ പല വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്താന്‍ വിഎസിനായി. ഇന്‍ഫോ പാര്‍ക്ക് വിട്ടുതരില്ലെന്നും നിങ്ങള്‍ക്കൊരു എതിരാളിയായി തൊട്ടപ്പുറത്ത് അത് ഉണ്ടാകുമെന്നും അത്തരത്തില്‍ പല പാര്‍ക്കുകളില്‍ ഒന്ന് മാത്രമാണ് നിങ്ങളെന്നും ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചു. ഒരു ഐടി ഡെവലപറായി എത്താന്‍ പറ്റുമെങ്കില്‍ മാത്രം വരു എന്നാണ് പറഞ്ഞത്.
2007ല്‍ കരാര്‍ ഒപ്പിട്ടിട്ടുവെങ്കിലും ആശങ്കകള്‍ വിഎസിന് ഒഴിഞ്ഞിരുന്നില്ല. അവര്‍ ഒരു ഐടി കമ്പനി അല്ലെന്നതും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണെന്നതുമാണ് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കിയത്. അവര്‍ക്ക് കെട്ടിട കണ്‍സ്ട്രക്ഷനാണ് കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നത്. അതിനാല്‍ ഐടി കമ്പനികളെ അവര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
88 ലക്ഷം ചതുരശ്ര അടിയില്‍ 70 ശതമാനമെങ്കിലും ഐടി ബിസിനസിന് അവസരമൊരുക്കണമെന്നതായിരുന്നു വിഎസ് സര്‍ക്കാര്‍ ടികോമിനോട് ആവശ്യപ്പെട്ടത്. പത്ത് വര്‍ഷത്തിനകം 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് മാത്രമല്ല ആദ്യ വര്‍ഷം 9.4 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കരാറുണ്ടായിരുന്നതായി വിഎസിന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു പറയുന്നു. എന്നാല്‍ 13 വര്‍ഷം പിന്നിട്ടിട്ടും ടീകോമിന് ആകെ നല്‍കാനായത് പതിനായിരത്തില്‍ താഴെ തൊഴിലവസരങ്ങള്‍ മാത്രമാണ്. പണിതതാകട്ടെ വെറും ആറര ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടം മാത്രം, പ്രവര്‍ത്തിക്കുന്നത് 40ല്‍ താഴെ കമ്പനികള്‍. ബഹുരാഷ്ട്ര കമ്പനികള്‍ നാലെണ്ണം മാത്രമെന്നതായിരുന്നു അവസ്ഥ.
2007ല്‍ വിഎസ് കരാര്‍ ഒപ്പിട്ടില്ലെങ്കിലും കാര്‍ക്കശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെയിരുന്ന വിഎസ് നിരന്തരം ടീകോമുമായി തര്‍ക്കത്തിലായിരുന്നു. സ്റ്റാംപ് ഡ്യൂട്ടി തര്‍ക്കവും പ്രത്യേക സാമ്പത്തിക മേഖല പദവിയിലും തട്ടി നാല് വര്‍ഷം നീണ്ട തര്‍ക്കത്തിന് ഒടുവില്‍ ഒടുവില്‍ 2011 ഫെബ്രുവരിയിലാണ് വിഎസ് സര്‍ക്കാര്‍ തര്‍ക്കം തീര്‍ത്ത് കടമ്പ്രയാറിന് തീരത്തെ 246 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് ടീകോമിന് കൈമാറിയത്. ഉദ്ഘാടനമെല്ലാം നടന്നെങ്കിലും 2011 തിരഞ്ഞെടുപ്പില്‍ വിഎസ് സര്‍ക്കാര്‍ മാറി വീണ്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. പക്ഷേ ആ അഞ്ച് വര്‍ഷം കഴിയാറായപ്പോഴാണ് ആദ്യ ഐടി ടവറിന്റെ ഉദ്ഘാടനം പോലും നടന്നത്. പിന്നീടൊരു കെട്ടിടം ഉടനെന്ന് പറഞ്ഞിട്ടും കാര്യങ്ങളെങ്ങുമെത്താതെ കടമ്പ്രയാറിന്റെ തീരത്തെ ഭൂമി കാടുകയറി കിടന്നു.
ഇപ്പോള്‍ ടീകോമിനെ നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് വിടുതല്‍ നല്‍കുന്നമ്പോള്‍ വിഎസ് അച്യുതാനന്ദനെ വികസനവിരോധിയെന്ന് വിളിച്ചവരും അക്കൂട്ടത്തിലുണ്ട്. വിഎസ് സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ അനാവശ്യ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞവര്‍ അന്ന് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെന്നും ഇതടക്കം കാര്യങ്ങള്‍ വിഎസിന്റെ പിന്നീടുള്ള തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വ നിഷേധത്തിലേക്ക് നയിച്ചുവെന്നും ജോസഫ് സി മാത്യു ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ഐടിയ്ക്ക് വേണ്ടി വിഎസ് ചെയ്തത് പോലെ ആരും സംഭാവന ചെയ്തിട്ടില്ല. വിഎസിന്റെ കാലത്താണ് കേരളത്തിലെമ്പാടും ഐടി പാര്‍ക്കുകള്‍ തുടങ്ങിയത്. വിഎസിന്റെ കാലത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഐടി പാര്‍ക്കുകളും ഒറാക്കിള്‍ അടക്കം ഐടി സ്ഥാപനങ്ങളും വന്നത്. അതിന് മുമ്പും ശേഷവും വലിയ വര്‍ത്താനം പറഞ്ഞ ഒരാളുടെ കാലത്തും ഇത്രയും വന്നിട്ടില്ല. വിഎസ് ഒരു ടീമിനെ സെലക്ട് ചെയ്തതിന്റെ ഒരു ഭാഗമായിരുന്നു ഞാനും. ഞങ്ങളെ ശരിക്ക് രണ്ടര വര്‍ഷം പോലും അവിടെ ഇരുത്തിയില്ലെന്നതാണ് സത്യം. പക്ഷേ ഞങ്ങള്‍ ചെയ്തതിന്റെ ഫലം സമയം തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഇപ്പോള്‍ അത് എല്ലാവര്‍ക്കും മനസിലായി എന്ന് ഞാന്‍ കരുതുന്നു. കുണ്ടറ, കൊരട്ടി, ചേര്‍ത്തല, ടെക്‌നോ പാര്‍ക്കിന്റെ ഫേസ് 2, സൈബര്‍ പാര്‍ക്ക് അങ്ങനെ എത്രയെണ്ണം തുടങ്ങിയത് വിഎസിന്റെ കാലത്താണ്. പക്ഷേ മറ്റുള്ളവരെ പോലെ വിഎസ് അത് പറഞ്ഞു നടന്നിട്ടില്ല. കാരണം രാഷ്ട്രീയപരമായി ഔട്ട് സോഴ്‌സിങ് തൊഴിലാളി വിരുദ്ധതയാണെന്നും പ്രോക്യാപിറ്റലാണെന്നും വിഎസ് കരുതിയിരുന്നു.
അന്ന് സൗജന്യമായി എല്ലാം നല്‍കിയാലെ ടീകോം അടക്കം കമ്പനികള്‍ കേരളത്തിലേക്ക് വരികയുള്ളുവെന്ന് വിശ്വസിച്ചവര്‍ പാര്‍ട്ടിയിലുണ്ടായിരുന്നുവെന്നും അവരുടെ കയ്യിലാണ് ഇപ്പോള്‍ ഭരണമെന്നും ജോസഫ് സി മാത്യു ചൂണ്ടിക്കാണിക്കുന്നു. അവര്‍ ഇപ്പോള്‍ ഈ സ്മാര്‍ട് സിറ്റി നാടകം കളിക്കുന്നത് കരാര്‍ പൊളിച്ചെഴുതാനാണ്. യുഎഇയില്‍ നിന്ന് ടീകോം പോലെ തന്നെയുള്ള ആളുകളാണ് വീണ്ടും ഈ പദ്ധതി ഏറ്റെടുക്കാന്‍ പോകുന്നതെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.
സ്മാര്‍ട് സിറ്റി കരാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആദ്യ ചര്‍ച്ചയില്‍ തന്നെ കരാര്‍ രൂപപ്പെട്ടിരുന്നു. സെക്രട്ടറിമാര്‍ ഇരിക്കുമ്പോള്‍ പോലും കരാര്‍ രൂപപ്പെടുത്തിയത് ഐഎല്‍ആന്റ്എഫ്എസ് എന്ന കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ്. ആരാണ് അവര്‍ക്ക് ചുമതല നല്‍കിയതെന്ന് അറിയില്ല. പക്ഷേ അവരുടെ ഇന്‍വോയ്‌സ് ഫയലില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടതാണ്. ഒരുപാട് രഹസ്യാത്മകതയുള്ള തല്‍പരകക്ഷികള്‍ അന്ന് മുതലേ ഈ പദ്ധതിക്ക് പുറകേയുണ്ട്. അതിപ്പോഴും തുടരുന്നു.
ഇപ്പോള്‍ ടെക്‌നോ പാര്‍ക്കിന്റെ ഉള്ളില്‍ പോലും സ്ഥലം കൊടുക്കുന്നിടത്ത് അതൊരു ടൗണ്‍ഷിപ്പായി ഉയരട്ടെ എന്നാണ് ഭരണസംവിധാനം പറയുന്നത്. അപ്പോള്‍ വ്യവസായത്തിന്റെ പേരില്‍ സ്ഥലമെടുത്ത് താങ്ങാനാവുന്നവര്‍ക്ക് കോളനികള്‍ നിര്‍മ്മിച്ചു കൊടുക്കാനുള്ള പ്രക്രിയയിലാണ് ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ ഇടതുപക്ഷമുള്ളതെന്നും ജോസഫ് സി മാത്യു കുറ്റപ്പെടുത്തി. വിഎസ് പക്ഷേ അങ്ങനെ അല്ലായിരുന്നു. വ്യവസായത്തിനുള്ള സ്ഥലം വ്യവസായത്തിന്, അവിടെ അവര്‍ക്ക് ഒരു എലൈറ്റ് കോളനി നിര്‍മ്മിക്കലല്ല സര്‍ക്കാരിന്റെ പണിയെന്നായിരുന്നു വിഎസിന്റെ നിലപാടെന്നും ജോസഫ് സി മാത്യു പറയുന്നു. അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉദാരമായി സൗജന്യം അനുവദിച്ച് സ്മാര്‍ട് സിറ്റി പദ്ധതിയേക്ക് കടക്കുകയും പിന്നീട് വന്ന വിഎസ് കരാറില്‍ നിലപാട് കടുപ്പിക്കുകയും ചെയ്തപ്പോള്‍ ചീഫ് സെക്രട്ടറിമാര്‍ മുതല്‍ താഴോട്ടുള്ള സീനിയര്‍ ഒഫീഷ്യല്‍സ് ഈ പദ്ധതി നടക്കരുതെന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും ജോസഫ് സി മാത്യു പറയുന്നു. ഉദ്യോഗസ്ഥവൃന്തം അതായത് ഐഎഎസ് ലോബി സ്മാര്‍ട് സിറ്റിയുടെ വഴിത്താരയില്‍ ബന്ദ് നിര്‍മ്മിക്കുകയായിരുന്നു. കരാര്‍ ഒപ്പിടാന്‍ വൈകിപ്പിച്ചു, ഫ്രീ ഹോള്‍ഡിനെ പറ്റി അനവാശ്യ ചര്‍ച്ചയുണ്ടാക്കി, നിയമവിരുദ്ധ നിര്‍ദേശങ്ങള്‍ നല്‍കിയെന്നെല്ലാം അദ്ദേഹം കുറ്റപ്പെടുത്തി. അഡ്വക്കേറ്റ് ജനറലും ഉദ്യോഗസ്ഥ ലോബിയ്ക്ക് അനുകൂലമായി നിന്നത് ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും അത് പാര്‍ട്ടിയിലെ വിഭാഗീയത മൂലം സംഭവിച്ചതാകാമെന്നും ജോസഫ് സി മാത്യു പറയുന്നു.
ഒരുപാട് കാര്യങ്ങള്‍ ഇതിന് പിന്നില്‍ നടന്നെങ്കിലും പ്രവര്‍ത്തിക്കാന്‍ ഒരു കരാര്‍ ഉണ്ടായിട്ടും ടീകോം വ്യവസ്ഥ ലംഘിച്ചത് അവര്‍ വിചാരിച്ച കാര്യം നടക്കാത്തതിനാലാണ്. അവരുടെ താല്‍പര്യം കച്ചവടം മാത്രമായിരുന്നു. അവര്‍ വിചാരിച്ചത് അടുത്തയാള്‍ വന്നാല്‍ നടക്കുമെന്ന വിശ്വാസത്തില്‍ അവര്‍ മുന്നോ്ട്ട് പോകുകയായിരുന്നു. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ കാലത്തും അടച്ചുവെച്ച ഫ്രീ ഹോള്‍ഡ് തര്‍ക്കത്തിന് തുടക്കമിട്ട് 30 ഏക്കര്‍ സ്ഥലം കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന് കൊടുക്കാനുള്ള ശ്രമം ഉണ്ടായതായും വിഎസിന്റെ മുന്‍ ഐടി ഉപദേഷ്ടാവ് ആരോപണം ഉന്നയിക്കുന്നുണ്ട്. ശിവശങ്കര്‍ അതിന്റെ തലപ്പത്ത് നിന്നതായിരുന്നുവെന്നും ജോസഫ് സി മാത്യു പറയുന്നു.
Read more
ടീകോം വലിയ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാക്കിയത്. എന്നിട്ടും നഷ്ടപരിഹാരം അങ്ങോട്ട് കൊടുക്കാനുള്ള തീരുമാനം എന്തു പറഞ്ഞാണ്. ടീകോം പദ്ധതി തടസത്തിന് കാരണം പറയുന്നത് കോവിഡും പ്രളയവുമാണ്. തൊട്ടപ്പുറത്തുള്ള ഇന്‍ഫോ പാര്‍ക്കിന് ഇല്ലാത്ത എന്ത് കോവിഡും പ്രളയവുമാണ് ടീകോമിന്റെ സ്മാര്‍ട് സിറ്റിക്ക് ഉണ്ടായതെന്ന ചോദ്യവും ജോസഫ് സി മാത്യുവിനുണ്ട്. വിഎസ് പറഞ്ഞ കാര്യങ്ങള്‍ അടിവരയിടുകയാണ് ഈ സംഭവമെന്നും ഇന്‍ഫോ പാര്‍ക്ക് വിട്ടു കൊടുക്കാതിരുന്നതിലെ വിഎസിന്റെ രാഷ്ട്രീയം ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്നും ജോസഫ് സി മാത്യു പറയുന്നു. നിലവില്‍ ടീകോമിന് നഷ്ടപരിഹാരം കൊടുക്കേണ്ട കാര്യം ഒന്നുമില്ലെന്നിരിക്കെ അവര്‍ കോടതിയില്‍ പോകുമെന്ന് സന്ദേഹിച്ചാണ് അങ്ങോട്ട് പൈസ കൊടുക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതും വിഎസ് കാര്‍ക്കശ്യം പിടിച്ചുണ്ടാക്കിയ കരാര്‍ അത്തരത്തിലൊരു നഷ്ടപരിഹാരം ഇങ്ങോട്ട് വാങ്ങാന്‍ വ്യവസ്ഥയുണ്ടാക്കി വെച്ചിരിക്കുമ്പോള്‍.