വമ്പന്‍മാരെ ഒതുക്കി വീഴ്ത്തി ബിജെപി കൈപ്പിടിയിലാക്കിയ 'മോദി- ഷാ ഗ്യാങി'നെതിരെ 'വിമതസ്വരം'

പാര്‍ട്ടി സ്ഥാപകനായ അദ്വാനി മുതല്‍ ഗഡ്കരി വരെ, തലയ്ക്ക് മേലെ വരുമെന്ന് കരുതിയവരെയെല്ലാം നിഷ്പ്രയാസം ഒതുക്കി മൂലയ്ക്കിരുത്തിയിട്ടുണ്ട് നരേന്ദ്ര മോദിയും അമിത് ഷായും. 2014ല്‍ ഡല്‍ഹിക്ക് കുടിയേറിയ ‘ഗുജറാത്ത് ടീം’ ഒറ്റയടിക്ക് ബിജെപി എന്ന പാര്‍ട്ടിയെ ഒരുക്കി മുറുക്കി കൈപ്പിടിയിലാക്കിയിരുന്നു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മേലെ ഒരു വാക്കോ അഭിപ്രായമോ ഉണ്ടാകാത്ത വിധം ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ മോദി- ഷാ ടീമിന്റെ അപ്രമാദിത്വം ഉണ്ട്. നരേന്ദ്ര മോദിയെന്ന ബ്രാന്‍ഡ് നെയിം ഉയര്‍ത്തി ഗുജറാത്തില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തെ പിടിച്ചെടുക്കാന്‍ മോദിയ്‌ക്കൊപ്പമെത്തിയ അമിത് ഷാ ബിജെപിയുടെ തലപ്പത്ത് ഇരുപ്പുറപ്പിച്ചപ്പോള്‍ അത് ഇന്ത്യ എന്ന രാജ്യത്തിന്റെയും ബിജെപി എന്ന പാര്‍ട്ടിയിലും ഉണ്ടാക്കിയ ചലനങ്ങള്‍ ചെറുതായിരുന്നില്ല.

‘മോദി ഇറ’ അഥവാ മോദി യുഗത്തിലേക്ക് രാജ്യവും ബിജെപിയും ഒരുപോലെ വീണുവെന്ന് വേണം പറയാന്‍. പാര്‍ട്ടി എന്ന നിലയില്‍ പിന്നീട് ബിജെപിയ്ക്കുണ്ടായ മാറ്റം അതൊരു ഏകകേന്ദ്രൂകൃത സ്വഭാവത്തിലേക്ക് മാറി എന്നതായിരുന്നു. പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ എല്‍കെ അദ്വാനിയെ വെട്ടിനിരത്തിയാണ് നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയെ ആദ്യം കൈപ്പിടിയിലാക്കിയത്. പിന്നീടിങ്ങോട്ട് ജനസംഘ കാലം തൊട്ട് കേട്ടുവന്ന മൃദുഹിന്ദുത്വ നിലപാട് ഭാരതീയ ജനത പാര്‍ട്ടിയ്ക്കുണ്ടായിട്ടില്ല. തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിമറയില്ലാത്ത പ്രചാരകരായി തന്നെയാണ് മോദിയും അമിത് ഷായും സ്വയം അവരോധിച്ചത്.

അദ്വാനിയും ആര്‍എസ്എസും തുടങ്ങി വെച്ച രാമജന്മഭൂമി വിഷയവും രഥയാത്രയും ഇന്ത്യന്‍ സമൂഹത്തില്‍ വിതച്ച വിഷത്തിന്റെ കൊയ്ത്തുകാലം കൂടിയായിരുന്നു നരേന്ദ്ര മോദിയുടെ അരിയിട്ടുവാഴിക്കല്‍ ചടങ്ങ്. അന്ന് ഗുജറാത്തില്‍ അദ്വാനിയുടെ രഥയാത്രയ്ക്ക് സഹായിയായി ആ രഥത്തിന്റെ ഇടതുമൂലയില്‍ നിന്ന 40കാരന്‍ നരേന്ദ്ര മോദി പിന്നീട് അദ്വാനിയെ തന്നെ വെട്ടി ആ പാര്‍ട്ടിയുടെ എതിരില്ലാ നേതാവായത് ചരിത്രം.

മോദി- മോദി വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ താന്‍ നട്ടുനനച്ചു വളര്‍ത്തിയ പാര്‍ട്ടി ഒറ്റയ്ക്കു തട്ടിപ്പറിച്ച് തന്നെ നിശബ്ദനാക്കി മൂലയ്ക്കിരുത്തിയ മോദിയെ അവഗണിച്ച് മറ്റെങ്ങോ നോക്കി നില്‍ക്കുന്ന അദ്വാനിയുടെ ചിത്രം ഇന്നും ബിജെപിക്കാര്‍ മറക്കാനിടയില്ല.

വാജ്‌പേയ് എതിര്‍ത്തിട്ടും ഗുജറാത്ത് വംശഹത്യ കാലത്തടക്കം അദ്വാനി പൊതിഞ്ഞുപിടിച്ച് സംരക്ഷിച്ച നരേന്ദ്ര മോദി തന്നെ പാര്‍ട്ടിക്കുള്ളില്‍ അദ്വാനിയെ കാഴ്ചക്കാരന്‍ മാത്രമാക്കി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നാഷണല്‍ എക്‌സിക്യൂട്ടൂവില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും മോദി കാലത്ത് ഹതാശനായി അദ്വാനിക്ക് പടിയിറങ്ങേണ്ടി വന്നു. ഒപ്പം ബിജെപി സ്ഥാപക നേതാക്കളിലൊരാളായ മുരളി മനോഹര്‍ ജോഷിയടക്കം തലമുതിര്‍ന്ന നേതാക്കളെയെല്ലാം പുതിയ ബിജെപിയില്‍ നിന്ന് മോദിയും ഷായും ഒഴിവാക്കി.

അദ്വാനിയുടെ രാജിക്കത്തില്‍ പറയുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്.

പാര്‍ട്ടിയുടെ നിലവിലെ പ്രവര്‍ത്തനവുമായും അത് പോകുന്ന ദിശയുമായും പൊരുത്തപ്പെടാന്‍ കുറച്ച് കാലമായി എനിക്ക് ബുദ്ധിമുട്ടാണ്. ഡോ. മുഖര്‍ജി, ദീന്‍ ദയാല്‍ജി, നാനാജി, വാജ്പേയിജി എന്നിവര്‍ ചേര്‍ന്ന് സൃഷ്ടിച്ച അതേ ആദര്‍ശ പാര്‍ട്ടിയാണ് ഇതെന്ന തോന്നല്‍ ഇന്നെനിക്കില്ല. അന്ന് പാര്‍ട്ടി രൂപീകരിച്ചവരുടെ ഏക താല്‍പര്യം ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും മാത്രമായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ മിക്ക നേതാക്കളുടേയും താല്‍പര്യം അവരുടെ വ്യക്തിപരമായ അജണ്ടകളില്‍ മാത്രമാണ്.

ഇത് പറഞ്ഞു രാജിവെച്ച് അദ്വാനി നിശബ്ദനാവുകയായിരുന്നു. പിന്നീട് ബിജെപിയെ സംബന്ധിക്കുന്നതിലൊന്നും അദ്വാനി എന്ന സ്ഥാപക നേതാവിന്റെ പേരുണ്ടാവുകയോ പാര്‍ട്ടിക്കുള്ളില്‍ ആ അവഗണനയെ കുറിച്ച് ചര്‍ച്ചയുണ്ടാവുകയോ ചെയ്തില്ല. അദ്വാനി അന്ന് കത്തയച്ച രാജ്‌നാഥ് സിങ് എന്ന പാര്‍ട്ടി പ്രസിഡന്റും ഇന്ന് നരേന്ദ്ര മോദിയാല്‍ ഒതുക്കപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ്.

താന്‍ ഗുജറാത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി പടികയറി പ്രധാനമന്ത്രിയായത് പോലെ സംസ്ഥാനങ്ങളില്‍ ഇനിയൊരു മുഖ്യമന്ത്രി ശക്തി കേന്ദ്രവും ഉണ്ടാകരുതെന്ന മട്ടില്‍ ഉയര്‍ന്ന് വരുന്ന നേതാക്കളെയെല്ലാം നരേന്ദ്ര മോദിയും അമിത് ഷായും ഒതുക്കി. ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ ഭരണത്തിലേറ്റിയ ബിഎസ് യെഡ്യൂരപ്പയെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തിയത് മകന്‍ വിജയേന്ദ്രയുടെ അഴിമതി കേസുകളില്‍ കുരുക്കി നിര്‍ത്തിയാണ്. കര്‍ണാടകയില്‍ യെദ്യൂരപ്പ പാര്‍ട്ടി വിട്ടുപോയതും തിരിച്ചുവന്ന് വീണ്ടും ബിജെപിക്ക് ഭരണം പിടിച്ചതും പിന്നീട് ഒതുക്കപ്പെട്ട് വിശ്വാസ്തനെ മുഖ്യമന്ത്രിയാക്കേണ്ടി വന്നതുമെല്ലാം പാര്‍ട്ടിക്കുള്ളിലെ ചരടുവലിയുടെ ബാക്കിപത്രമായിരുന്നു.

രാജസ്ഥാനില്‍ ബിജെപിയെ പിടിച്ചുനിര്‍ത്തിയ വസുന്ധര രാജെ സിന്ധ്യയും അമിത് ഷായും തമ്മിലുള്ള എതിരിടല്‍ വസുന്ധരയുടെ രാജസ്ഥാനിലെ ശക്തികണ്ടിട്ടായിരുന്നു. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്ന് പോലും വസുന്ധരയെ മാറ്റിനിര്‍ത്തി. അമിത് ഷായുടെ നിയന്ത്രണത്തില്‍ ഗജേന്ദര്‍ സിങ് ഷെഖാവത്ത് രാജസ്ഥാനിലെ ബിജെപിയെ നിയന്ത്രണത്തിലാക്കാന്‍ നോക്കിയെങ്കിലും വസുന്ധരയുടെ കോട്ടകള്‍ ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ കിട്ടില്ലെന്ന് തിരിച്ചറിവില്‍ തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് മാത്രം അനുരഞ്ജന നീക്കത്തിലാണ് മോദിയും ഷായും. മധ്യപ്രദേശിലും പാര്‍ട്ടിയുടെ ഏക്കാലത്തേയും ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി കസേരയിലിരുന്ന ശിവ് രാജ് സിങ് ചൗഹാനും ഒഴിവാക്കലിന്റെ പടിവാതിലിലാണ്.

അദ്വാനി വാജ്‌പേയ് കാലത്ത് തങ്ങള്‍ക്കൊപ്പം പാര്‍ട്ടിയിലുണ്ടായിരുന്ന രണ്ടാനിര നേതാക്കളെയെല്ലാം ഒഴിവാക്കി ഒതുക്കുകയാണ് പാര്‍ട്ടി കൈയ്ക്കുള്ളിലായ 10 വര്‍ഷത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തത്. തങ്ങള്‍ക്ക് കീഴില്‍ വളര്‍ന്നു വരുന്ന ഒരു മൂന്നാം നിര നേതാക്കളെ ഉണ്ടാക്കി എന്തിനും യേസ് ജി പറയുന്ന കൂട്ടമാക്കി മാറ്റുന്നതിലായിരുന്നു ഇരുവരുടേയും ശ്രദ്ധ.

നരേന്ദ്ര മോദി ബ്രാന്‍ഡിന് മുകളില്‍ മറ്റൊരു ബ്രാന്‍ഡ് നെയിമും ഇമേജും ഉണ്ടാകാതിരിക്കാന്‍ തലപൊക്കിയ മന്ത്രിമാരേയെല്ലാം തളര്‍ത്തിയിട്ടു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ബിജെപി- ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ പരമസ്വീകാര്യനായി വന്നതോടെ കോവിഡ് പ്രതിസന്ധി മുതലാക്കി കേന്ദ്രനേതൃത്വം യോഗിക്ക് മൂക്കുകയറിട്ടു. മോദി ഇമേജിനപ്പുറത്തേക്ക് റോഡുകളിലൂടെ ഇന്ത്യയൊട്ടാകെ നിതിന്‍ ഗഡ്കരി എന്ന പേര് മികച്ച മന്ത്രിയെന്ന നിലയില്‍ വന്നുതുടങ്ങിയതോടെ ഗഡ്കരിയെ ഒതുക്കാനായി മോദി- ഷാ തന്ത്രം. ആദ്യം ശിവ് രാജ് സിംഗ് ചൗഹാനൊപ്പം ഗഡ്കരി ബിജെപിയുടെ പാര്‍ലമെന്റി ബോര്‍ഡില്‍ നിന്ന് പുറത്തായി. പിന്നീട് പൊതുതിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സമയമായിട്ട് പോലും സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടത് കേന്ദ്ര ഗതാഗത മന്ത്രിയെ താറടിക്കാനായിരുന്നു. ഗഡ്കരിയുടെ വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടികളുടെ അഴിമതിയെന്ന തരത്തില്‍ ഗഡ്കരിയെ മാത്രം പ്രൊജക്ട് ചെയ്ത് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നു.

മോദിക്ക് ശേഷം പ്രധാനമന്ത്രി കസേരയിലേക്ക് വലിയ എതിര്‍പ്പുകളില്ലാതെ എത്താന്‍ കഴിയുന്ന നേതാവെന്ന നിലയില്‍ നിതിന്‍ ഗഡ്കരി പലകുറി ചര്‍ച്ചയായപ്പോഴാണ് ഗഡ്കരിയെ സൈഡാക്കാനായി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. മോദിയേയും അമിത് ഷായേയും പോലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താത്ത നേതാവെന്ന നിലയില്‍ ഗഡ്കരി പലര്‍ക്കും സ്വീകാര്യനാണ്. അതിനാലാണ് ഗഡ്കരിയെ ഒതുക്കാന്‍ അഴിമതി കറ തെറിപ്പിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളിലെ ഏകകേന്ദ്രീകൃത ടീമില്‍ ഉണ്ടായത്.

മുതിര്‍ന്ന നേതാവായ രാജ്‌നാഥ് സിങിനെ ഒതുക്കി അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായി എത്തിയത് തന്നെ തെളിയിച്ചിരുന്നു വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ സിങ് എന്താകുമെന്ന്. പ്രധാനപ്പെട്ട ക്യാബിനെറ്റ് കമ്മിറ്റികളില്‍ നിന്നെല്ലാം രാജ്‌നാഥ് സിങ് ഒഴിവാക്കപ്പെട്ടു. അങ്ങനെ വാജ്‌പേയ്- അദ്വാനി കാലത്തെ മുതിര്‍ന്ന നേതാക്കളില്‍ ബാക്കിയുണ്ടായിരുന്ന രാജ്‌നാഥ് സിങും പാര്‍ട്ടിക്കുള്ളില്‍ അപ്രസക്തനായി.

പക്ഷേ കഴിഞ്ഞ 10 കൊല്ലം പോലെ മോദി ബ്രാന്‍ഡ് ഷോ ഇനി നടക്കില്ലെന്ന് പലകോണില്‍ നിന്നും വ്യക്തമായതോടെ ബിജെപിയ്ക്കുള്ളില്‍ വിമതസ്വരം ഉയര്‍ന്നു തുടങ്ങുകയാണ്. കര്‍ണാടക കൈവിട്ടു പോയതും പ്രതിപക്ഷം ഇന്ത്യാ മുന്നണി ഉണ്ടാക്കി സടകുടഞ്ഞെണീറ്റതും നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയും ബിജെപിയ്ക്കുള്ളിലും ചലനം സൃഷ്ടിച്ചിട്ടുണ്ട്. അടിച്ചമര്‍ത്തലിന്റേയും ഒതുക്കലിന്റേയും കയ്യടക്കലിന്റേയും രാഷ്ട്രീയത്തില്‍ മോദിയും അമിത് ഷായും നിറഞ്ഞു നില്‍ക്കുമ്പോള്‍ ബദലായി പാര്‍ട്ടിക്കുള്ളില്‍ ഒരു കൂട്ടര്‍ ഉയര്‍ന്നുവരുന്നുണ്ട്. നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിങും യോഗി ആദിത്യനാഥും തമ്മിലുള്ള വര്‍ധിച്ചുവരുന്ന കൂടിക്കാഴ്ചകളും ഊട്ടി ഉറപ്പിക്കപ്പെടുന്ന ബന്ധവും പാര്‍ട്ടിക്കുള്ളില്‍ ഒരു ബദല്‍ സംവിധാനം രൂപം കൊള്ളുന്നതിന്റെ ആദ്യപടിയാണ്. വസുന്ധര രാജെ സിന്ധ്യയടക്കം ബിജെപിയിലെ തലമുതിര്‍ന്ന നേതാക്കള്‍ ഈ മോദി വിരുദ്ധ ചേരിയിലുണ്ട്. പുതിയതായി പാര്‍ട്ടിയില്‍ വന്നുകയറിയ കോണ്‍ഗ്രസുകാരെ അടക്കം മുന്‍നിരയില്‍ പ്രതിഷ്ടിച്ചതില്‍ രോഷം കൊള്ളുന്ന പാര്‍ട്ടി അടിത്തട്ടിലെ നേതാക്കളുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അടക്കം അഞ്ച് വര്‍ഷം മുമ്പ് മാത്രം ബിജെപിയിലേക്ക് എത്തിയവര്‍ മോദിയുടെ വിശ്വസ്തരാകുമ്പോള്‍ കാലാകാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കി താഴേ പ്രവര്‍ത്തിച്ച് കയറിവന്നവര്‍ അമര്‍ഷം അടക്കി വെയ്ക്കുകയാണ്. രാജ്‌നാഥ് സിങ് അടക്കം കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ ഒതുക്കി കളഞ്ഞ മുതിര്‍ന്ന നേതാക്കളും അവരുടെ അണികളും നിതിന്‍ ഗഡ്കരിയടക്കം സംസ്ഥാനങ്ങള്‍ പാര്‍ട്ടിയ്ക്കായി പിടിച്ചുവെച്ച നേതാക്കളും ഒതുക്കത്തില്‍ ഒന്നിച്ചുനില്‍ക്കുന്നത് തിരിച്ചടിക്കാനുള്ള അവസരം കാത്താണ്. മോദിക്ക് ശേഷം യോഗി വിളി ഉയര്‍ന്നത് അടിച്ചമര്‍ത്തിയതിന്റെ രോഷം യോഗി ആദിത്യനാഥിനുമുണ്ട്. ഈ ബെല്‍റ്റ് ശക്തിപ്പെട്ടു വരുന്നത് ബിജെപിയ്ക്കുള്ളില്‍ മോദി യുഗത്തിന് തടയിടാനാണ്.

2024 പൊതുതിരഞ്ഞെടുപ്പില്‍ 272 എന്ന കേവലഭൂരിപക്ഷത്തിലേക്ക് ഒറ്റയ്‌ക്കെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ബിജെപിയ്ക്കുള്ളില്‍ ഒരു പടപ്പുറപ്പാടിന് കാരണമാകുമെന്നതില്‍ സംശയമില്ല. അതിനുള്ള വെടിമരുന്നുകളും പടയുമെല്ലാം പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തില്‍ നിന്ന് ഉണ്ടായി തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളും ഇഡി പേടിയിലും ഭീഷണിയിലും ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നവരാണ്. കേവലഭൂരിപക്ഷം ഉറപ്പിക്കാനായില്ലെങ്കില്‍ ഇന്നത്തെ ഏകാധിപത്യരീതി മോദിയ്ക്കും അമിത് ഷായ്ക്കും തുടരാനാവില്ല. പാര്‍ട്ടിക്കുള്ളിലും മുന്നണിയ്ക്കുള്ളിലും ഭീഷണിയില്‍ പേടിച്ച് പതുങ്ങിയിരിക്കുന്ന എതിരാളികള്‍ ആദ്യ വീഴ്ചയില്‍ തന്നെ ഒന്നിച്ച് നിന്ന് തിരിച്ചടിക്കും. അടിച്ചമര്‍ത്തി ഭരിച്ച എല്ലാ ഏകാധിപതികള്‍ക്കും കാലം കരുതിവെച്ച കണക്കു ചോദിക്കല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇത്തരത്തില്‍ തന്നെയാണ്.