മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാനേയും ഒതുക്കുന്ന ബിജെപി

ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനം ഭരിച്ച ബിജെപി മുഖ്യമന്ത്രി, മധ്യപ്രദേശിലെ ശിവ്‌രാജ് സിംഗ് ചൗഹാന്‍ കാവിപ്പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായിട്ട് കാലം കുറച്ചായി. പക്ഷേ മോദി- ഷാ കാലത്ത് ഒതുക്കപ്പെടുന്ന വമ്പന്മാരുടെ പട്ടികയിലേക്ക് ഒരു ബിജെപി നേതാവിന്റെ പേര് കൂടെ ചേരുകയാണ് ശിവ്‌രാജ് സിംഗ് ചൗഹാനിലൂടെ. തിരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് സര്‍ക്കാരുണ്ടാക്കിയത്ര എളുപ്പമല്ല തിരഞ്ഞെടുപ്പ് വിജയിക്കുകയെന്ന് കണ്ട് പല അടവുകളും ബിജെപി പയറ്റുന്നുണ്ട്. പക്ഷേ സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്തി വലുതാക്കിയ ശിവ്‌രാജ് സിംഗ് ചൗഹാനെ ഒതുക്കിയിരുത്താന്‍ ഇതാണ് ബെസ്റ്റ് ടൈം എന്ന് കണ്ട് മോദി – ഷാ കേന്ദ്രീകൃത പാര്‍ട്ടി പണിതുടങ്ങിയിട്ടുണ്ട്.

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മല്‍സരിപ്പിക്കാനുള്ള നേതാക്കളുടെ പട്ടിക ഒന്നിനെ പുറകെ ഒന്നായി ബിജെപി പുറത്തുവിടുമ്പോള്‍ ആദ്യ രണ്ട് പട്ടികയിലും നിലവിലെ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്റെ പേരില്ല. സ്ഥാനാര്‍ത്ഥികളുടെ രണ്ട് പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. മധ്യപ്രദേശ് നഷ്ടമാകുമെന്ന ഭയത്തില്‍ എപിമാരെയടക്കം നിയമസഭാ മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്. 7 സിറ്റിംഗ് എംപിമാരെ കളത്തിലിറക്കി നിയമസഭയില്‍ പാര്‍ട്ടിയുടെ എല്ലാ സംഘടിത ശക്തിയും ഉപയോഗിച്ച് മധ്യപ്രദേശ് പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദിയും അമിത് ഷായും.

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശിവ്‌രാജ് സിംഗ് ചൗഹാനെ തഴഞ്ഞ് മുന്‍പന്തിയില്‍ നില്‍ക്കാനാണ് നരേന്ദ്ര മോദിയുടെ തീരുമാനം. മധ്യപ്രദേശിലെത്തിയ മോദി എന്നത്തേയും പോലെ ചൗഹാനെ സൈഡാക്കി പ്രചരണത്തിന്റെ അമരക്കാരനായി. പതുക്കെ സംസ്ഥാനത്തെ സ്ഥിരം മുഖങ്ങളെയെല്ലാം ചവറ്റുകുട്ടയിലാക്കാനുള്ള ശ്രമങ്ങളും ഒരു സൈഡില്‍ നിന്ന് മോദി – ഷാ കേന്ദ്രം തുടങ്ങി കഴിഞ്ഞു. മുതിര്‍ന്ന പ്രാദേശിക നേതാക്കളെ മാറ്റി സീറ്റുകളില്‍ സിറ്റിംഗ് എംപിമാരെ വരെ ഇറക്കി 76 സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. 230 സീറ്റാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. 7 സിറ്റിംഗ് എംപിമാരില്‍ മൂന്ന് പേര്‍ കേന്ദ്രമന്ത്രിമാരാണ്, അവരാണ് സംസ്ഥാന നിയമസഭയിലേക്ക് കാലങ്ങള്‍ക്ക് ശേഷം മല്‍സരത്തിന് എത്തുന്നത്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയയും മോദി മധ്യപ്രദേശിലെത്തിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, ഫഗന്‍ സിങ് കുലസ്‌തേ എന്നിവരാണ് നിയമസഭയിലേക്ക് ഇറങ്ങാനിരിക്കുന്നവര്‍.

ഇതിലൂടെ മോദി- ഷാ കേന്ദ്രീകൃത പാര്‍ട്ടി നല്‍കുന്ന സന്ദേശം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായുള്ള ഓട്ടത്തില്‍ ആര്‍ക്കും പങ്കാളിയാകാന്‍ അവസരമുണ്ടാകുമെന്നാണ്. വിജയവര്‍ഗീയ 10 വര്‍ഷങ്ങള്‍ക്ക് ശേഷവും തോമര്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവുമാണ് നിയമനസഭയിലേക്ക് മല്‍സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്രനേതാക്കളെ സംസ്ഥാന ഭരണത്തിലേക്ക് കൊണ്ടുവന്ന് ശിവ്‌രാജ് സിംഗ് ചൗഹാനെ പുകച്ചു പുറത്തുചാടിക്കാനുള്ള മോദി- ഷാ ടീമിന്റെ തന്ത്രം പ്രാവര്‍ത്തികമാകുകയാണെന്ന് വ്യക്തം.

കര്‍ണാടകയില്‍ യെഡ്ഡിയെന്ന യെഡ്യൂരപ്പയ്ക്കും രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയ്ക്കും സംഭവിച്ച കേന്ദ്ര ഒതുക്കല്‍ തന്നെയാണ് മധ്യപ്രദേശില്‍ ശിവ് രാജ് സിംഗ് ചൗഹാനും സംഭവിച്ചിരിക്കുന്നത്.

മോദിക്കും- അമിത് ഷായ്ക്കും മേലെ വളരാന്‍ ഒരു നേതാക്കളേയും സംസ്ഥാനങ്ങളില്‍ അനുവദിക്കില്ലെന്ന കാര്യത്തില്‍ ‘ഗുജറാത്ത്’ ടീം ബിജെപി തലപ്പത്ത് വന്ന കാലം മുതല്‍ നിര്‍ബന്ധം കാണിക്കുന്നുണ്ട്. പലയിടങ്ങളിലും ഒതുക്കി തീര്‍ത്ത നേതാക്കളുടെ പേരുകള്‍ നിരവധിയാണ്. ഇപ്പോള്‍ പാര്‍ട്ടിയുടെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവിനെ ഒതുക്കുന്നതിലാണ് മോദി- ഷാ ശ്രദ്ധ. രാജസ്ഥാനില്‍ വസുന്ധര ഉയര്‍ത്തിയ വിമത ശബ്ദം അമിത് ഷായെ വിറളി പിടിപ്പിച്ചതോടെ ഗജേന്ദര്‍ സിങ് ഷെഖാവത്ത് രാജസ്ഥാനില്‍ ബിജെപി കാര്യക്കാരനായി. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ തലയുയര്‍ത്തി ബിജെപി വേദികളില്‍ തന്റെ അസാന്നിധ്യം ചര്‍ച്ചയാക്കി വസുന്ധര തിരിച്ചടിച്ചു. പക്ഷേ മധ്യപ്രദേശില്‍ ബിജെപി ഹൈകമാന്‍ഡിന്റെ പിടിയില്‍ തന്റെ ദൗര്‍ബല്യം എക്കാലവും കാണിച്ചിരുന്ന ശിവ്‌രാജ് സിംഗ് ചൗഹാന്‍ മോദി- ഷാ ടീമിന്റെ വരവോടെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങി പോയിരുന്നു.

ഒരേ കാലഘട്ടത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി കസേരകളിലിരുന്ന രണ്ട് മുഖ്യമന്ത്രിമാരായിരുന്നു ശിവ് രാജ് സിങ് ചൗഹാനും നരേന്ദ്ര മോദിയും. അതിലൊരാള്‍ സംസ്ഥാനം വിട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഒരേ പൊസിഷനില്‍ നിന്ന് രണ്ട് ധ്രുവങ്ങളിലേക്കായ വളര്‍ച്ചയും തളര്‍ച്ചയും. തീവ്രഹിന്ദുത്വ ആശയങ്ങളോടെ മോദി ബിജെപിയുടെ കേന്ദ്ര ബിന്ദുവായപ്പോള്‍ മിതഹിന്ദുത്വവാദിയായ ശിവ് രാജ് സിംഗ് ചൗഹാന്‍ പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിപ്പോയി. വാജ് പേയ് – അദ്വാനിക്കാലത്ത് ഒരേ പോലെ പാര്‍ട്ടിക്കുള്ളില്‍ നിന്നവരില്‍ ഒരാള്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത നേതാവായി. അതിനാല്‍ തന്നെ പണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയായ ചൗഹാനേയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയേയും ഒരേ തട്ടില്‍ തൂക്കിയവര്‍ക്ക് മുന്നില്‍ മോദി പ്രഭയില്‍ തളര്‍ന്നുപോയി ശിവ് രാജ് സിംഗ് ചൗഹാന്‍. പണ്ടേ മുതല്‍ അത്ര രസത്തിലല്ലായിരുന്ന ബന്ധം പിന്നേയും വഷളായി ഓരോ കാലഘട്ടത്തിലും.

2022ല്‍ മോദി- ഷാ അപ്രമാദിത്യത്തില്‍ ബിജെപിയുടെ ഉന്നതാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചപ്പോള്‍ അതില്‍ നിന്നും ശിവ് രാജ് സിങ് ചൗഹാനെ ഒഴിവാക്കി. നിതിന്‍ ഗഡ്ഗരിക്കൊപ്പമായിരുന്നു ആ പുറത്താക്കല്‍. പാര്‍ട്ടിയിലേക്ക് വന്നുകയറി മോദിയുടെ വിശ്വസ്തനായ പഴയ കോണ്‍ഗ്രസുകാരന്‍ ഹിമന്ത ബിശ്വ ശര്‍മ്മ പോലും പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ ഇടംപിടിച്ചപ്പോഴായിരുന്നു ചൗഹാനെ ഒഴിവാക്കിയതെന്ന് ഓര്‍ക്കണം.

തുടര്‍ച്ചയായി മൂന്ന് വട്ടം മധ്യപ്രദേശ് മുഖ്യമന്ത്രിയായ ചൗഹാന്‍ 2018 തിരഞ്ഞെടുപ്പില്‍ നാലാം അങ്കത്തില്‍ പരാജയപ്പെട്ടു. മൂന്ന് വട്ടം തുടര്‍ച്ചയായി ഭരിച്ചിട്ടും 230ല്‍ 109 സീറ്റ് നേടിയിരുന്നു ചൗഹാന്റെ ബിജെപി കോട്ട. കോണ്‍ഗ്രസ് നേടിയത് 114 സീറ്റിന്റെ വിജയം. കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും ഓപ്പറേഷന്‍ ലോട്ടസിലൂടെ ജ്യോതിരാതിദ്യ സിന്ധ്യ ക്യാമ്പിനെ ബിജെപിയിലെത്തിച്ച് മോദിയും അമിത് ഷായും മധ്യപ്രദേശില്‍ അട്ടിമറി നടത്തി ബിജെപിയെ ഭരണത്തിലെത്തിച്ചു. ഇതോടെ മോദി- ഷാ കേന്ദ്രത്തിന്റെ മുന്നില്‍ മിണ്ടാന്‍ വയ്യാത്തവനായി ചൗഹാനും കൂട്ടരും. തന്റെ സമകാലീനനെ, ഏറ്റവും കൂടുതല്‍ കാലം ബിജെപി മുഖ്യമന്ത്രിയായ നേതാവിനെ ഇനി അങ്ങനെ തുടരാന്‍ വിടണ്ടയെന്നാണ് മോദിയുടെ തീരുമാനം. അമിത് ഷായും മോദിയും തീരുമാനിച്ചാല്‍ അതാണ് ബിജെപിയെന്ന മഗിഴ്മതിയിലെ അന്ത്യശാസനം എന്നിരിക്കെ ചൗഹാന്‍ ഇനി മധ്യപ്രദേശില്‍ ആരാകും എന്താകും എന്ന ചോദ്യം മാത്രമാണ് ബാക്കി.