വസുന്ധരയ്ക്ക് പാര്‍ട്ടി ചെക്ക് വെച്ചത് ദിയാകുമാരിയെ ഇറക്കി, തിരിച്ച് തെറിപ്പിച്ചത് മുഖ്യമന്ത്രി കസേര?

കോട്ടകൊത്തളങ്ങളുടേയും മഹലുകളുടേയും ഭംഗിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മരുഭൂമി നഗരത്തിന് പരിചിതം രാജശാസനകളും രജപുത്ര ചരിത്രവുമാണ്. രാജസ്ഥാനിലെ രാഷ്ട്രീയം പലപ്പോഴും ഈ രാജകുടുംബ വാഴ്ചകളില്‍ കുടുങ്ങി കിടന്നിട്ടുമുണ്ട്.വസുന്ധര രാജെ സിന്ധ്യ എന്ന രണ്ടു വട്ടം രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന ‘റാണി’ എന്ന് അണികള്‍ക്ക് ഇടയില്‍ വിളിപ്പേരുണ്ടായിരുന്ന ബിജെപി നേതാവിന്റെ വേരുകള്‍ ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബത്തിലാഴ്ന്നതായിരുന്നു. പിന്നീട് ധോല്‍പൂര്‍ രാജകുടുംബത്തിലെ മരുമകളെന്നതും വസുന്ധരയുടെ ബിജെപി രാഷ്ട്രീയത്തിലെ ബൂസ്റ്റപ്പുകളായിരുന്നു. രാജമാത വിജയ രാജെ സിന്ധ്യയുടേയും ഗ്വാളിയോര്‍ മഹാരാജാവായിരുന്ന ജിവാജിരാവു സിന്ധ്യയുടെ മകളായി രാജകുമാരി എന്ന നിലയില്‍ തന്നെയാണ് വസുന്ധരയുടെ ജനനം. അമ്മ വിജയ രാജെ സിന്ധ്യ ബിജെപിയുടെ അനിഷേധ്യ നേതാവായിരുന്നെങ്കില്‍ വസുന്ധരയുടെ സഹോദരന്‍ മാധവ് റാവു സിന്ധ്യ കോണ്‍ഗ്രസ് നേതാവായിരുന്നു. അങ്ങനെ രാജഭരണത്തിന് ശേഷം രാഷ്ട്രീയത്തില്‍ ബിജെപിയായും കോണ്‍ഗ്രസായും നിലനിന്ന് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും അധികാരത്തുടര്‍ച്ച നേടിയ കുടുംബത്തിന്റെ ഭാഗമായിരുന്നു വസുന്ധര.

യുവമോര്‍ച്ചയില്‍ തുടങ്ങിയ രാഷ്ട്രീയ പാരമ്പര്യമായിരുന്നു വസുന്ധരയുടേത്. ബിജെപി രൂപ കൊണ്ട തുടക്കം മുതല്‍ വസുന്ധര പാര്‍ട്ടിയ്‌ക്കൊപ്പമുണ്ട്. അത് തന്നെയാണ് രാജസ്ഥാനില്‍ വസുന്ധര പാര്‍ട്ടിയായി മാറാന്‍ കാരണമായത്. ഹഡോഡി മേഖലയില്‍ വസുന്ധരയുടെ കോട്ട ഉയര്‍ന്നപ്പോള്‍ ബിജെപിയ്ക്ക് ഭരണം പിടിക്കല്‍ എളുപ്പമായി. രണ്ട് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ വസുന്ധര ആ സംസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രി കൂടെയായിരുന്നു. പിന്നീട് നരേന്ദ്ര മോദി- അമിത് ഷാ കാലത്തേക്ക് വന്നപ്പോള്‍ വസുന്ധരയെന്ന ശക്തികേന്ദ്രം പാര്‍ട്ടിയ്ക്ക് ഉള്‍ക്കൊള്ളാനാകാത്ത വിധം കരുത്തതായി മാറി. കേന്ദ്ര തിട്ടൂരങ്ങള്‍ക്ക് നിന്ന് കൊടുക്കാനുള്ള മടിയാണ് വസുന്ധരയെ മോദിയുടേയും ഷായുടേയും എതിരാളിയാക്കിയത്. ഇതോടെ കേന്ദ്രതീരുമാനത്തില്‍ ഇറങ്ങിയ പലര്‍ക്കും വസുന്ധരയുടെ കളരിയില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നതോടെ സന്ധി സംഭാഷണവും അനുനയ നീക്കങ്ങളുമായി. അങ്ങനെ വസുന്ധരയെ അനുനയിപ്പിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറക്കി വിജയവും കൊയ്ത് ബിജെപി ഇന്ന് രാജസ്ഥാനില്‍ സര്‍ക്കാരും രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്തു.

വസുന്ധരയെ മാറ്റിനിര്‍ത്തി ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രിയാവുകയും ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേംചന്ദ് ഭൈരവയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. ജയ്പുരിലെ ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍വെച്ചു നടന്ന ചടങ്ങില്‍ ജയ്പൂരിന്റെ രാജകുമാരി ലേബലില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ദിയാകുമാരിയായിരുന്നു ഹൈലറ്റ്. വസുന്ധരയ്‌ക്കൊരു റോയല്‍ പകരക്കാരി എന്ന നിലയ്ക്ക്ായിരുന്നു ദിയാ കുമാരിയുടെ സ്ഥാനാരോഹണത്തെ ബിജെപി കേന്ദ്ര നേതൃത്വം കണ്ടത്.

വസുന്ധരയുമായി കൊമ്പുകോര്‍ക്കാന്‍ മടിക്കാത്ത ദിയാ കുമാരിയെ വസുന്ധരയ്ക്ക് പകരം സംസ്ഥാനത്ത് ഉയര്‍ത്തി കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചതിന്റെ ഫലമായിരുന്നു എംപിയായിരുന്ന ദിയാകുമാരിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. ജയിച്ചാല്‍ വസുന്ധരയുടെ സ്ഥാനത്ത് ജയ്പൂര്‍ രാജകുമാരി എത്തുമെന്ന പ്രചരണം ബിജെപി തടഞ്ഞില്ല. ദിയാകുമാരി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന പ്രചാരണം സവര്‍ണവോട്ടുകള്‍ വലിയ തോതില്‍ ബിജെപിയുടെ ബാലറ്റ് പെട്ടിയിലാക്കാനും സഹായിച്ചു.

ബ്രാഹ്‌മണ മുഖ്യമന്ത്രി എന്ന ജാതീയ സമവാക്യത്തിലേക്ക് ബിജെപി എത്തിയത് വസുന്ധരയെ ഒതുക്കാന്‍ വേണ്ടിക്കൂടിയായിരുന്നു. ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ മുഖ്യമന്ത്രി മധ്യപ്രദേശില്‍ ഒബിസി മുഖ്യമന്ത്രി, രാജസ്ഥാനില്‍ ബ്രാഹ്‌മിണ മുഖ്യമന്ത്രി എന്നീ ജാതീയ സമവാക്യത്തിലേക്ക് ബിജെപി എത്തിച്ചേര്‍ന്നതോടെ വസുന്ധരയ്ക്കും അനുയായികള്‍ക്കും എതിര്‍ക്കാനുള്ള വാദങ്ങള്‍ കുറഞ്ഞു. ദിയാകുമാരിയെ മുഖ്യമന്ത്രിയാക്കുക വഴി വനിത മുഖ്യമന്ത്രിയെന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടു സമാകരണത്തിനുള്ള തന്ത്രം ബിജെപി മാറ്റിവെച്ചത് വസുന്ധരയുടെ എതിര്‍പ്പ് മൂലമാണെന്നും ശ്രുതിയുണ്ട്.

ദിയാകുമാരിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുത്താല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വസുന്ധര ക്യാമ്പ് തിരിഞ്ഞുകൊത്തുമെന്ന പേടിയാണ് ദിയാകുമാരിയെ ഉപമുഖ്യമന്ത്രി കസേരയിലൊതുക്കിയതും ഭജന്‍ലാല്‍ ശര്‍മ്മയ്ക്ക് മുഖ്യമന്ത്രി കസേര നേടികൊടുത്തതും. വസുന്ധര തന്നെയാണ് ജയ്പൂര്‍ രാജകുടുംബത്തിലെ രാജകുമാരി ദിയയെ ബിജെപിയിലേക്ക് ആനയിച്ചതെന്ന വസ്തുത കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. എങ്ങനെ ആ സ്‌നേഹം, ചില്ലറ വഴക്കൂകൂടലിലൂടെ കൊമ്പുകോര്‍ക്കലിലെത്തിയത് എങ്ങനെയെന്നും.

2013ലാണ് ദിയാകുമാരി ബിജെപി അംഗമാകുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യ തന്നെയായിരുന്നു റോയല്‍ എന്‍ട്രിയെന്ന നിലയില്‍ ആ രാഷ്ട്രീയ പ്രവേശനത്തിന് ചുക്കാന്‍പിടിച്ചത്. ജയ്പുരിലെ വമ്പന്‍ റാലിയില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടേയും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങിന്റേയും സാന്നിധ്യത്തിലാണ് വസുന്ധര ദിയാകുമാരിയെ പാര്‍ട്ടിയിലേക്ക് ആനയിച്ചത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധോപൂരില്‍ ദിയാ കുമാരി വിജയിക്കുകയും ചെയ്തു. 2018ല്‍ നിയമസഭയില്‍ ദിയാകുമാരി ഇറങ്ങിയില്ല, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് മല്‍സരിച്ചത്. രാജ്‌സമന്ദില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കാലാവധി തീരും മുമ്പ് നിയമസഭയിലേക്ക് കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യത്തിലെത്തി.വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍നിന്നാണ് ഇക്കുറി ദിയാകുമാരി നിയമസഭയിലെത്തിയത്. മൂന്നുവട്ടം വിജയിച്ച നര്‍പട് സിങ് രാജ്വിയെ വിദ്യാനഗറില്‍ മാറ്റി നിര്‍ത്തിയാണ് ബിജെപി ദിയാകുമാരിയെ മത്സരിപ്പിച്ചതെന്നതും തീരുമാനം എവിടെ നിന്നെത്തിയെന്നതിന്റെ തെളിവായിരുന്നു.

വസുന്ധരയുടേതിന് സമാനമായ രാജകുടുംബ പശ്ചാത്തലം എന്നതിനപ്പുറം വസുന്ധരയുടെ വ്യക്തിപ്രഭാവവും നേതൃചാതുരിയും ബിജെപി വസുന്ധരയുടെ പകരക്കാരിയാക്കാന്‍ നോക്കുന്ന ദിയാകുമാരിക്ക് ഉണ്ടോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്. തന്നെ രാഷ്ട്രീയത്തിലേക്ക് ആനയിച്ച വസുന്ധരയുമായി 2016ല്‍ ദിയാകുമാരി ഉടക്കിയതാണ് കേന്ദ്രവുമായി ഉടക്കി നിന്ന വസുന്ധരയ്ക്ക് പകരക്കാരിയായി അമിത് ഷായുടേയും മോദിയുടേയും മുന്നില്‍ ദിയാ കുമാരി തെളിയാന്‍ കാരണം. വസുന്ധര കാലത്ത് കയ്യേറ്റ നിരോധന നടപടികളുടെ ഭാഗമായി ജയ്പുര്‍ ഡെവലപ്മെന്റ് അതോറിറ്റി ജയ്പുര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രാജ്മഹാല്‍ പാലസ് ഹോട്ടലിന്റെ ഗേറ്റുകള്‍ പൂട്ടി സീല്‍ വെച്ചതാണ് വസുന്ധരയും ദിയാകുമാരിയും തമ്മില്‍ ശത്രുത ഉണ്ടാക്കിയതെന്നാണ് പറയപ്പെടുന്നത്. ദിയാകുമാരിയും ജയ്പുര്‍ രാജകുടുംബവും വസുന്ധര സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ വിഷയം കാരണമായിരുന്നു. ഇതിന് പിന്നാലെ വസുന്ധരയ്‌ക്കെതിരെ പരോക്ഷമായ പ്രസ്താവനകള്‍ ദിയാ കുമാരിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

വസുന്ധരയ്‌ക്കെതിരെ മുഖ്യമന്ത്രി കസേരയിലേക്ക് എന്ന മട്ടില്‍ ഉയര്‍ത്തി കൊണ്ടുവന്നെങ്കിലും ദിയാകുമാരി മുഖ്യമന്ത്രിയാകാത്തതിന് പിന്നില്‍ വസുന്ധരയുടെ അതൃപ്തിയാണെന്നാണ് പൊതുസംസാരം. മുഖ്യമന്ത്രി കസേരയില്‍ നിന്ന് വസുന്ധരയെ മാറ്റിയപ്പോള്‍ കൂടുതല്‍ പ്രകോപിപ്പിച്ച് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രശ്‌നമാക്കേണ്ടെന്ന് കരുതിയാണ് കേന്ദ്രനേതൃത്വം അയഞ്ഞതെന്നാണ് അകത്തള വര്‍ത്തമാനം. എന്നാല്‍ പകരക്കാരിയായി ഉറപ്പിക്കാനുള്ള നീക്കമാണ് ഉപമുഖ്യമന്ത്രി പദം നല്‍കിയത് വഴി വ്യക്തമാകുന്നത്.

വസുന്ധരയെ പിണക്കിയാല്‍ നഷ്ടമാകുന്ന രജപുത്ര വോട്ടുകള്‍ ദിയാകുമാരിയിലൂടെ തിരിച്ചു പിടിക്കാമെന്ന അമിത് ഷായുടെ കുശാഗ്രബുദ്ധിയും ദിയാകുമാരിയുടെ അരിയിട്ടുവാഴിക്കലിലുണ്ട്. സംസ്ഥാനത്തെ 10 ശതമാനം വരുന്ന രജപുത്ര വോട്ടുകള്‍ ബിജെപിയുടെ വോട്ട് ബാങ്കാണെന്നതും അതിന് വലിയൊരു ശതമാനം കാരണക്കാരി വസുന്ധരയാണെന്നും പാര്‍ട്ടിക്കറിയാം. അത് നഷ്ടമാകാതിരിക്കാനും ദിയാകുമാരി വഴി ഉറപ്പിച്ചു നിര്‍ത്തി വസുന്ധരയെ അപ്രസക്തയാക്കാനുമാണോ വരുംകാല ദിവസങ്ങളില്‍ കേന്ദ്രനേതൃത്വം ശ്രമിക്കുക എന്നതാണ് ഇനി അറിയാനുള്ളത്.