റഷ്യന്‍ എണ്ണയിലും ഇന്ത്യന്‍ നയത്തില്‍ ട്രംപ് പ്രഖ്യാപനം, തള്ളാതെ പഞ്ചപുച്ഛമടക്കി കേന്ദ്രം; ട്രംപിനെ പേടിയാണോ മോദിക്ക്? എതിര്‍വാക്കില്ലാത്ത മയപ്പെടല്‍!

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന പേര്‍ത്തും പേര്‍ത്തുമുള്ള അവകാശവാദങ്ങള്‍ മുടക്കമില്ലാതെ നടത്തുന്ന യുഎസ് പ്രസിഡന്റ് ഇക്കുറി ഇന്ത്യ റഷ്യയുടെ കയ്യില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഡിയര്‍ ഫ്രണ്ട് മോദി താന്‍ പറയുന്നതെല്ലാം അംഗീകരിക്കുന്നുവെന്ന ഗര്‍വിലാണ് ഇക്കുറിയും ട്രംപിന്റെ അവകാശവാദം. പക്ഷേ ഇതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷന്‍ സിന്ദൂറിലെ ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കളയാത്തത് പോലെ തന്നെ മൗനം പാലിക്കുകയാണ്. നേരത്തെ വിദേശകാര്യ മന്ത്രാലയം ഇന്ത്യ- പാക് വിഷയത്തില്‍ പുറത്ത് നിന്ന് ആരും ഇടപെട്ടില്ലെന്ന് പ്രതിപക്ഷത്തിന്റെ വലിയ ഒച്ചപ്പാടും ബഹളവും കൊണ്ടു നിവര്‍ത്തിയില്ലാതെ മയത്തില്‍ പറഞ്ഞത് പോലെ തന്നെയാണ് റഷ്യന്‍ എണ്ണ കാര്യത്തിലും കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്ന് അവകാശപ്പെട്ട ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇന്ത്യയോ റഷ്യയോ നല്‍കിയിട്ടില്ല. എന്നാല്‍ ട്രംപിന്റെ അമിതമായ കൈകടത്തല്‍ ഇന്ത്യന്‍ ഭരണത്തിലുണ്ടാവുന്നത് രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമ്പോള്‍ പോലും പ്രധാനമന്ത്രി മുന്നില്‍ വന്ന് പ്രതികരിക്കില്ലെന്ന് ഏവര്‍ക്കും അറിയാം. കാരണം ഇതുവരെ മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ഇരുന്നുകൊടുത്ത ചരിത്രം 56 ഇഞ്ചിന്റെ നെഞ്ചളവിന്റെ പ്രതീകത്തിനില്ല. മന്‍കി ബാത് എന്ന റേഡിയോ പ്രഭാഷണവും തിരിച്ചു ചോദ്യങ്ങളുണ്ടാവാത്ത ടെലിപ്രോംപ്റ്റര്‍ പ്രസംഗവും മാത്രമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്താറുള്ളത്. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതി ഒന്നു തണുപ്പിക്കാന്‍ അസ്ഥിരമായ ഊര്‍ജ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ സ്ഥിരമായ മുന്‍ഗണനയെന്ന് രാവിലെ പ്രതികരിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ പേരില്‍ പുറത്തുവന്ന പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ് എന്ന ട്രംപിന്റെ വാദം തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. അതായത് സംഭവത്തില്‍ പേരിന് പ്രതികരിച്ചുവെന്നല്ലാതെ പ്രസക്തമായ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മിണ്ടിയിട്ടില്ല. ഡൊണാള്‍ഡ് ട്രംപിന്റെ പേര് ഉച്ചരിക്കുകയേ ചെയ്തിട്ടില്ല. നേരത്തെ ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന സമയത്ത് ട്രംപ് അവകാശവാദം ഉന്നയിച്ച സമയത്തും ഡൊണാള്‍ഡ് ട്രംപിന്റെ പേര് പറഞ്ഞൊരു നിരാകരണത്തിന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും തയ്യാറായിരുന്നില്ല. പിന്നീട് ലോകത്തിലെ പലവേദികളിലടക്കം 40 പ്രാവശ്യത്തിലധികം ട്രംപ് ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ഉന്നയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രണ്ട് ദിവസം മുമ്പ് വരെ ട്രംപാണ് ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് പറഞ്ഞു.

പാര്‍ലമെന്റില്‍ ഇന്ത്യ- പാക് ഉഭയകക്ഷി ബന്ധത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെട്ടതിനെ കുറിച്ചുള്ള ചോദ്യത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോഴും ഒഴിഞ്ഞുമാറാനാണ് മോദി ശ്രമിച്ചത്. ഒടുവില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ധൈര്യത്തിന്റെ പാതിയെങ്കിലും നരേന്ദ്ര മോദിയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ ട്രംപ് കള്ളം പറയുകയാണെന്ന് പാര്‍ലമെന്റില്‍ പറയുമായിരുന്നുവെന്ന് വരെ പരിഹസിച്ചു. ട്രംപ് നിങ്ങള്‍ കള്ളനാണ്, കള്ളത്തരം പറയുന്നു നിങ്ങളല്ല വെടിനിര്‍ത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് പറയുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ നെഹ്‌റു സര്‍ക്കാരിനെ പതിവുപോലെ കുറ്റം പറഞ്ഞു ഒഴിഞ്ഞുമാറി മോദി. പിന്നീട് വലിയ രീതിയില്‍ വിഷയത്തില്‍ പരിഹാസത്തിന് പാത്രമായെന്ന് തോന്നിയപ്പോള്‍ പോലും ലോകത്തിലെ ഒരു നേതാക്കളും ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താനാവശ്യപ്പെട്ടില്ലെന്ന് പറഞ്ഞു ട്രംപിന്റെ പേര് പറയാതെ പ്രധാനമന്ത്രി മോദി തടിതപ്പി.

ഇപ്പോള്‍ റഷ്യന്‍ എണ്ണയിലെ ട്രംപിന്റെ പ്രഖ്യാപനത്തിലും മിണ്ടാട്ടം മുട്ടിനില്‍ക്കുന്ന നരേന്ദ്ര മോദിയോട് അതേ പരിഹാസത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു. നരേന്ദ്ര മോദിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേടിയാണ്. അതുകൊണ്ടാണ് അമേരിക്കന്‍ നേതാവിന് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വ്യാപാരത്തില്‍ തീരുമാനവും പ്രഖ്യാപനം നടത്താന്‍ കഴിയുന്നത്. ഇന്ത്യയുടെ തീരുമാനങ്ങള്‍ ട്രംപ് പറയുമ്പോള്‍ അവഗണന നേരിട്ടും ട്രംപിന് നിരന്തരം അഭിനന്ദന സന്ദേശമയക്കാന്‍ മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയ്ക്ക് കഴിയുന്നതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ത്യന്‍ വിഷയങ്ങളില്‍ ട്രംപ് തീരുമാനമെടുക്കാന്‍ മോദി അനുവദിച്ചു പഞ്ചപുച്ഛമടക്കി നില്‍ക്കുന്നുവെന്ന വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. റഷ്യന്‍ എണ്ണ വ്യാപാരം സംബന്ധിച്ച ട്രംപിന്റെ പരാമര്‍ശം ഇതായിരുന്നു.

‘റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല. എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനല്‍കി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കും’.

വിദേശകാര്യ മന്ത്രാലയം വളഞ്ഞുമൂക്കുപിടിച്ചു പറഞ്ഞ പ്രസ്താവനയൊന്നും നരേന്ദ്ര മോദിയുടെ ട്രംപ് വിധേയം പൊതിഞ്ഞുപിടിക്കാന്‍ മതിയാവില്ലെന്ന് പ്രതിപക്ഷം പറയുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരിഹാസവും കുറിയ്ക്ക് കൊള്ളുന്നതായിരുന്നു.

Read more

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് മോദി ഉറപ്പുനല്‍കിയതായി യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. മോദി പ്രധാന തീരുമാനങ്ങള്‍ അമേരിക്കയ്ക്ക് ഔട്ട്സോഴ്സ് ചെയ്തതായി തോന്നുന്നു. 56 ഇഞ്ച് നെഞ്ചളവ് ചുരുങ്ങി ചുരുണ്ടുപോയിരിക്കുകയാണ്.