എല്ലാ ഭരണാധികാരികളും ഒരു കൊറിയ സ്വപ്‌നം കാണുന്നു, ലോക്ഡൗണ്‍ കാലത്തെ മോദിയും പിണറായിയും

സജീദ് ഖാലിദ്

ലോക്ഡൗണ്‍ കാലത്ത് ഉത്തര കൊറിയയുടെ പ്രസിഡണ്ട് കിം ജോങ് ഉന്‍ എവിടെ എന്ന കൗതുകകരമായ അന്വേഷണം നടന്നിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയെ സംബന്ധിച്ച് വിചിത്രമായ പല കഥകളും ആയിരുന്നു ആ സമയത്ത് പ്രചരിച്ചത്. ഏകാധിപത്യം തുടരുന്ന രാജ്യമാണ് ഉത്തര കൊറിയ. ജനങ്ങളുടെ മേല്‍ ഭരണകൂട നിയന്ത്രണങ്ങള്‍ ശക്തവും കുടുംബ വാഴ്ച തുടരുന്ന കടുത്ത ഏകാധിപത്യം പിന്തുടുന്ന രാജ്യവുമാണത്. കല്ലേപിളര്‍ക്കുന്ന കല്പനകള്‍ മാത്രംം കേട്ട് പരിചയമുള്ള ജനങ്ങളാണവിടെ. സത്യത്തില്‍ ലോകത്തെ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒട്ടുമിക്ക ഭരണകൂടങ്ങളും ഒരു ഉത്തര കൊറിയ നിഗൂഢമായി സ്വപ്നം കാണുന്നവരാണ്. ഭരണാധികാരികള്‍ കിം ജോങ് ഉന്നിനെയും.

ഈ നിഗൂഢതയുടെ പ്രതിഫലനം ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ നരേന്ദ്രമോദി നേതൃത്വം സംഘ്പരിവാര്‍ ഭരണകൂടത്തിലും കേരളത്തിലെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിലും ഈ സാമൂഹിക നിയന്ത്രണങ്ങളുടെ വെളിച്ചത്തില്‍ കാണാം. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങളെ സകല സീമകളും ലംഘിക്കുമാറ് ഉപയോഗപ്പെടുത്താനും സ്വന്തം വാനര സേനകളായ പി.ആര്‍ ടീമുകളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം എതിരാളികള്‍ക്ക് നേരെ മോബ് ലിഞ്ചിംഗ് നടത്താനുമാണ് ഈ സാഹചര്യം രാജ്യത്തെയും സംസ്ഥാനത്തെയും ഭരണകൂടങ്ങള്‍ വിനിയോഗിച്ചത്. ഡല്‍ഹി അടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകര നിയമങ്ങളുപയോഗിച്ച് കേസെടുക്കലും അറസ്റ്റുകളും നടന്നു കൊണ്ടിരിക്കുകയാണ്. ഭീമാ കൊറേഗാവ് സംഭവത്തിന്റെ പേരില്‍ രാജ്യത്ത് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന പൈശാചിക വത്കരിക്കലും വേട്ടയാടലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് ചിന്തകരിലൊരാളായ ആനന്ദ് തെല്‍തുംബ്ഡെ, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഗൗതം നവ്‌ലഖെ എന്നിവര്‍ക്കെതിരെ ഭീമാ കൊറേഗാവ് സംഭവത്തിന്റെ പേരില്‍ ചുമത്തപ്പെട്ട കള്ളക്കേസുകളില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തത് അംബേദ്കര്‍ ദിനമായ ഏപ്രില്‍ 14- നാണ്. അംബേദ്കറുടെ പേരമകളുടെ ഭര്‍ത്താവാണ് ആനന്ദ് തെല്‍തുംബ്ഡെ. ആക്ടിവിസ്റ്റുകളായ സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫെരേര, വരവരറാവു തുടങ്ങിയവരെ ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂന്നുവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്. ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ചില രേഖകളാണ് ആനന്ദ് തെല്‍തുംബ്ഡെയുടെ പങ്കാളിത്തത്തിന് തെളിവായി പൂനെ പൊലീസ് പറയുന്നത്. അഞ്ച് കത്തുകളാണ് തെളിവായി പൂനെ പൊലീസ് ഹാജരാക്കിയത്. ഇതില്‍ ഒന്നിലും തെല്‍തുംബ്ഡെയെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്നില്ല. മറിച്ച് കോമ്രേഡ് ആനന്ദ്, ആനന്ദ് ടി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ആനന്ദ് തെല്‍തുംഡെയെ കുറിച്ചുള്ളതാണെന്നാണ് പൊലീസിന്റെ വാദം

“”എനിക്ക് എപ്പോള്‍ നിങ്ങളോട് വീണ്ടും സംസാരിക്കാന്‍ കഴിയുമെന്ന് അറിയില്ല. എന്നിരുന്നാലും, നിങ്ങളുടെ ഊഴം വരുന്നതിനു മുമ്പ് നിങ്ങള്‍ സംസാരിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു””- ആനന്ദ് തെല്‍തുംബ്ഡെ കീഴടങ്ങുന്നതിന് തൊട്ട് മുമ്പ് എഴുതിയ തുറന്ന കത്തില്‍ പറഞ്ഞതാണ് ഈ വാചകങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടെത്തിന്റെ രാഷ്ട്രീയ എതിരാളികളായ ആരെയും കാത്തിരിക്കുന്ന രാഷ്ട്രീയ വിധിയാണ് തെല്‍തുംബ്ഡെക്ക് സംഭവിച്ചത്. രാജ്യത്ത് 2014 മുതല്‍ സമഗ്രാധിപത്യം നടത്തി കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പൊട്ടിപ്പുറപ്പെട്ട പൗരത്വ പ്രക്ഷോഭങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് അത് ശക്തി പ്രാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ റോളൊന്നും ഇല്ലാതെ പൌരസമൂഹം നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭത്തിന് തുടക്കമിട്ടത് ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെയും അലിഗഡ് സര്‍വ്വകലാശാലയിലെയും വിദ്യാര്‍ത്ഥികളാണ്. പിന്നീട് ഷഹീന്‍ ബാഗിലെ സ്ത്രീകളാരംഭിച്ച സമരവും അതിനോടൊപ്പം രാജ്യത്തെങ്ങും പടര്‍ന്നു പന്തലിച്ച സമരവും തുടര്‍ന്നു. 2020 ആരംഭിച്ചത് പ്രക്ഷോഭങ്ങളുടെ നീണ്ട പ്രവാഹത്തിലായിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സ്ത്രീകളും വിദ്യാര്‍ത്ഥികളും അണിനിരന്ന വന്‍ സമര പരമ്പര നടക്കുന്നതിനിടെയാണ് കൊറോണ ഭീഷണി രാജ്യത്തും ഉയര്‍ന്നത്. അതിനെ തുടര്‍ന്നുണ്ടായ സാമൂഹിക നിയന്ത്രണണങ്ങളോട് ജനാധിപത്യപരമായി സഹകരിച്ചതിനെ തുടര്‍ന്ന് പ്രത്യക്ഷ സമരങ്ങളെല്ലാം നിര്‍ത്തിവെയ്ക്കുകയുണ്ടായി. സംഘ്പരിവാര്‍ സര്‍ക്കാര്‍ അതേ ജനാധിപത്യ മര്യാദ തിരികെ കാട്ടിയിട്ടില്ല. തുടക്കത്തില്‍ തന്നെ സമര പന്തല്‍ പൊളിച്ച് തീയിടുന്നതാണ് കണ്ടത്.

പിന്നീട് അതിലും ക്രൂരമായ അധികാര പ്രയോഗങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. വടക്ക് കിഴക്ക് ഡല്‍ഹിയില്‍ 2020 ഫെബ്രുവരി അവസാനം നടന്ന മുസ്ലിം വംശീയ ഉന്മൂലനം പൗരത്വ പ്രക്ഷോഭത്തോടുള്ള സംഘ്പരിവാര്‍ പകപോക്കലായിരുന്നു. കപില്‍ മിശ്ര അടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ പരസ്യമായി നടത്തിയ കലാപാഹ്വാനത്തെ തുടര്‍ന്നാണ് ഉത്തര പ്രദേശില്‍ നിന്നും മറ്റ് പുറം സംസ്ഥാനങ്ങളില്‍ നിന്നും കടന്നു വന്ന സായുധ ക്രിമിനലുകള്‍ ദിവസങ്ങളോളം മുസ്ലിം ഭവനങ്ങളും കോളനികളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും തിരഞ്ഞ് പിടിച്ച് നശിപ്പിച്ചത്. ഈ കലാപത്തിന്റെ ഉത്തരവാദിത്വം ഇരകളാക്കപ്പെട്ട മുസ്ലിം സമുദായത്തിലെ വിദ്യാര്‍ത്ഥികളില്‍ കെട്ടിവെയ്ക്കുന്ന കാഴ്ചയാണ് കാണാനായത്. പൗരത്വ പ്രക്ഷോഭത്തിന്റെ നെടുംതൂണുകളായിരുന്ന വിദ്യാര്‍ത്ഥി നേതാക്കളെ ഓരോരുത്തരായി തിരഞ്ഞു പിടിച്ച് യു.എ.പി.എ ചാര്‍ത്തി കലാപ ഉത്തരവാദിത്വം തലയില്‍ കെട്ടിവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ഡല്‍ഹി പൊലീസ്. കശ്മീരിയായ ജാമിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗര്‍, ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഡോ. ഉമര്‍ ഖാലിദ് , ജാമിയയിലെ വിദ്യാര്‍ത്ഥി നേതാവ് മീരാന്‍ ഹൈദര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് ഷിഫ ഉര്‍ റഹമാന്‍ തുടങ്ങിയവരെ പൊലീസ് ലോക്ഡൗണ്‍ കാലത്താണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇതെല്ലാം ഫാബ്രിക്കേറ്റ് ചെയ്ത കേസുകളാണെന്ന് എല്ലാവര്‍ക്കും അറിയാം. പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക പൂര്‍ണവിരാമം കുറിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഉദ്ദേശം. പൗരത്വ പ്രക്ഷോഭത്തിന്റെ നെടുംതൂണുകളായി നിലയുറപ്പിച്ച വേറെയും വിദ്യാര്‍ത്ഥികളെ പൊലീസ് നോട്ടമിട്ടിട്ടുണ്ട്.

കോവിഡ്-19 മഹാമാരി പടരുമ്പോല്‍ അതിന്റെ പ്രതിരോധത്തിനോ ലോക് ഡൗണ്‍ മൂലം പ്രയാസമനുഭവിക്കുന്ന സാധാരണ തൊഴിലാളി സമൂഹത്തിനോ തരിമ്പ് പോലും സഹായം ചെയ്യാന്‍ തയ്യാറാകാത്ത ഭരണകൂടമാണ് ഇത്തരം സമ്പൂര്‍ണ അധികാര സ്ഥാപനത്തിനായി ജനാധിപത്യവിരുദ്ധവും നീതിവിരുദ്ധവുമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. ലോകത്ത് പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനുള്ള ക്രിയാത്മകമായ പദ്ധതിയില്ല. രാജ്യത്തെ പലഭാഗങ്ങളിലും പ്രയാസമനുഭവിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളെ അവരവരുടെ നാട്ടിലേക്കെത്തിക്കാന്‍ തീവണ്ടിക്കാശ് പോലും പിടിച്ച് പറിക്കുന്ന സര്‍ക്കാരാണ് ലോക്ഡൗണ്‍ കാലത്തുള്ളത്. ഇതിനിടയില്‍ വായ്പയെടുത്ത് മുങ്ങിയ കോര്‍പ്പറേറ്റ് ക്രിമിനലുകളുടെ 68000 കോടി രൂപ എഴുതി തള്ളിയിട്ടുണ്ട്. കെടുകാര്യസ്ഥതയും കഴിവുകേടുകളും മറയ്ക്കാനും ജനങ്ങളുടെ മുന്നില്‍ അധികാരം സ്ഥാപിക്കാനും പി.ആര്‍ ഗിമിക്കുകളാണ് പ്രധാന മന്ത്രി കാട്ടുന്നത്. വിളക്ക് തെളിക്കുക, കൈകൊട്ടി പാടുക തുടങ്ങി അനുസരണയുള്ള ആട്ടിന്‍ പറ്റങ്ങളുടെ വാഴ്ത്തു പാട്ടുകള്‍ ലഭിക്കാനും തന്റെ സമ്പൂര്‍ണ വിധേയരാണ് രാജ്യത്തെ ജനങ്ങളെന്ന് തെളിയിക്കാനുമുള്ള വമ്പന്‍ ട്രിക്കുകളാണ് ഭരണകൂടം പ്രയോഗിക്കുന്നത്.

കേരള ഭരണകൂടവും ഈ കാലത്തെ സുവര്‍ണ കാലമായാണ് കണക്കാക്കുന്നത്. 2014 മുതല്‍ നരേന്ദ്രമോദി സൃഷ്ടിച്ചെടുത്ത ഭരണ പാറ്റേണിനെ മുഴത്തിന് മുഴമായും ചാണിന് ചാണായും അനുകരിക്കുന്ന രീതിയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ തെളിമയാര്‍ന്ന പ്രയോഗം ഏറ്റവും ശക്തമായി കണ്ടത് ദുരന്ത സന്ദര്‍ഭങ്ങളാണ്. എല്ലാം എന്റെ കൈകളിലൂടെ മാത്രം ഭദ്രമായി പോകുന്നു , ഞാനുള്ളതു കൊണ്ട് മാത്രം ഈ കേരളം നില നില്‍ക്കുന്നു എന്ന തരത്തില്‍ കേരളം ചരിത്രകാലം മുതല്‍ നവോത്ഥാനമടക്കമുള്ള വലിയ സാമൂഹിക വിപ്ലവങ്ങളിലൂടെ നേടിയെടുത്ത സാമൂഹിക പുരോഗതി മുഴുവന്‍ റദ്ദു ചെയ്യുന്ന തരത്തിലുള്ള പി.ആര്‍ അഭ്യാസങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.

രാജ്യത്തെയും ലോകത്തിലെ തന്നെ മറ്റ് പലയിടങ്ങളെയും താരതമ്യം ചെയ്താല്‍ മികച്ച രീതിയിലാണ് കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നതില്‍ സംശയമില്ല. എന്നു കരുതി ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്തെയും ഏറ്റവും മികച്ച രീതി കേരളത്തിന്റെതാണെന്നു പറയാനുമാവില്ല. എന്തായാലും കോവിഡിനെ ഇങ്ങനെ പ്രതിരോധിക്കാനുള്ള കാരണം പലതാണ്. അതിലൊന്ന് കേരള രൂപവത്കരണത്തിന് മുമ്പ് തന്നെ പൊതുജനാരോഗ്യ രംഗത്ത് ആര്‍ജ്ജിച്ചെടുത്ത പുരോഗതിയാണ്. മാറി മാറി വന്ന സര്‍ക്കാരുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സ്മരണീയമാണ്.

നവോത്ഥാനത്തിലെ സാമൂഹിക ഉള്ളടക്കം ഇപ്പോഴും വലിയ സ്വാധീനം ചെലുത്തുന്നതിനാല്‍ മത സമൂഹങ്ങളടക്കം നേടിയെടുത്ത പുരോഗമന സ്വഭാവം വലിയ ഘടകമാണ്. കേരളത്തിലെ മത-രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ മത്സരാധിഷ്ഠിത സ്വഭാവവും ജനകീയതയും ഇതിന് കാരണമാണ്. ഇതിന്റെയെല്ലാം സമൂഹ തണലില്‍ പ്രവര്‍ത്തനങ്ങളെ അനായാസം കൊണ്ട് പോകാന്‍ ഒരു ഭരണകൂടത്തിന് സാധിക്കും. താരതമ്യേന ഉന്നത ജനാധിപത്യഭാവം പുലര്‍ത്തുന്ന കേരള ജനത ലോക്ഡൗണിനെയും സാമൂഹിക നിയന്ത്രണങ്ങളേയും സര്‍വാത്മനാ സ്വീകരിച്ചത് ഈ സാമൂഹിക പുരോഗതിയുടെ ഫലമാണ്. പൊലീസിന്റെ തേര്‍വാഴ്ചയും അധികാര പ്രയോഗവുമല്ല നിയന്ത്രണങ്ങള്‍ വിജയിക്കാന്‍ കാരണം. അതുകൊണ്ട് തന്നെ രോഗത്തിന്റെ സാമൂഹിക വ്യാപനത്തെ വലിയ അളവില്‍ പ്രതിരോധിക്കാന്‍ കേരളത്തിനായി. പക്ഷേ കേരളം ഭരിക്കുന്ന പിണറായി വിജയനും കൂട്ടരും ഇത് തങ്ങളുടെ സമഗ്രാധിപത്യത്തിന്റെ അവസരമായും എതിരാളികളെ ഫിനിഷ് ചെയ്യാനുള്ള തക്കമായും മനസ്സിലാക്കി. നേരത്തേ തന്നെ ആസൂത്രിതമായി പ്ലാന്‍ ചെയ്ത പി.ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ മാധ്യമങ്ങളെയടക്കം വലയിലാക്കി നടത്തിയ പ്രചാരണത്തിലൂടെ കേരളത്തിലെ ഏകശിലാ വിഗ്രഹമായി പിണറായി വിജയന്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഭരണകൂടത്തിന്റെ ഭാഗമാണ് പ്രതിപക്ഷം. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തി പ്രതിപക്ഷത്തെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രയോഗങ്ങള്‍ എല്ലാ ദിവസവും വാര്‍ത്താസമ്മേളനങ്ങളില്‍ നടത്തുകയും അത് റാന്‍ മൂളികളായ മാധ്യമ ശിങ്കങ്ങളിലൂടെയും പി.ആര്‍ കുഴലൂത്തുകാരായ സോഷ്യല്‍ മീഡിയാ പ്രചാരകരിലൂടെയും കാമ്പയിനുകളായി നടത്തുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രി സ്വീകരിച്ച ഒരു രീതി.

ലോകത്ത് തന്നെ അതി പ്രധാന പ്രശ്നമായി ഉയരുന്ന ഒന്നാണ് ഡാറ്റാ ചോര്‍ച്ച. പ്രത്യേകിച്ച് ആരോഗ്യ വിവരങ്ങള്‍. അതിപ്രധാനമായ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ സ്പ്രിംക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തിയത് പ്രതിപക്ഷം ഉന്നയിച്ച വലിയ പ്രശ്നമാണ്. ഇതിനെ അപഹസിക്കുകയും ഐ.ടി സെക്രട്ടറിയെ ഉപയോഗിച്ച് കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന മാതിരി കൈ കഴുകുന്ന രീതിയുമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഡാറ്റാ സുരക്ഷയെ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെ നിസ്സാരമായി തള്ളാനാവില്ല എന്നതാണ് പിന്നീട് മനസ്സിലാക്കാനാവുന്നത്. കാസര്‍ഗോഡുള്ള നിരവധി കോവിഡ് രോഗികളെ മംഗലാപുരത്തും ബാംഗ്ളൂരിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വലിച്ചത് ഈ അപകടത്തെ ശരിവെയ്ക്കുന്ന വിധമുള്ളതാണ്. എന്നാല്‍ ഈ പ്രശ്നത്തെ പൊതുജനസമക്ഷവും അധികാരികളുടെ മുന്നിലും എത്തിച്ച ഇംദാദ് എന്ന ചെറുപ്പക്കാരനെതിരെ വ്യാജകേസെടുക്കുകയാണ് പൊലീസ് ചെയ്തത്. എന്നു മാത്രമല്ല മുഖ്യമന്ത്രി തന്നെ ഈ ചെറുപ്പക്കാരനെതിരെ തരംതാണ പ്രയോഗങ്ങള്‍ നടത്തി വാര്‍ത്താസമ്മേളനത്തിലൂടെ അപഹസിക്കുകയും ചെയ്തു. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കുകയോ സംഭവത്തില്‍ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സിപിഎമ്മുകാരല്ലാത്ത എല്ലാവരെയും ഭയപ്പെടുത്തി പിന്‍മാറ്റുക എന്ന രീതിയും കാണുകയുണ്ടായി. സര്‍ക്കാര്‍ തന്നെ ആരംഭിച്ച സന്നദ്ധ സേനയില്‍ സിപിഎമ്മുകാരല്ലാത്തവരുടെ മിക്ക അപേക്ഷകളും തള്ളി. സന്നദ്ധ സേനയില്‍ അംഗത്വം ലഭിച്ചവര്‍ ഔദ്യോഗിക അനുമതിയോടെ നടത്തിയ പ്രവര്‍ത്തനങ്ങളെ തന്നെ സിപിഎമ്മിന്റെ പ്രാദേശിക ഗുണ്ടാസംഘങ്ങള്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്.

പായിപ്പാട്ട് ലോക്ഡൗണിന്റെ ആരംഭകാലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച് തെരുവിലിറങ്ങിയ സംഭവമുണ്ടായി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞത് ഒന്നിലധികം ശക്തികള്‍ ചേര്‍ന്നാണ് അവരെ ഇളക്കി വിട്ടത് എന്നാണ്. ഇന്നുവരെ ആ ശക്തികളേതൊക്കെയെന്ന് പൊലീസ് കണ്ടത്തിയിട്ടില്ല. പകരം ലോക്സഭാ തിരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത സംഘടനകളുടെ പ്രവര്‍ത്തകരെ വേട്ടയാടാനാണ് ഈ അവസരം ഉപയോഗിച്ചത്. അത്തരം നിരവധി പേരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുക്കുകയും ചോദ്യം ചെയ്യുകയും സ്റ്റേഷനില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ പലഭാഗത്തും കോണ്‍ഗ്രസ് മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സന്നദ്ധ സേവനം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്

അതിലെല്ലാം ഉപരിയാണ് കേരളത്തില്‍ നടന്നു വരുന്ന പൊലീസ് രാജ്. കേരളാ സര്‍ക്കാര്‍ കൃത്യമായി ഫ്രെയിം ചെയ്ത് എന്‍.ഐ.എ ക്ക് ഇട്ടുകൊടുത്ത കേസാണ് പന്തീരങ്കാവ് കേസ്. അതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരായ അലനും ത്വാഹയും ആറ് മാസക്കാലത്തിലേറെയായി ജയിലിലാണ്. ഇന്നുവരെ അവര്‍ ചെയ്ത പാതകമെന്തെന്ന് കൃത്യമായി പറയാന്‍ പൊലീസിനോ എന്‍.ഐ.എക്കോ ആയിട്ടില്ല. മുഖ്യമന്ത്രി അവരെ കുറ്റക്കാരാക്കും വിധത്തില്‍ അവഹേളിച്ചു സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ കേസിന്റെ പേരില്‍ കേരളത്തില്‍ പലഭാഗത്തും റെയിഡുകളും ചോദ്യം ചെയ്യലുകളും തുടരുകയാണ്.

ഈ ലോക് ഡൗണ്‍ കാലത്തും സംഘ്പരിവാര്‍ പ്രവര്‍ത്തകരോ സിപിഎം പ്രവര്‍ത്തകരോ തങ്ങളുടെ ക്രിമിനല്‍ സ്വഭാവം നിര്‍ത്തിവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുടെ കഴുത്ത് വെട്ടിയത് ഈ കാലത്താണ്. തലനാരിഴക്കാണ് അയാള്‍ മരണത്തില്‍ നിന്ന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് ആക്രമണത്തിന് വിധേയരായവര്‍ പറയുന്നത്. പ്രതികളെ പൊലീസ് പിടിച്ചിട്ടില്ല എന്നത് അത് ശരിവെയ്ക്കുന്നു. സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നവരെ നിശ്ശബ്ദമാക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാരുകള്‍ ഇതുപയോഗിക്കുകയാണ്. ജനാധിപത്യത്തിന്റെ അവസാന ശ്വാസമാണ് ഇപ്പോഴുള്ളത്. അത് നിലനിര്‍ത്താനായില്ലെങ്കില്‍ കോവിഡ് കാലം കഴിയുന്നത് അതിലും വലിയ ഭരണകൂട ഭീകരത എന്ന മഹാമാരിയുടെ പിറവിയോടെയാകും

(ലേഖനത്തിലെ അഭിപ്രായങ്ങള്‍ ലേഖകന്റേത് മാത്രമാണ്)