മന്‍സിയക്ക് ഐക്യദാര്‍ഢ്യം , നമുക്ക് വേണ്ടത് മതേതരമായ സംസ്‌കാരിക കൂട്ടായ്മകള്‍

വി പി മന്‍സിയ എന്ന പ്രതിഭാധനയായ കലാകാരിക്ക് കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ നല്‍കിയ അനുമതി ക്ഷേത്ര സമിതി പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ ചൂട് പിടിച്ചിരിക്കുകയാണല്ലോ, മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി നല്‍കിയിരിക്കുന്ന വിശദീകരണം. ഈ നടപടിയാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയത്. മുസ്ളീം സമുദായത്തില്‍ ജനിച്ച മന്‍സിയ ഭരതനാട്യം അടക്കമുള്ള ക്ളാസിക്കല്‍ നൃത്തരൂപങ്ങള്‍ സ്വായത്തമാക്കിയത് കൊണ്ട് യഥാസ്ഥിതികരില്‍ നിന്ന് കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ട വന്നയാളാണ്. പിന്നീട് മത രഹിതയായി ജീവിക്കാന്‍ ആഗ്രഹിച്ച അവര്‍ ഹിന്ദുമതത്തില്‍ ജനിച്ച ശ്യാം എന്ന മറ്റൊരു കലാകാരനെ വിവാഹം കഴിക്കുകയും ചെയ്തു. ക്ഷേത്ര ഭരണ സമിതി മതം ഏതാണെന്ന് ചോദിച്ചപ്പോള്‍ തനിക്ക് മതമില്ലന്ന ഉത്തരമാണ് അവര്‍ നല്‍കിയതത്രെ.

അമ്പലങ്ങളും പള്ളികളുമെല്ലാം മതേതരമായ ഇടങ്ങളല്ല, മത വിശ്വാസികള്‍ക്ക് മാത്രം കാര്യമുള്ള ഇടങ്ങളാണ്. കലയ്ക്ക് മതമില്ലങ്കിലും അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും അവര്‍ സൃഷ്ടിച്ച തരാതരം ദൈവങ്ങള്‍ക്കും മതമുണ്ടല്ലോ. അത് കൊണ്ട് തന്നെ മതമില്ലാത്തവര്‍ ആ വഴിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ക്ഷേത്രങ്ങള്‍ പോലുളള മതപരമായ ഇടങ്ങളിലൂടെയേ കലയ്ക്കും കലാകാരന്‍മാര്‍ക്കും വളരാന്‍ കഴിയൂ എന്നത് തേഞ്ഞ് പഴകിയ ഒരു മിത്താണ്. കലയും കലാകാരന്‍മാരും വളരേണ്ടത്് തികച്ചും മതേതരമായ ഇടങ്ങളിലാണ്. ലോകമെങ്ങുമുള്ള പ്രഗല്‍ഭരായ പ്രതിഭാധനരാരായ കലാകാരന്‍മാരെ നോക്കൂ, അവരെല്ലാം പൊതു ഇടങ്ങളിലെ തങ്ങളുടെ കലാ സാംസ്‌കാരിക പ്രകടങ്ങളിലൂടെയാണ് ലോകത്തിന് മുന്നില്‍ അതുല്യപ്രതിഭാശാലികളായി തീര്‍ന്നതും. ചരിത്രം സൃഷ്ടിച്ചതും. അവരാരും യഥാസ്ഥിതിക മതങ്ങള്‍ പണിതുയര്‍ത്തിയ നിരോധിതമേഖലകളിലേക്ക് അതിക്രമിച്ച് കയറാന്‍ ആഗ്രഹിക്കുകയോ താല്‍പര്യപ്പെടുകയോ ചെയ്തട്ടില്ല. അത് കൊണ്ട് അവരുടെ പ്രതിഭകള്‍ക്ക് അല്‍പ്പം പോലും മങ്ങലേല്‍ക്കുകയും ചെയ്തില്ല. മെഹ്്ദി ഹസനും, ഗൂലാം അലിയും പണ്ഡിറ്റ് രവിശങ്കറും ഹുസ്താദ് സക്കീര്‍ ഹുസൈനും, പത്മാ സുബ്രമണ്യവും , ബിര്‍ജു മഹാരാജും, കുമാര്‍ ഗന്ധര്‍വ്വയും, ഭീം സെന്‍ ജോഷിയും ഉമാ ശര്‍മ്മയുമൊന്നും തങ്ങള്‍ക്ക് അവസരം തരുമോ എന്ന് ചോദിച്ച് ഒരു ക്ഷേത്ര കമ്മിറ്റിക്ക് മുമ്പിലും,പള്ളിക്കമ്മിറ്റിക്ക് മുമ്പിലും തലചൊറിഞ്ഞ് നിന്നില്ല. തങ്ങളുടെ കഠിനാധ്വാനവും, പ്രതിഭയും മാത്രം ചവിട്ടുപടിയാക്കിയാണ് അവര്‍ ഉയരങ്ങളിലേക്ക് കയറിപ്പോയത്.

യേശുദാസിനെ ഇപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിയിട്ടില്ല. അപ്പോള്‍ പിന്നെ മന്‍സിയയെ കൂടല്‍മാണിക്യത്തില്‍ കയറ്റാത്തതില്‍ വലിയ അത്ഭൂതമില്ലല്ലോ. എന്തിന് കലാമണ്ഡലം ഹൈദരാലിക്ക് പാടാന്‍ ക്ഷേത്രത്തിന്റെ മതില് പൊളിച്ച് വേദി ഒരുക്കേണ്ടി വന്നത് ഏതാണ്ട് രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ്. യഥാസ്ഥിതികത അടിമുടി ചൂഴ്ന്ന് നില്‍ക്കുന്നവയാണ് മതസ്ഥാപനങ്ങള്‍, ആരുടെ മത സ്ഥാപനങ്ങളായാലും അങ്ങിനെ തന്നെയാണ്. അവിടങ്ങളില്‍ മതരഹിതയായ, ലിബറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മന്‍സിയയെ പോലുളള കലാകാരന്‍മാര്‍ക്ക് ഇടം ലഭിച്ചുവെന്ന് വരില്ല. അത് കൊണ്ട് തന്നെ മതേതര കേരളം ചര്‍ച്ച ചെയ്യേണ്ടത് മറ്റൊരു കാര്യമാണ്. മതരഹിതരും മതേതര ജീവിതം ജീവിക്കുന്നവരുമായ കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കലാപ്രകടനങ്ങള്‍ ഒരുക്കാന്‍ മതേതരമായ ഇടങ്ങള്‍ ഒരുക്കി നല്‍കണ്ട ബാധ്യത ലിബറല്‍ സമൂഹത്തിനുണ്ട്. മന്‍സിയയെ അമ്പലത്തില്‍ കയറ്റി പാടിക്കണമെന്നാണ് ആര്‍ എസ് എസിന്റെ തപസ്യമുതല്‍ സി പി എമ്മിന്റെ പുകസ വരെ ആവശ്യപ്പെടുന്നത്. അതിന് പകരം തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍, അല്ലങ്കില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍, എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ അല്ലങ്കില്‍  അതു പോലുള്ള കേരളത്തിലെ പൊതു ഇടങ്ങളില്‍ മന്‍സിയ എന്ന കലാകാരിക്ക് തന്റെ കലാപരിപാടി അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്ന് പറയുകയാണ് വേണ്ടത്.

മതം മനുഷ്യന് ഒരു ആവശ്യവസ്തുവല്ല, എന്നാല്‍ മാനവികത മനുഷ്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണ് , ഏത് വ്യക്തിക്കും അവന്റെ സ്വതന്ത്രമായ ആവിഷ്‌കാരത്തിന് വേദിയൊരുക്കുക എന്നത് മാനവികതയില്‍ വിശ്വസിക്കുന്നവരുടെ കടമാണ്. സ്വതന്ത്രമായ ബൗദ്ധിക കലാ ആവിഷ്‌കാരങ്ങളാണ് ചൈതന്യമുളള ഒരു സമൂഹത്തെയും അതിലെ മനുഷ്യരെയും സൃഷ്ടിക്കുന്നത്്. മതത്തെയും മത വേദികളെയും സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ക്ക് ഒരിക്കലും ഉപയോഗപ്പെടുത്തുക വയ്യ. കാരണം അവ അവയുടെ അ്സ്ഥിത്വം തന്ന യഥാസ്ഥിതികത്വമാണ്. അത് കൊണ്ട് തന്നെ അവ എക്കാലവും പഴകിയതും ചലനരഹിതവുമായ ആചാരങ്ങളുടെ കെട്ടുകളാല്‍ ബന്ധിതമായിരിക്കും. മതങ്ങളുടെ അന്ധവിശ്വാസങ്ങളും വിവരക്കേടുകളും, മണ്ടത്തരങ്ങളും സമ്മതിച്ച് കൊടുത്ത് അവയെ പ്രീണിപ്പിച്ച് ബാലന്‍സ് കെ നായര്‍ കളിക്കുന്ന ഉഡായിപ്പ് രീതിയെയാണ് മതേതരത്വം എന്ന് നമ്മള്‍ കരുതിയിരിക്കുന്നത് കേരളത്തിലാകട്ടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടതു വലതു ലിബറലുകളുമെല്ലാം യാഥാസ്ഥിതിക മതങ്ങളെ പേടിച്ചാണ് ജീവിക്കുന്നത്. എല്ലാ മതങ്ങളും നല്ലതാണ് അതിലുള്ള കുറച്ച് വര്‍ഗീയവാദികളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നാണല്ലോ നമ്മളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. സ്പിരിറ്റ് വളരെ നല്ലതാണ്, പക്ഷെ അത് കൊണ്ട് ബ്രാണ്ടിയുണ്ടാക്കുന്നതാണ് കുഴപ്പമെന്ന് പറയുന്നത് പോലെയാണിത്.

മന്‍സിയയെ പോലുള്ള കലാകാരികള്‍ നാടിന്റെ സ്വത്താണ്. അവരുടെ പ്രതിഭയുടെ തെളിച്ചങ്ങള്‍ വരും തലമുറകളെ ആ വഴികളിലൂടെ നടക്കാന്‍ പ്രേരിപ്പിക്കും, ജാതിയെയും മതത്തെയും അന്ധവിശ്വാസങ്ങളെയും അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഓര്‍ക്കുക, കലയും സംസ്‌കാരവും മാനവികതയുടെ ഉപ്പാണ്. അതിലൂടെയാണ് നമ്മള്‍ നല്ല മനുഷ്യരായി ജീവിക്കുന്നത്.