ജഗന്‍ ജയിച്ചാലും നായിഡു ജയിച്ചാലും ആന്ധ്രയില്‍ ഭരണപക്ഷം ഉറപ്പിച്ച് ബിജെപി!

ശത്രുവിന്റെ ശത്രു മിത്രം ലൈന്‍ മാത്രമല്ല ആന്ധ്രയില്‍ ഇടയില്‍ നിന്ന് ചോര കുടിക്കുന്ന പഴയ മുട്ടനാട് കഥയിലെ ചെന്നായ ലൈനു ബിജെപി കൃത്യമായി പയറ്റുന്നുണ്ട്. പ്രതിക്രിയ വാദവും വൈരുധ്യാത്മക ഭൗതികവാദവും ഒക്കെ പറഞ്ഞു നീട്ടിക്കുറുക്കുന്നതിനപ്പുറം അടുത്ത ആന്ധ്ര തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണപക്ഷവും പ്രതിപക്ഷവും ജയിച്ചാലും ഭരണപക്ഷത്തിരിക്കാനുള്ള വകയൊക്കെ ബിജെപി സെറ്റാക്കിയിട്ടുണ്ട്. ആന്ധ്രയിലെ ഭരണപക്ഷ- പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിയാണ് പഥ്യം. എന്‍ഡിഎയുമായി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരു കൂട്ടരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.

2024 ല്‍ ആന്ധ്രയെ സംബന്ധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നുവെന്നതിനാല്‍ കളം പിടിക്കാനുള്ള ശ്രമം ദേശീയ പാര്‍ട്ടികള്‍ക്കൊപ്പം പ്രാദേശിക പാര്‍ട്ടികള്‍ക്കുമുണ്ട്. ബിജെപിയെ സംബന്ധിച്ച് താലത്തില്‍ വെച്ചിരിക്കുന്ന മധുരപലഹാരം പോലെയാണ് ആന്ധ്രപ്രദേശിലെ ഭരണപക്ഷവും പ്രതിപക്ഷവും. സ്വയംവരത്തിന് മാല ആര്‍ക്ക് ചാര്‍ത്തണമെന്ന് നിശ്ചയിക്കാന്‍ സാധിക്കുന്ന വധുവിനെ പോലെയാണ് ബിജെപിയെ സംബന്ധിച്ച് ആന്ധ്രയിലെ അവസ്ഥ. ആരെ വേണമെങ്കിലും ഒപ്പം നിര്‍ത്താം, ആരെ വേണമെങ്കിലും തള്ളിക്കളയാം.

നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഡിയും പ്രതിപക്ഷത്തുള്ള ടിഡിപിയുടെ നേതാവ് എന്‍ ചന്ദ്രബാബു നായിഡുവും ഓടി നടന്നാണ് ബിജെപി നേതാക്കളെ കാണുന്നത്. നിലവില്‍ ആന്ധ്രയില്‍ ഒറ്റ എംഎല്‍എമാരില്ലാത്ത കോണ്‍ഗ്രസ് മാത്രമാണ് ഈ മൂന്ന് കൂട്ടരുടേയും ഒറ്റ ശത്രുവെന്ന് തോന്നും ഈ പരക്കം പാച്ചില്‍ കണ്ടാല്‍. വൈഎസ്ആര്‍ കോണ്‍ഗ്രസ്- ടിഡിപി പോരിനപ്പുറം കോണ്‍ഗ്രസ് കൂടി ഇക്കുറി തെലങ്കാന വിജയത്തിന്റെ ഊര്‍ജ്ജത്തില്‍ ആന്ധ്ര പിടിക്കാന്‍ ഇറങ്ങുമെന്നത് ഒരു വസ്തുതയാണ്. അപ്പോഴും സംസ്ഥാനത്ത് ഒരു ചലനത്തിനും വലിയ സാധ്യത കല്‍പ്പിക്കാത്ത ബിജെപിയെ ഒപ്പം നിര്‍ത്താന്‍ ജഗനും നായിഡുവും കാണിക്കുന്ന ആവേശം ജയിച്ചുവന്നാല്‍ ഇഡിയെ പേടിക്കാതെ സംസ്ഥാന ഭരണത്തില്‍ ഇരിക്കാമെന്നതാണ്.

ബിജെപി ബാന്ധവത്തിനുള്ള ആന്ധ്ര പാര്‍ട്ടികളുടെ ഓട്ടം വ്യക്തമാക്കുന്നതാണ് 24 മണിക്കൂറിനിടയിലെ ഡല്‍ഹി കൂടിക്കാഴ്ചകള്‍. തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി മേധാവി ജെപി നദ്ദയെയും കണ്ട് 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. സംസ്ഥാന ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് സന്ദര്‍ശനമെന്ന് പറയുമ്പോഴും ബിജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജഗന്‍ വേണോ നായിഡു വേണോ എന്ന് ബിജെപി ഒട്ടു തീരുമാനിച്ചിട്ടില്ലെന്നും. തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും പക്ഷത്തോട് പ്രതിബദ്ധത കാണിക്കുന്നതിന് മുമ്പ് ബിജെപി അതിന്റെ പതിവ് നിരീക്ഷണത്തിലാണ്. ആ കാത്തിരിപ്പ് ആന്ധ്രയില്‍ ആര് കളം പിടിക്കുമെന്ന് അറിയാനാണ്. എന്നിട്ട് അവര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍. നിലവില്‍ ടിഡിപിയുടെ സഖ്യകക്ഷിയായ പവര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി എന്‍ഡിഎയ്ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

2019ല്‍ 173 സീറ്റില്‍ മല്‍സരിച്ചിട്ട് ഒറ്റ സീറ്റ് കിട്ടാത്ത ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജഗന്റേയും നായിഡുവിന്റേയും പെര്‍ഫോമന്‍സ് കണ്ടിട്ടാവും ആരെ ഒപ്പം നിര്‍ത്തണമെന്ന് തീരുമാനിക്കുക. പിന്നെ ലോക്‌സഭയില്‍ തെക്കേ ഇന്ത്യയില്‍ കണ്ണുവെയ്ക്കുന്നുണ്ടെങ്കിലും തെക്ക് ബിജെപിയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നില്ല. ബിജെപിയ്ക്ക് ഓപ്പണായി കൈകൊടുക്കാന്‍ ജഗനും നായിഡുവും മടിക്കുന്നത് വിജയസാധ്യത ഇല്ലാത്ത ബിജെപിയ്ക്ക് മുന്നണി മര്യാദയുടെ ഭാഗമായി സീറ്റ് കൊടുക്കേണ്ടി വരുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് കണ്ടാണ്. അപ്പോള്‍ പിണക്കാതെ ഒപ്പം നിര്‍ത്തി പുറത്തുനിന്ന് പിന്തുണ എന്ന പോലെ കാര്യങ്ങള്‍ തീര്‍പ്പാക്കാനാണ് ശ്രമം.

തെലങ്കാന തോല്‍വിയും ബിജെപിയ്ക്ക് ആന്ധ്രയില്‍ ക്ഷീണമുണ്ടാക്കുന്നുണ്ട്. കോണ്‍ഗ്രസാകട്ടെ ജഗനെ ഒതുക്കാന്‍ സഹോദരി വൈഎസ് ശര്‍മ്മിളയെ ആന്ധ്ര കോണ്‍ഗ്രസിന്റെ തലപ്പത്തെത്തിച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്. ബിജെപിയാകട്ടെ കോണ്‍ഗ്രസ് ഒഴിച്ച് ആര് വന്നാലും തങ്ങളാണ് വിജയി എന്ന മട്ടില്‍ ആന്ധ്രയിലെ കാര്യങ്ങള്‍ കണ്ട് കാത്തിരിക്കുകയാണ് അവസരത്തിനായി.