പ്രിയങ്ക് ഖാര്‍ഗെയുടെ പോരാട്ടം കണ്ണുതുറപ്പിക്കുമോ!; ഈ രഹസ്യാത്മകത എന്തിന്? രജിസ്റ്റര്‍ ചെയ്യാന്‍ ആര്‍എസ്എസിന് പേടിയെന്ത്!'

ഏറ്റവും വലിയ എന്‍ജിഒ എന്ന് അവകാശപ്പെടുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനെന്താണ് പേടി? എന്തുകൊണ്ടാണ് രജിസ്റ്റര്‍ ചെയ്യാതെ, കണക്കില്‍ കാണിക്കാതെ, നികുതി വെട്ടിപ്പ് സാഹചര്യം ഒരുക്കുന്ന ആര്‍എസ്എസ് സംവിധാനത്തിന് സര്‍ക്കാര്‍ സംരക്ഷണം കിട്ടുന്നത് ?. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യമാണിത്. കര്‍ണാടക സര്‍ക്കാര്‍ ആര്‍എസ്എസിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടും സുതാര്യമല്ലാത്ത രഹസ്യാത്മകതയുള്ള ഒരു സംഘടനയുടെ തലവന് നികുതിദായകരുടെ പണം കൊണ്ട് സുരക്ഷ ഒരുക്കുന്നത് എന്തിനെന്ന ചോദ്യവും പ്രിയാങ്ക് ഖാര്‍ഗെ ഉയര്‍ത്തുന്നുണ്ട്.

ആ ചോദ്യങ്ങള്‍ പ്രസക്തവുമാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സംഘടനയെന്ന രജിസ്‌ട്രേഷന്‍ ഇല്ലായ്മയും ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ തങ്ങളാണെന്ന അവകാശപ്പെടലിലും എന്‍ജിഒ ആയി രജിസ്റ്റര്‍ ചെയ്യാത്ത സുതാര്യത ഇല്ലായ്മയും കന്നഡ നാട് ചോദ്യം ചെയ്യുകയാണ്. നിസ്വാര്‍ത്ഥമായി രാജ്യത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രജിസ്റ്റര്‍ ചെയ്യാത്ത സംഘടനയ്ക്ക്, അല്ലെങ്കില്‍ സ്ഥാപനത്തിന് സംസ്ഥാനതല സുരക്ഷയും നികുതിദായകരുടെ ധനം കൊണ്ടുള്ള ആനുകൂല്യങ്ങളും എങ്ങനെ ലഭിക്കുമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുമ്പോള്‍ ഹിന്ദുവിരുദ്ധ മനോഭാവമാണ് കോണ്‍ഗ്രസിന് എന്ന് പറഞ്ഞു സ്ഥിരം മതവികാര കാര്‍ഡ് ഇറക്കുകയാണ് ബിജെപി.

പൊതു ഇടങ്ങളില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ കര്‍ണാടകയില്‍ ഉറപ്പുവരുത്തുന്നുണ്ട്. ആര്‍എസ്എസും അനുബന്ധ സംഘടനകളും സര്‍ക്കാര്‍ വസ്തുവകകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് കര്‍ണാടക മന്ത്രിസഭ ആര്‍എസ്എസ് നടപടികളെ നേരിടാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളിലും ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലും, പാര്‍ക്കുകളിലും ഗ്രൗണ്ടുകളിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് എതിരെയാണ് പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. തെറ്റായ ആശയങ്ങളുടെ പ്രചാരണം രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ കൂടിയായ പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടിയിരുന്നു.

സിദ്ദരാമയ്യയുടെ മന്ത്രിസഭ മന്ത്രിയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിച്ചു. പൊതു ഇടങ്ങളില്‍ പരിപാടികള്‍ നടത്താന്‍ എല്ലാ സംഘടനകളും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമം സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. കോടതിയില്‍ നിന്ന് ചില എന്‍ജിഒ ഇടക്കാല സ്‌റ്റേ വാങ്ങിയെങ്കിലും കര്‍ണാടക അരയും തലയും മുറുക്കി ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇറങ്ങിയിരിക്കുകയാണ്. പ്രിയങ്ക് ഖാര്‍ഗെ ആര്‍എസ്എസിന്റെ സംഘടനാ രീതിയെ തന്നെ ചോദ്യം ചെയ്തു ആള്‍ക്കാര്‍ക്ക് മുന്നില്‍ പലകാര്യങ്ങളും തുറന്നുവെച്ചു. അതിലൊരു ചോദ്യമാണ് രജിസ്റ്റര്‍ ചെയ്യാതെ ഏറ്റവും വലിയ എന്‍ജിഒ എന്ന അവകാശപ്പെടലില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന്?. ടാക്‌സ് വെട്ടിപ്പിനായല്ലേ എന്‍ജിഒ എന്ന പേരിലും സംഘടന എന്ന രീതിയിലും രാഷ്ട്രീയ സംവിധാനമെന്ന നിലയിലും രജിസ്റ്റര്‍ ചെയ്യാതെ ഓഡിറ്റിംഗ് ഒഴിവാക്കുന്നതെന്ന്?. ലോകത്തില്‍ ഏത് എന്‍ജിഒ ആണ് രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യമാണ് പ്രിയങ്ക് മുന്നോട്ട് വെയ്ക്കുന്നത്.

ആര്‍എസ്എസ് എന്തുകൊണ്ടാണ് ‘രഹസ്യാത്മകമായി’ പെരുമാറുന്നത്, ഇത് ലോകത്തിലെ ഏറ്റവും വലിയു എന്‍ജിഒ ആണെങ്കില്‍ എന്തുകൊണ്ടാണ് ഒരു എന്‍ജിഒ ആയി രജിസ്റ്റര്‍ ചെയ്യാതിരുന്നത്?. എന്തുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ നിയമങ്ങളെയും ഇന്ത്യന്‍ ഭരണഘടനയെയും ഇത്രയധികം ഭയപ്പെടുന്നത്?. രാജ്യത്തെ എല്ലാ എന്‍ജിഒകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അവര്‍ക്ക് പണം നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍, ആഭ്യന്തരമോ വിദേശമോ ആയ ധനസഹായ സ്രോതസ്സ്, മറ്റ് പ്രസക്തമായ വിശദാംശങ്ങള്‍ എന്നിവ എല്ലാം സര്‍ക്കാരിന് അറിയാന്‍ കഴിയും. രാജ്യത്തെ എല്ലാവര്‍ക്കും ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയെക്കുറിച്ചോ എന്‍ജിഒയെക്കുറിച്ചോ എല്ലാം അറിയാനാകും, പക്ഷേ ആര്‍എസ്എസ് ഒഴികെയുള്ളവയെ കുറിച്ചുമാത്രമാണത്. എന്തുകൊണ്ട്? എന്തുകൊണ്ടാണ് അവര്‍ ഇത്ര രഹസ്യമായി പ്രവര്‍ത്തിക്കുന്നു.? എന്തുകൊണ്ട് മറ്റ് സംഘടനകളെ പോലെ രജിസ്റ്റര്‍ ചെയ്ത് സുതാര്യമായി നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല?.

ഇത് മാത്രമല്ല കാര്യമാത്രപ്രസക്തമായ മറ്റ് ചോദ്യങ്ങളും പ്രിയങ്ക് ഖാര്‍ഗെയ്ക്കുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയ്ക്ക് രാജ്യത്തുടനീളം മാര്‍ച്ച്- പാസ്റ്റുകള്‍ അഥവാ സൈനിക പ്രദര്‍ശനം നടത്താന്‍ അനുവദിക്കാമോ?”എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദികള്‍? നിയമത്തിന്റെ നടപടിക്രമങ്ങള്‍ പാലിക്കാത്ത സംഘടനകളെ നമുക്ക് എങ്ങനെ അനുവദിക്കാന്‍ കഴിയും?. അവരുടെ സംഭാവനകള്‍ എവിടെ നിന്നാണ് വരുന്നത്, ആരാണ് ദാതാക്കള്‍? ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് നല്‍കിയ വിപുലമായ സുരക്ഷാ പ്രോട്ടോക്കോളിനെയും പ്രിയങ്ക് ഖാര്‍ഗെ ചോദ്യം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് വേണ്ടിയുള്ള സുരക്ഷ പ്രോട്ടോക്കോള്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയുടെ തലവന് നല്‍കുന്നത് എങ്ങനെ?. നികുതിദായകരുടെ പണം എങ്ങനെയാണ് ഈ വ്യക്തിക്ക് വേണ്ടി ചെലവഴിക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ക്ക് ഇത്രയധികം സുരക്ഷ ആവശ്യമായി വരുന്നതെന്നും പ്രിയങ്ക് ചോദിക്കുന്നു.

ആര്‍എസ്എസ് അതിന്റെ മുഴുവന്‍ ചരിത്രത്തിലും ഒരു പുരോഗമന പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചിട്ടില്ലെന്ന് കര്‍ണാടകയുടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയതയില്‍ മാത്രമാണ് അത് വലിയ പങ്കുവഹിച്ചിട്ടുള്ളതെന്നും ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി ആളുകള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടുവെന്നും അത് മഹാത്മാഗാന്ധിയുടെ കൊലപാതകം മുതല്‍ മറ്റ് അക്രമ പ്രവര്‍ത്തനങ്ങള്‍ വരെ എത്തിനില്‍ക്കുന്നുവെന്നും ദിനേശ് ഗുണ്ടുറാവു ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അരാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ അത് കള്ളമാണെന്നും അതൊരു വര്‍ഗീയ സംഘടനയും രാഷ്ട്രീയ സംഘടനയുമാണെന്നും മന്ത്രി പറയുന്നു.

Read more