തെലങ്കാനയില്‍ മല്‍സരിക്കാതെ കോണ്‍ഗ്രസിനെ തുണയ്ക്കാന്‍ ശര്‍മ്മിളയുടെ പാര്‍ട്ടി

വൈഎസ് ശര്‍മ്മിളയുടെ കോണ്‍ഗ്രസ് പ്രവേശനം വലിയ ചര്‍ച്ചയായിരുന്നെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ തീരുമാനങ്ങളില്ലാതെ ആ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു. ചേട്ടന്‍ ജഗമോഹന്‍ റെഡ്ഡിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള കൂറ് തലയ്ക്ക് മേലെ നില്‍ക്കുന്ന 30ല്‍ അധികം ഇഡി സിബിഐ കേസുകളുടേ സമ്മര്‍ദ്ദ ഫലമായിട്ടാണെങ്കിലും ജഗനോട് ഉടക്കി പാര്‍ട്ടി തുടങ്ങിയ വൈഎസ് ശര്‍മ്മിളയ്ക്ക് അച്ഛന്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനോടാണ് അടുപ്പം. 2011ല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി ജഗന്‍ മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ഉറച്ച പിന്തുണയുമായി വൈഎസ് ശര്‍മ്മിള ഒപ്പമുണ്ടായിരുന്നു. അമ്മ വൈഎസ് വിജയമ്മയും ചെയര്‍ പേഴ്‌സണായി പാര്‍ട്ടിയുടെ അമരത്തെത്തി. 2012ല്‍ ജഗന്‍മോഹന്‍ റെഡ്ഡി അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാവുകയും 16 മാസം ഇരുമ്പഴിക്ക് പിന്നിലാവുകയും ചെയ്തപ്പോള്‍ അവിഭക്ത ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ നയിച്ചത് ശര്‍മ്മിളയായിരുന്നു.

സംസ്ഥാനമൊട്ടാകെ ജഗന് പിന്തുണ തേടി 3000 കിലോമീറ്റര്‍ ശര്‍മ്മിള പദയാത്ര നടത്തിയതിന്റെ ഗുണം ചില്ലറൊയൊന്നുമല്ല ജഗനും വൈഎസ്ആര്‍ കോണ്‍ഗ്രസിനുമുണ്ടായത്. പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച സഹോദരിയെ പക്ഷേ അധികാരം കിട്ടിയപ്പോള്‍ ജഗന്‍ നൈസായി സൈഡാക്കി. തിരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രിയായപ്പോള്‍ ജഗന്‍, ശര്‍മ്മിളയേയും മറ്റ് കുടുംബാംഗങ്ങളേയും അധികാര സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഇതോടെയാണ് പൊതുപ്രവര്‍ത്തനത്തില്‍ ഒരു പാട് തല്‍പരയായിരുന്ന ശര്‍മ്മിള സഹോദരനുമായി ഉടക്കി പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2021ല്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ശര്‍മ്മിളയ്ക്ക് അവസരം കിട്ടിയിരുന്നില്ല. ഇക്കുറി തിരഞ്ഞെടുപ്പില്‍ ശര്‍മ്മിളയുടെ വൈഎസ്ആര്‍ടിപി ഇറങ്ങുമെന്ന് ഉറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് കോണ്‍ഗ്രസുമായുള്ള ലയന ചര്‍ച്ചകളെല്ലാം നടന്നതും പക്ഷേ തീരുമാനമാകാതെ പോയതും. ശര്‍മ്മിളയ്‌ക്കൊപ്പം ജഗനെ വിട്ട് അമ്മ വൈഎസ് വിജയമ്മയും പോവുകയും വൈഎസ്ആര്‍ടിപിയുടെ ചെയര്‍പേഴ്‌സണാവുകയും ചെയ്തിരുന്നു.

ശര്‍മ്മിളയുടെ പാര്‍ട്ടി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തെലങ്കാന ഘടകത്തിന്റെ എതിര്‍പ്പും സംസ്ഥാനത്ത് ശര്‍മ്മിളയുടെ രംഗപ്രവേശം എത്രത്തോളം ഗുണം ചെയ്യുമെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സംശയങ്ങളുമാണ് ശര്‍മ്മിളയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് തിരിച്ചടിയായത്. ആന്ധ്രയില്‍ നിന്നുള്ള ശര്‍മ്മിള ആന്ധ്രയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നതാണ് തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡിയെടുത്ത നിലപാട്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ ശക്തമായി വരുന്ന കോണ്‍ഗ്രസിലേക്ക് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസില്‍ നിന്ന് പോലും നേതാക്കളെത്തിയതോടെ സംസ്ഥാന നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കുകയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെലങ്കാനയിലാണോ ആന്ധ്രയിലാണോ ശര്‍മ്മിള പ്രവര്‍ത്തിച്ചാല്‍ നന്നാവുക എന്നതില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനോട് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായം ആരാഞ്ഞപ്പോള്‍ തെലങ്കാനയേക്കാള്‍ നല്ലത് ആന്ധ്രയാണെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവെന്നും ഇതോടെയാണ് ശര്‍മ്മിളയുടെ പാര്‍ട്ടിയുമായുള്ള ലയന സാധ്യത മങ്ങിയതെന്നും കരുതുന്നു. എന്നാല്‍ ശര്‍മ്മിളയെ ആന്ധ്രയില്‍ ജഗനെതിരെ ഉപയോഗിക്കാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും പാര്‍ട്ടിയ്ക്ക് താല്‍പര്യമുള്ളതിനാല്‍ ബന്ധം വഷളാവാതെ ഇരുകൂട്ടരും കാത്തു.

അതിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ തെലങ്കാന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന ശര്‍മ്മിളയുടെ പ്രഖ്യാപനം. ഈ മാസാവസാനം നടക്കുന്ന തെലങ്കാന തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ടിപി മല്‍സരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് വൈ എസ് ശര്‍മ്മിള വ്യക്തമാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസിനെ സഹായിക്കുന്നതെന്ന് ശര്‍മ്മിള വിശദീകരിക്കുന്നുണ്ട്. അഴിമതിയില്‍ മുങ്ങിത്താഴുന്ന കെസിആറിന്റെ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നാണ് ശര്‍മ്മിള പറയുന്നത്. തങ്ങള്‍ ഇക്കുറി മല്‍സരിച്ചാല്‍ വോട്ടുകള്‍ ചിതറി അത് ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിന് ഗുണകരമാകുമെന്ന് കണ്ടാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്നും വൈഎസ്ആറിന്റെ മകള്‍ പറയുന്നു. നിരവധി സര്‍വ്വേകളുടെ അടിസ്ഥാനത്തിലാണ് വോട്ട് ചിതറാതിരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതത്രേ. സംസ്ഥാനത്തിന്റെ വിശാലതാല്‍പ്പര്യം മുന്‍നിര്‍ത്തിയും ജനങ്ങളുടെ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ഈ സുപ്രധാനമായ തീരുമാനം എടുക്കാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

‘വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സുപ്രധാനമായ ഒരു തീരുമാനമാണെടുത്തിരിക്കുന്നത്. ബിആര്‍എസിന്റെ ആസന്നമായ പരാജയം ഉറപ്പാക്കുന്നതില്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു അവസരമുണ്ടെന്ന് തോന്നുന്നു. ഈ ഘട്ടത്തില്‍ ഭരണവിരുദ്ധ വോട്ടുകളുടെ ഏതെങ്കിലും വിഭജനം കെസിആറിനെ താഴെയിറക്കുന്നതിന് തടസ്സമാകും.’

ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായ കെസിആര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ തങ്ങളൊരു ത്യാഗത്തിന് തയ്യാറാകുന്നുവെന്നാണ് വൈഎസ് ശര്‍മ്മിള പറയുന്നത്. കോണ്‍ഗ്രസ് കെസിആറിനെ ജയിക്കാനായി തങ്ങള്‍ ഒരു ത്യാഗത്തിന് തയ്യാറാകുന്നുവെന്ന ശര്‍മ്മിളയുടെ വാക്കുകള്‍ കോണ്‍ഗ്രസുമായി ഇനിയും ചര്‍ച്ചകള്‍ക്ക് വഴിയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷം ശര്‍മ്മിളയുടെ കോണ്‍ഗ്രസുമായുള്ള വിലപേശല്‍ സാധ്യത വിജയത്തിനനുസരിച്ച് കൂടുമെന്നതിനാല്‍ തെലങ്കാന തിരഞ്ഞെടുപ്പ് തെലുങ്ക് ദേശത്ത് തിരിച്ചുവരവിന് ഒരുങ്ങുന്ന കോണ്‍ഗ്രസിനും ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് താനും കൂടി കഷ്ടപ്പെട്ടതിന്റെ വിജയമാണ് രുചിക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കാന്‍ ശര്‍മ്മിളയ്ക്കും നിര്‍ണായകമാണ്.