മധ്യപ്രദേശില്‍ പ്രാദേശിക പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത് ആ സീറ്റുകള്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അടിയൊഴുക്കുകള്‍ നിറഞ്ഞ പലപ്പോഴും പ്രവചനാതീത ഫലം കൊണ്ടുവരുന്ന അട്ടിമറികളുടേത് കൂടിയാണ്. മധ്യപ്രദേശില്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാക്കുന്ന 30 സീറ്റുകളുണ്ട്. ഷുവര്‍ സീറ്റിനപ്പുറം സ്വിങ് സീറ്റ് എന്ന് വിളിക്കുന്ന ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ആടുന്ന സീറ്റുകള്‍. ഈ സീറ്റുകളില്‍ കണ്ണും വെച്ച് പ്രാദേശിക പാര്‍ട്ടികളും മധ്യപ്രദേശില്‍ പലതും ലക്ഷ്യമിട്ട് ഒരുങ്ങി ഇറങ്ങി കഴിഞ്ഞു.

മധ്യപ്രദേശില്‍ ഭരണ വിരുദ്ധ വികാരം കൊടുമ്പിരിക്കൊള്ളുമ്പോഴും ബിജെപി പ്രതീക്ഷ വെയ്ക്കുന്നത് അവിടുത്തെ പാര്‍ട്ടിയുടെ വോട്ട് ഷെയര്‍ കണ്ടുകൊണ്ടാണ്. കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഭരണം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലും ഒപ്പം അട്ടിമറിയില്‍ ഭരണം നഷ്ടപ്പെട്ടത് മുതല്‍ സംഘടനാ തലത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ സംസ്ഥാനത്ത് മുന്നിലെത്തിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസവും കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിനുണ്ട്.

ഈ രണ്ടുകൂട്ടരേയും ഞെരുക്കി സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് മായാവതിയുടെ ബിഎസ്പി മധ്യപ്രദേശിലെ പ്രാദേശിക പാര്‍ട്ടിയായ ഗ്വോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയ്ക്കും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് മധ്യപ്രദേശില്‍ നിര്‍ണായക നീക്കം നടത്തുന്നത്. ഇന്ത്യാ മുന്നണിയില്‍ വിലപേശലുമായി കയറി കൂടാന്‍ പറ്റാത്തതിനാല്‍ മുന്നണിയില്‍ അംഗമായ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മുന്നണിയ്ക്ക് പുറത്തൊരു കൂട്ടുകെട്ട് മധ്യപ്രദേശില്‍ ഒരുക്കുകയാണ്. ഇതിന് പിന്നിലെ കാരണം ചാഞ്ചാടുന്ന ചില സീറ്റുകളാണ്. ട്രൈബല്‍ മേഖലയിലെ വോട്ടുകളാണ് ഗ്വോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുടെ അടിസ്ഥാനം. ഇത് മുതലാക്കാനാണ് മായാവതി ഇവര്‍ക്കൊപ്പം ചേരുന്നത്.

2018ലേയും 2013ലേയുമെല്ലാം മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ചാഞ്ചാട്ട സീറ്റുകള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വിധി നിര്‍ണയിച്ചിരുന്നു. ബിജെപിയേയും കോണ്‍ഗ്രസിനേയും തുണയ്ക്കാനും ശിക്ഷിക്കാനും ഈ സീറ്റുകള്‍ക്ക് കഴിയും. ഇവിടെ നിര്‍ണായക സ്വാധീനമാകാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കും കഴിയുകയും ചെയ്യും. ഇതാണ് വിലപേശല്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഈ സ്വിങ് സീറ്റുകളിലേക്ക് കടന്നുകയറാന്‍ മായാവതിയുടെ ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയുമെല്ലാം ശ്രമിക്കുന്നതിന് പിന്നില്‍.

2018ല്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ വിജയിക്കുമ്പോള്‍ 30ഓളം സീറ്റുകളിലെ ഭൂരിപക്ഷമെന്ന് പറയുന്നത് 3000 വോട്ടിലും താഴെയായിരുന്നു. ഈ വിജയ മാര്‍ജിനിലും കൂടുതല്‍ ചില സ്വതന്ത്രരും പ്രാദേശിക പാര്‍ട്ടികളും നേടുകയും ചെയ്തു. ഇത്തരത്തില്‍ ഒന്നാഞ്ഞുപിടിച്ചാല്‍ ഇരു പാര്‍ട്ടികളേയും ഒന്ന് പേടിപ്പിക്കാന്‍ കഴിയുമെന്നും സമ്മര്‍ദ്ദത്തിലാക്കി ഒപ്പം ചേരാമെന്നും ബിഎസ്പി കരുതുന്നുണ്ട്.

230 നിയമസഭാ സീറ്റുകള്ളു മധ്യപ്രദേശില്‍ 116 എന്നതാണ് കോവലഭൂരിപക്ഷം. 2018ല്‍ 230 സീറ്റുകളില്‍ 114 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 109 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. വെറും അഞ്ച് സീറ്റെന്നതാണ് ഇരുവര്‍ക്കും ഇടയിലുണ്ടായ വ്യത്യാസം. മായാവതിയുടെ ബിഎസ്പിക്ക് 2 സീറ്റും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടിയ മധ്യപ്രദേശില്‍ നാല് സ്വതന്ത്രരും വിജയിച്ചിരുന്നു. ഈ സാധ്യതയാണ് പ്രാദേശിക പാര്‍ട്ടികള്‍ മുതലാക്കാന്‍ ശ്രമിക്കുന്നത്.

3000ല്‍ താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ച 30 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15 എണ്ണം കോണ്‍ഗ്രസും 14 എണ്ണം ബിജെപിയും ഒന്ന് ബിഎസ്പിയും നേടി. 2013ല്‍ അറ്റപ്പറ്റെ ജയിച്ചുകയറിയ സീറ്റുകള്‍ എംപിയില്‍ 33 ആയിരുന്നു, ഇതില്‍ 18 ബിജെപിയ്ക്കും കോണ്‍ഗ്രസിനും 12 ഉം ബിഎസ്പിയ്ക്ക് 2ഉം ഒരു സ്വതന്ത്രനും ഉണ്ടായിരുന്നു. ഈ 30 സീറ്റുകളാണ് ബിഎസ്പിയും എസ്പിയും ഗ്വോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയും ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തോളം സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മേല്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നിരിക്കെ ഈ സ്വിങ് സീറ്റുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന് പ്രാദേശിക നേതൃത്വം കരുതുന്നു. 2013ലെ ഈ ചാഞ്ചാട്ട 33 സീറ്റുകളില്‍ 26ലും 2018ല്‍ എതിര്‍പാര്‍ട്ടിയാണ് ജയിച്ചതെന്ന് കൂടി നോക്കികാണണം. 2013ലെ ഫലത്തില്‍ നിന്ന് വ്യത്്യസ്തമായി 2018ല്‍ ഈ 26 സീറ്റുകളില്‍ 16 എണ്ണം കോണ്‍ഗ്രസിനും 9 എണ്ണം ബിജെപിയ്ക്കും ഒന്ന് സ്വതന്ത്രനും കിട്ടി. അതായത് ഭരണവിരുദ്ധ വികാരം തുണച്ചാല്‍ ആരേയും തുണയ്ക്കാന്‍ മടിയ്ക്കാത്ത ഈ 30ന് മേലെ സീറ്റുകളില്‍ കോണ്‍ഗ്രസിനും പ്രാദേശിക പാര്‍ട്ടികള്‍ക്കും ബിജെപിയേക്കാള്‍ സാധ്യത കൂടും.

നവംബര്‍ 17ന് ആണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പ്. കമല്‍ നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇറങ്ങുമ്പോള്‍ ശിവ് രാജ് സിംഗ് ചൗഹാന്‍ എന്ന മുഖ്യമന്ത്രിയെ തഴഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് മധ്യപ്രദേശില്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിക്കുന്നത്. സമാജ് വാദി പാര്‍ട്ടി ഈ ചാഞ്ചാട്ട സീറ്റുകളില്‍ കണ്ണുവെച്ച് 9 ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടു. ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടും മധ്യപ്രദേശില്‍ ചിലയിടങ്ങളിലും കോണ്‍ഗ്രസുമായി പോരിന് ഉറച്ചു തന്നെയാണ് അഖിലേഷ് യാദവിന്റെ എസ്പി. അഖിലേഷിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 9ല്‍ അഞ്ചിടത്തും കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.

വിജയ്പൂര്‍, ഗ്വാളിയോര്‍ റൂറല്‍, ഗ്വാളിയോര്‍ സൗത്ത്, ബിനാ, മൈഹര്‍, തിമാര്‍നി, ദിയോതലാബ്, രാജ്പൂര്‍ തുടങ്ങിയ സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കെല്ലാം നല്ല വോട്ട് ഷെയര്‍ കിട്ടിയിട്ടുണ്ട്. ഇത് കുറഞ്ഞ മാര്‍ജിനില്‍ ജയിച്ച ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഇക്കുറി ഭീഷണിയാകാനും ഇടയുണ്ട്. ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദ തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പ്രാദേശിക പാര്‍ട്ടികള്‍ ഇരുകൂട്ടര്‍ക്കും മുന്നിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പിന് മുമ്പൊരു അനുരഞ്ജന സമീപനത്തിന് ബിജെപിയോ കോണ്‍ഗ്രസോ ഉറപ്പുകള്‍ നല്‍കിയാല്‍ ഈ വോട്ട് ഷെയര്‍ എങ്ങോട്ട് മറിയുമെന്ന് ഉറപ്പിക്കാം. ഇതില്‍ തില സീറ്റുകളില്‍ തുലോം കുറവാണ് പ്രാദേശിക പാര്‍ട്ടികളുടെ വോട്ടുകളെങ്കില്‍ പോലും കുറഞ്ഞ മാര്‍ജിനില്‍ ജയിക്കുന്നിടങ്ങളില്‍ തോല്‍വിയും ജയവും നിശ്ചയിക്കുക ഈ വോട്ടുകളാകും.