കോണ്‍ഗ്രസിന്റെ സൈബറിടങ്ങളിലെ ചരടുവലിക്കാര്‍!; സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഒരു നേതാവിനെ ആക്രമിച്ച് വീഴ്ത്തുക. കുതികാല്‍ വെട്ടും കാലുവരാലും ഗ്രൂപ്പിസവുമെല്ലാം പതിവായ കോണ്‍ഗ്രസില്‍ പല കാലങ്ങളിലങ്ങനെ വീഴ്ത്തപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഉണ്ട്. എന്നാല്‍ തികച്ചും ന്യായമെന്ന് തോന്നുന്ന ഒരു സമീപനം എടുത്തതിന് വി ഡി സതീശന്‍ നേര്‍ക്ക് ഉണ്ടാകുന്ന സൈബര്‍ വെട്ടുകിളി കൂട്ടങ്ങളുടെ ആക്രോശങ്ങള്‍ പറഞ്ഞു ചെയ്യിപ്പിക്കുന്നതാണെന്ന് പുറമേ നില്‍ക്കുന്നവര്‍ക്കും അകത്തുള്ളവര്‍ക്കും ഒറ്റ നോട്ടത്തില്‍ മനസിലാകും. ഗുരുതര ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തലിനെ തള്ളിപ്പറഞ്ഞതാണ് വി ഡി സതീശനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച വി ഡിക്ക് നേര്‍ക്ക് രാഹുല്‍- ഷാഫി പക്ഷ സൈബര്‍ പോരാളികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ ചെറുതല്ല. ഇതുവരെ കാണാത്ത തരത്തിലൊരു സൈബര്‍ ആക്രമണം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിന് പിന്നാലെപ്രതിപക്ഷ നേതാവിന് നേര്‍ക്ക് ഉണ്ടാകുമ്പോള്‍ തമ്മില്‍തല്ല് കണ്ടിട്ടും ഇടപെടാതെ നില്‍ക്കുന്ന കെപിസിസി നേതൃത്വം കോണ്‍ഗ്രസിന്റെ കെട്ടുറപ്പിന് പോലും ബാധ്യതയാണ്.

നിയമസഭാ സമ്മേളനം തിങ്കാളാഴ്ച തുടങ്ങാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഭയിലെത്തിക്കാന്‍ ചിലര്‍ ചരട് വലിക്കുമ്പോള്‍ അമ്പിനും വില്ലിനുമടുക്കാത്ത സമീപനമാണ് പ്രതിപക്ഷ നേതാവിന്റെ. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തത് കോണ്‍ഗ്രസ് സംശുദ്ധമായ പ്രസ്ഥാനമാണെന്ന പ്രതിച്ഛായ ഉണ്ടാക്കിയെന്ന നിലപാടിലാണഅ വി ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുമായെല്ലാം കൂടിയാലോചിച്ചാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഈ തീരുമാനത്തെ അട്ടിമറിക്കാന്‍ അനുവദിച്ചാല്‍ ഭാവിയില്‍ ഒരാള്‍ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിക്കാന്‍ കഴിയാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ സാഹചര്യം മുന്നില്‍ നില്‍ക്കെയാണ് മുഖ്യമന്ത്രിയുമായുള്ള ഓണസദ്യ വിഷയം അടക്കം എടുത്തിട്ട് വി ഡി സതീശന് നേര്‍ക്ക് വലിയ സൈബര്‍ ആക്രമണം നടക്കുന്നത്.

വി ഡി സതീശനെതിരെ സൈബര്‍ ആക്രമണത്തിനു നേതൃത്വം നല്‍കുന്നത് 25 വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടുകളാണെന്ന് ഡിജിറ്റല്‍ മീഡിയ സെല്ലിലെ മുന്‍ ഭാരവാഹികള്‍ വഴി അനൗദ്യോഗികമായി നടത്തിയ അന്വേഷണത്തില്‍ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിലും അക്കൗണ്ടുകള്‍ തുടങ്ങിയാണ് ഈ സോഷ്യല്‍ മീഡിയ പോരാട്ടം. വി ഡിയുടെ ഫെയ്‌സ്ബുക് പോസ്റ്റുകള്‍ക്ക് താഴെയടക്കം പാര്‍ട്ടി പ്രൊഫൈലുകളില്‍നിന്നും അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നത് കോണ്‍ഗ്രസ് എങ്ങനെ അവഗണിച്ചുവിടുന്നുവെന്നതാണ് പാര്‍ട്ടിയ്ക്കുള്ളിലെ ചക്കിളത്തിപ്പോരിന്റെ ആഴം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അംഗങ്ങളായ ഒരു വിഭാഗമാണ് ചില അക്കൗണ്ടുകളുടെ അഡ്മിന്‍ എന്ന സംശയവും ഉണ്ട്. സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ ഉപയോഗിച്ചിരുന്ന പഴയ ചില പേജുകളാണ് ഇപ്പോള്‍ സതീശനെ തളര്‍ത്താന്‍ രംഗത്തിറങ്ങിയിരുിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടുകളാണ് വര്‍ഷങ്ങളായി കളത്തിലുള്ള പലതും. അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ വി ഡി സതീശന്റെ പക്കല്‍ കിട്ടിയതിനാല്‍ തെളിവുകള്‍ സഹിതം പാര്‍ട്ടിയില്‍ പരാതി നല്‍കാനൊരു നീക്കവും സതീശന്റെ ഭാഗത്ത് നിന്നുണ്ട്. പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കം വിഷയം ചര്‍ച്ച ചെയ്യാമെന്ന മുട്ടാപ്പോക്കില്‍ പിടിച്ചു നില്‍ക്കുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട്ടിലെത്തി കണ്ടതിനെക്കുറിച്ചും നിരപരാധിത്വം വിശദീകരിച്ചും അടുത്തിടെ കോണ്‍ഗ്രസ് അനുഭാവിയായ യുവതി എഴുതിയ വൈറല്‍ കുറിപ്പും വ്യാജ അക്കൗണ്ട് നിര്‍മ്മിതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സതീശന് നേരെ ഉയര്‍ന്നത് പോലെ പാര്‍ട്ടിക്ക് മുന്നില്‍ പാലക്കാട് നിന്നുള്ള വി ടി ബല്‍റാമിന് ക്ഷീണമുണ്ടാക്കുന്ന ഒരു പണി സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ നിന്നുണ്ടായതും കോണ്‍ഗ്രസ് കാര്യമായി ഈ തമ്മില്‍തല്ലിന്റെ ബാക്കിയോട് ചേര്‍ത്ത് വായിക്കണം. ‘ബിഹാര്‍ ബീഡി’ വിവാദത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഭാരവാഹി എന്ന നിലയില്‍ വി ടി ബല്‍റാമിന് മേലുണ്ടായ പഴി എഐസിസിക്ക് മുന്നില്‍ വരെ എത്തിയിരുന്നു. നടപടി- രാജി എന്നെല്ലാം വലിയ ചര്‍ച്ചയും ഉണ്ടാക്കി വിഷയം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടുക കൂടി ചെയ്തിരുന്നു വിഷയത്തില്‍.

ഇത്തരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ പൊല്ലാപ്പ് ദേശീയ തലത്തില്‍ വരെ കോണ്‍ഗ്രസിന് പാരയായിരുന്നു. ആരാണ് ഇവയെല്ലാം നിയന്ത്രിക്കുന്നതെന്ന ചോദ്യം വന്നപ്പോള്‍ ഡിജിറ്റല്‍ മീഡിയ സെല്‍ തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്നാണ് സംസ്ഥാനത്തെ ചില നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്. സോഷ്യല്‍ മീഡിയ വഴി പ്രചാരണം ഗംഭീരമാക്കിയിരുന്ന ഷാഫി പറമ്പിലും മറ്റും സതീശന്‍ വിഷയത്തിലും മറ്റ് സോഷ്യല്‍ മീഡിയ വിഷയങ്ങളിലും നടത്തി വരുന്ന മൗനത്തില്‍ സതീശനെ അനുകൂലിക്കുന്നവര്‍ക്ക് വലിയ പരാതിയുമുണ്ട്.

പ്രതിപക്ഷ നേതാവിന്റെ ഒറ്റയാന്‍ പോക്കില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്നത് വ്യക്തമാണ്. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ സതീശന്റെ പിടിവാശിയാണെന്ന് ധാരണയുള്ള സുധാകരന്‍ പക്ഷക്കാരും സതീശനെതിരായ നീക്കത്തില്‍ കൈമെയ് മറന്ന് ഒപ്പമുണ്ട്. ഇതും കൂടി മുതലെടുത്താണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ കോണ്‍ഗ്രസുകാരും എ ഗ്രൂപ്പും സതീശനെതിരേ പടയൊരുക്കുന്നത്.

Read more