കൈവിട്ടുകളഞ്ഞതിനെ തിരിച്ചുപിടിക്കാന്‍ തന്ത്രം മെനയുന്ന കോണ്‍ഗ്രസ്?

തെലങ്കാനയ്ക്ക് ശേഷം ആന്ധ്ര പ്രദേശ്, ഒരിക്കല്‍ ഉള്ളം കയ്യിലിരുന്നൊരു സംസ്ഥാനം വിഭജനത്തിന്റെ വെട്ടിമുറിക്കലില്‍ രണ്ടായപ്പോള്‍ കൈവിട്ട് പോയതിന്റെ ആത്മനിന്ദ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് പലകുറി തോന്നിയിരിക്കണം. 2014ലെ ആന്ധ്ര വിഭജന ശേഷം പിന്നീട് ഇപ്പോഴാണ് തെലുങ്കുനാട്ടില്‍ കോണ്‍ഗ്രസിന് ഒന്ന് ആര്‍ത്ത് ചിരിക്കാനായത്. തെലങ്കാനയിലെ പാര്‍ട്ടിയുടെ തിരിച്ചുപിടിക്കല്‍ ചെറുതല്ലാത്ത ആത്മവിശ്വാസം കോണ്‍ഗ്രസിന് ഉണ്ടാക്കിയിട്ടുണ്ട്. കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാന പിടിച്ച കോണ്‍ഗ്രസിന് തെക്കന്‍ നാട്ടില്‍ കാലുറപ്പിക്കാനായി കഴിഞ്ഞു. ഇനി ലക്ഷ്യം ആന്ധ്രയാണ്, വിഭജന ശേഷം കോണ്‍ഗ്രസിനെ നിലംതൊടിക്കാത്ത ആന്ധ്ര പിടിച്ചടക്കാന്‍ അണിയറയില്‍ പല കരുക്കളും കോണ്‍ഗ്രസ് നീക്കുന്നുണ്ട്.

ഒരിക്കല്‍ കോണ്‍ഗ്രസിന്റെ കൊടി തെലുങ്കുനാട്ടില്‍ ഉയര്‍ത്തി നിര്‍ത്തിയ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇന്ന് ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസിന് കുറുകെ നില്‍ക്കുന്നത്. അഴിമതി കേസുകളും അറസ്റ്റുമായി ചന്ദ്രബാബു നായിഡും തെലുങ്ക് ദേശം പാര്‍ട്ടിയും ഒന്ന് ഒതുങ്ങിയ മട്ടാണെങ്കിലും കോണ്‍ഗ്രസിന് പോന്ന എതിരാളികളാണ് ആന്ധ്രയില്‍ അവരും. പക്ഷേ മുഖ്യമന്ത്രി ജഗനാണ് ആന്ധ്രയില്‍ തങ്ങളുടെ ശത്രുനിരയില്‍ മെയ്ന്‍ ടാര്‍ഗറ്റെന്ന് കോണ്‍ഗ്രസിനറിയാം. വൈഎസ്ആറിന്റെ തണലില്‍ വേരുപിടിച്ചും തഴച്ചു വളര്‍ന്ന ജഗനെ വീഴ്ത്താന്‍ വൈഎസ്ആറിന്റെ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് പല വഴികളും തേടുന്നുണ്ട്. അതിലേറ്റവും പ്രധാനം വൈഎസ്ആറിന്റെ പിന്‍ഗാമിയെ കോണ്‍ഗ്രസിലെത്തിച്ച് അവരെ കൊണ്ട് തന്നെ ജഗനെ എതിരിടുന്ന തന്ത്രമാണ് അതില്‍ പ്രധാനം.

വൈഎസ്ആറിന്റെ മകള്‍ വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസുമായി നല്ലബന്ധത്തിലാണ്. ശര്‍മ്മിള ജഗനുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം വൈഎസ്ആര്‍ടിപി എന്ന പാര്‍ട്ടി രൂപീകരിക്കുകയും അമ്മ വൈഎസ് വിജയമ്മയെ ഒപ്പം നിര്‍ത്തി പാര്‍ട്ടി ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. മകന്‍ ജഗനെ വിട്ട് മകള്‍ക്കൊപ്പം ഉറച്ചുനിന്ന വിജയമ്മ രാഷ്ട്രീയത്തില്‍ മികച്ച ചുവടുവെപ്പുകള്‍ നടത്തിയിട്ടുള്ള സ്ത്രീയാണ്. ശര്‍മ്മിള സഹോദരന്‍ ജഗനുമായി ഉടക്കി പിരിഞ്ഞു വേറെ പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ആന്ധ്രയില്‍ ജഗന് ഭീഷണിയാകാന്‍ താല്‍പര്യപ്പെടാതെ തെലങ്കാനയിലേക്ക് തന്റെ പ്രവര്‍ത്തന മണ്ഡലം മാറ്റുകയാണ് ചെയ്തത്. തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ലയിക്കാന്‍ തെലങ്കാന തിരഞ്ഞെടുപ്പിന് മുമ്പ് ശര്‍മ്മിള പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നടന്ന മുന്നേറ്റങ്ങളെ കണക്കിലെടുത്ത് പാര്‍ട്ടി ഹൈക്കമാന്‍ഡ് തെലങ്കാനയിലെ ലയനത്തില്‍ താല്‍പര്യം കാണിച്ചില്ല. തെലങ്കാനയില്‍ രേവന്തും കൂട്ടരും വിജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ച കോണ്‍ഗ്രസ് ശര്‍മ്മിളയോട് തെലങ്കാന വിട്ട് ആന്ധ്രയിലേക്ക് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചു. തെലങ്കാനയിലല്ല ആന്ധ്രയിലാണ് ശര്‍മിള വേണ്ടതെന്നും ആന്ധ്രയില്‍ കേന്ദ്രീകരിക്കാനുമായിരുന്നു കോണ്‍ഗ്രസ് തെലങ്കാന ഘടകം മുന്നോട്ടുവച്ച നിര്‍ദേശം.

ഇതോടെ തെലങ്കാന തിരഞ്ഞെടുപ്പിന് മുമ്പ് ശര്‍മ്മിളയുടെ ലയന ശ്രമങ്ങള്‍ പരാജയപ്പെട്ടു. പക്ഷേ കോണ്‍ഗ്രസിനെ വീഴ്ത്താനും കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനും ആഗ്രഹിക്കാത്ത ശര്‍മ്മിളയുടെ ലക്ഷ്യം കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിന്റെ തോല്‍വിയായിരുന്നു. ഒറ്റയ്ക്കു മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ തെലങ്കാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ നല്‍കാനാണ് ശര്‍മിള തീരുമാനിച്ചത്. ഇതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ശര്‍മ്മിളയ്ക്കും വിജയമധുരത്തില്‍ ചെറുതല്ലാത്ത പങ്കിന് വകയുണ്ടായി. ഇതാണ് ആന്ധ്രയില്‍ ശര്‍മ്മിളയെ വെച്ചുള്ള കോപ്പുകൂട്ടലിന് കോണ്‍ഗ്രസ് വീണ്ടും തന്ത്രം മെനയുന്നത്.

തെലങ്കാനയില്‍ ഉറച്ചുനില്‍ക്കാന്‍ ശര്‍മ്മിള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും കോണ്‍ഗ്രസ് ശര്‍മ്മിളയെ കണ്ടത് ആന്ധ്രയിലെ തുറുപ്പു ചീട്ടായാണ്. ശര്‍മിളയെ നേതൃത്വത്തില്‍ കൊണ്ടുവരുന്നത് ഗുണം ചെയ്യുമോയെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് നേട്ടമാകുമെന്ന് 90% ആന്ധ്ര നേതാക്കളും മറുപടി നല്‍കിയതോടെ ആ വഴിക്ക് കാര്യങ്ങള്‍ നീക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഗുഡുഗു രുദ്ര രാജു പറഞ്ഞത് ശര്‍മ്മിള പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും സംസ്ഥാന നേതൃത്വം ഏല്‍പ്പിക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളു എന്നുമാണ്. പാര്‍ട്ടി നേതൃത്വം പറയുന്ന എന്തും തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് എപിസിസി അധ്യക്ഷന്‍ ആദ്യമേ പറയുന്നു.

കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 2% മാത്രമായി ചുരുങ്ങിയ ആന്ധ്രയില്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്. വൈ.എസ്.ശര്‍മിളയെ മുന്നില്‍ നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് മികച്ച ഒരു തുടക്കം രണ്ടാമതും സാധ്യമാകുമെന്ന് പ്രവര്‍ത്തകര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെത്തുന്ന ശര്‍മിള ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിനു അപ്പുറം 2024ല്‍ ആണ് ആന്ധ്രാ തിരഞ്ഞെടുപ്പ് എന്നതും നീക്കങ്ങള്‍ ചടുലമാവാന്‍ കാരണമാകുന്നുണ്ട്.

ജഗനുമായി അസ്വാരസ്യത്തിലാണെങ്കിലും നേരിട്ടുള്ള പോരിന് ഷര്‍മിള താല്‍പര്യപ്പെട്ടിരുന്നില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അവര്‍ തെലങ്കാനയിലേക്ക് തന്റെ പാര്‍ട്ടി പറിച്ചുനട്ടതിന് പിന്നില്‍. എന്നാല്‍ ലയന സാധ്യതകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിച്ച് ആന്ധ്രയില്‍ ഇറങ്ങാന്‍ ശര്‍മ്മിള തയ്യാറായാല്‍ കോണ്‍ഗ്രസിനും ശര്‍മ്മിളയ്ക്കും അതൊരു നിര്‍ണായക ഘട്ടമാകും. മുമ്പ് ജയിലിലായ ജഗന് വേണ്ടി ആന്ധ്രയെ ഒരുക്കി നിര്‍ത്തിയ ശര്‍മ്മിളയുടെ രാഷ്ട്രീയ നീക്കങ്ങള്‍ മറക്കാനാകുന്നതല്ല. 2012ല്‍ ജഗന്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലറയ്ക്കുള്ളിലായപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചതും 3000 കിലോമീറ്റര്‍ ദൂരം പദയാത്ര നടത്തി ജഗന് അനുകൂലമായി ജനമനസ് ഉറപ്പിച്ചു നിര്‍ത്തിയതും ശര്‍മ്മിളയായിരുന്നു. ഒരു വര്‍ഷം നീണ്ട ആ യാത്ര അന്ന് കോണ്‍ഗ്രസിനെ ആന്ധ്രയുടെ നെഞ്ചില്‍ നിന്ന് ചവിട്ടു പുറത്താക്കാനും ജഗനെ ഉറപ്പിച്ചു നിര്‍ത്താനും സഹായകമായി. പിന്നീട് അധികാരത്തിലേറിയപ്പോള്‍ ജഗന്‍, ശര്‍മ്മിളയെ അടക്കം അധികാര ഇടനാഴിയില്‍ ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിച്ചതാണ് രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ച ശര്‍മ്മിള സഹോദരനുമായി തെറ്റിപ്പിരിയാന്‍ ഇടയാക്കിയത്. ഇനിയൊരു പദയാത്രയ്ക്കപ്പുറം കോണ്‍ഗ്രസിലെത്തി കോണ്‍ഗ്രസിനായി ആന്ധ്ര പിടിച്ചു നല്‍കാന്‍ ശര്‍മ്മിള ശ്രമിക്കുമോ എന്ന ചോദ്യമാണ് ഡല്‍ഹിയിലെ ചര്‍ച്ചയ്ക്കപ്പുറം ലോകം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്.