ബിജോയ് ബോനിയ ഒരു അസംകാരന്‍ മാത്രമല്ല !

നമ്മളെല്ലാവരും കഴിഞ്ഞദിവസം കണ്ട ദാരുണമായ കാഴ്ചയാണ് തങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നതുകണ്ട് ആര്‍ത്തലച്ചു കരയുന്ന വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ജനക്കൂട്ടത്തെ. ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നും 131 കിലോമീറ്റര്‍ ദൂരമുണ്ട് സംഭവം നടന്ന സിപാജ്ഹറിലെ ധോല്‍പൂര്‍ ഗ്രാമത്തിലേക്ക്. മാത്രമല്ല. ആസമില്‍ സ്ഥിതിചെയ്യുന്ന സിപാജ്ഹറിനും ബംഗ്ലാ അതിര്‍ത്തിക്കുമിടയില്‍ ബ്രഹ്‌മപുത്രാ നദിയുണ്ട്. അസമിന്റെ തലസ്ഥാനമായ ഗൗഹാട്ടിയുണ്ട്. മേഘാലയാ സംസ്ഥാനമുണ്ട്. അതിന്റെ തലസ്ഥാനമായ ഷില്ലോംഗ് ഉണ്ട്. മാത്രമല്ല. ഇപ്പോള്‍ വേട്ടയാടപ്പെടുന്ന 800 കുടുംബങ്ങള്‍ക്ക് ഭൂപരിഷ്‌കരണകാലത്തുതന്നെ പട്ടയം കിട്ടിയ ഇന്ത്യാക്കാരാണ്. അവര്‍ പരദേശികളാണെന്ന് സോഷ്യല്‍ മീഡിയയിലെ നിര്‍ലജ്ജര്‍ പരത്തിയ വ്യാജവാദം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. ആ നാട്ടുകാര്‍ക്ക് തലമുറകളായി അവരെ അറിയുകയും ചെയ്യാം. പിന്നെ എന്താണ് അവര്‍ ചെയ്ത് കുറ്റം ?

നാട്ടുകാര്‍ ഈ മനുഷ്യവേട്ടക്കും സര്‍ക്കാര്‍ നടപടികള്‍ക്കും എതിരാണ്. പിന്നെ ആരാണ് അവര്‍ക്കെതിരായി ഗൂഢാലോചന നടത്തുന്നത് ?

അവര്‍ വീടുകെട്ടി താമസിക്കുന്ന സ്ഥലം കൃഷിഭൂമിയാക്കി പതിച്ചുകൊടുക്കാന്‍ എന്ന പേരിലാണ് ഈ കുടുംബങ്ങളെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ് അവര്‍ താമസിച്ചിരുന്നത് കുറച്ചുദൂരെയാണ്. അവിടെനിന്നും ഓടിച്ചതും അനധികൃത കുടിയേറ്റം എന്ന പേരിലാണ്. ആ നഷ്ടപ്പെട്ട വീടുകളുടെ രേഖകളും ആധാര്‍ കാര്‍ഡുകളും അവര്‍ക്കുണ്ട്. പിന്നെ എന്താണ് അവര്‍ ചെയ്ത കുറ്റം ?

മനുഷ്യത്തം മരവിക്കുന്ന കാഴ്ച അന്നേദിവസം ലോകം കണ്ടു. ഏറ്റവും കിരാതനായ ഒരുവന്‍പോലും വെടികൊണ്ടു വീണുകിടക്കുന്ന ഒരു പട്ടിണിക്കോലത്തിന്റം നെഞ്ചില്‍ കയറി ഇത്രയും ക്രൂരത ചെയ്യില്ല. അവനെ അറസ്റ്റ് ചെയ്തു എന്നല്ലാതെ ഹിമാന്ത ബിശ്വ ശര്‍മ്മയുടെ പോലീസ് അവനെ നിയമത്തിന് വിട്ടുകൊടുക്കാന്‍ പോകുന്നില്ല. ഹിന്ദി യുട്യൂബ് വാര്‍ത്തകളില്‍ ഈ ക്രൂരദൃശ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ അക്രമിയെ അഭിനന്ദിക്കുന്ന ധാരാളം മനുഷ്യമൃഗങ്ങളെ കാണാനിടയായി. കൊല്ലപ്പെട്ടവന്‍ പരദേശിയാണെന്നും വധിക്കപ്പെടേണ്ടവനാണെന്നുമാണ് ആ നീചമനസ്സുകള്‍ കമന്റ് ചെയ്ത്. ദൗര്‍ഭാഗ്യവശാല്‍ മലയാളത്തിലും കാണാനിടയായി അങ്ങനെ ചിലത്. സിപാജ്ഹറില്‍ തലമുറകളായി ജീവിക്കുന്ന ആ കുടുംബങ്ങളുടെ ചരിത്രം എന്താണെന്നും ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമെല്ലാം നമ്മള്‍ മുമ്പേ പരിശോധിച്ചു. ഇതെല്ലാം അറിയാമെങ്കിലും ഇവര്‍ കമന്റ് ചെയ്യുന്നത് ഇതൊക്കെത്തന്നെയായിരിക്കും. കാരണം അവനിലെല്ലാം ഓരോ ബിജോയ് ബനിയയുണ്ട്. ഇന്ത്യന്‍ പൗരനാണോ അല്ലയോ എന്നതല്ല അവന്റെ പ്രശ്‌നം. ഇരയുടെ പേരെന്ത് എന്നതാണ്. ആബാലവൃദ്ധം വരുന്ന ആ സ്ത്രീകള്‍ പര്‍ദ്ദയണിഞ്ഞവരല്ല. അങ്ങനെയുള്ളവരായിരുന്നെങ്കിലോ. ന്യായീകരണക്കാരുടെ ആവേശം ഒന്നുകൂടി കൂടുമായിരുന്നു എന്നതുറപ്പാണ്. സൂക്ഷിക്കണം. നമ്മുടെ നാടിപ്പോള്‍ ഇങ്ങനെയെല്ലാമാണ്. ഇവനെ ന്യായീകരിക്കുന്നവരെ കരുതിയിരിക്കണം. നമ്മുടെ നാട്ടില്‍പ്പോലും നിസ്സഹായനായ ഒരു കുട്ടിയെ ഒറ്റക്കു കിട്ടിയാല്‍ അപായപ്പെടുത്തുന്ന പൊട്ടന്‍ഷ്യല്‍ ക്രിമിനല്‍സ് ആ ന്യായീകരണക്കാരില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ കമന്റുകളാണ് അതിനുള്ള തെളിവ്

കൃഷിഭൂമിക്ക് പഞ്ഞമുള്ള നാടല്ല അസ്സം എന്നോര്‍ക്കണം. 38,863 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള കേരളത്തേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം വലിപ്പമുള്ള അതായത് 78,438 കിലോമീറ്റര്‍ വിസ്തൃതിയുള്ള ആസ്സാമില്‍ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് വെറും 398 ആണ്. അതായത് 860 ആയിരിക്കുന്ന കേരളത്തിന്റെ പകുതിയിലും താഴെ. എന്നര്‍ത്ഥം. ഹെക്ടറുകളും കിലോമീറ്ററുകളും പരന്നുകിടക്കുന്ന അസമില്‍ കൃഷിഭൂമിക്ക് ഒരു കുറവുമില്ല എന്നര്‍ത്ഥം. എന്നിട്ടും ഇന്നും വ്യക്തമാക്കാത്ത കൃഷിപദ്ധതിയുടെ പേരില്‍ ഒരു കൂട്ടം കുടുംബങ്ങളെ ആട്ടിയോടിച്ചുകൊണ്ടേ ഇരിക്കുക. എന്താണ് അവര്‍ ചെയ്ത കുറ്റം ?

അസം മുഖ്യമന്ത്രി പറയുന്നത് 2000 ത്തോളം വരുന്ന ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു എന്നാണ്. പോലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ കണ്ടാലറിയാം. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന വീടുകളിലേക്ക് പോലീസ് വെടിവെക്കുന്നു. ഒരു വീട് കത്തിയമരുന്നു.കുട്ടികളും സ്ത്രീകളുമടക്കമുള്ള സിവിലിയന്‍ സമൂഹത്തിനുനേരെ നിറയൊഴിക്കുന്ന പോലീസ്. ഒരു വെടിയുണ്ടയേറ്റ് 12 വയസ്സുള്ള കുട്ടി മരിച്ചപ്പോള്‍ തങ്ങളുടെ കൂട്ടത്തില്‍ ഇനിയുമൊരു ജീവന്‍ നഷ്ടപ്പെടുന്നതിനുമുമ്പയാള്‍ അതുകാണാന്‍ ശേഷിയില്ലാതെ ആത്മാര്‍പ്പണം ചെയ്തതാകാം. ഗതികേടുകൊണ്ട് ഒരു വടിയുമെടുത്ത് തോക്കുധാരികളെ പ്രത്യാക്രമിക്കാന്‍ ഒരു മനുഷ്യന്‍ പാഞ്ഞടുക്കുന്നത് ദയനീയമായ കാഴ്ചതന്നെയാണ്. ആദ്യം ലാത്തികൊണ്ടടിച്ചും നെഞ്ചിലേക്ക് നിറയൊഴിച്ചും അയാളെ വധിച്ചു. ആ ജഢത്തിനുമുകളിലാണ് ഫോട്ടോഗ്രാഫറുടെ വേഷം ധരിച്ച കിരാതന്‍ തുള്ളിയത്. ഈ ദൃശ്യം പുറത്തുവന്നതുകൊണ്ട്. അധികം കഥകള്‍ നമുക്ക് കേള്‍ക്കേണ്ടിവന്നില്ല. എന്നാല്‍ത്തന്നെയും എകെ 47 ഉപയോഗിച്ച് മരക്കൂട്ടത്തിനിടയില്‍നിന്നും ഭീകരര്‍ പോലീസിനെ ആക്രമിച്ചു എന്ന് പറയാന്‍ മടിക്കില്ല നാളെ ഒരു മാദ്ധ്യമം. കാരണം അത്തരം കഥകള്‍ മെനഞ്ഞെടുക്കാന്‍ നല്ലവൈദഗ്ദ്ധ്മുള്ളവരെക്കൊണ്ടു നിറഞ്ഞതാണ് നമ്മുടെ മാദ്ധ്യമലോകം.

Read more

ധോല്‍പൂര്‍ ഗ്രാമത്തില്‍ നിരവധി ക്ഷേത്രങ്ങളുള്ള സ്ഥലമാണ്. 67 ശതമാനം ഹിന്ദുക്കളുള്ള സിപാജ്ഹറില്‍ തദ്ദേശീയര്‍ക്കാര്‍ക്കും സര്‍ക്കാര്‍ നടപടിയില്‍ തൃപ്തിയുള്ളവരല്ല. ആ കുടുംബങ്ങളോട് ഇഷ്ടക്കുറവുള്ളവരല്ല. ഇഷ്ടമുള്ളവരാണ്. കാരണം അവര്‍ ഒരുമിച്ച് ജോലികള്‍ ചെയ്തിരുന്നവരാണ്. പിന്നെ എന്താണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. പൗരത്വനിയമം കൊണ്ട് എന്തെല്ലാം ഉദ്ദേശിച്ചിരുന്നോ അത് തോക്കിന്‍കുഴലിലൂടെ നടപ്പിലാക്കാം എന്ന ഹിമാന്ത ബിശ്വശര്‍മ്മ എന്ന വര്‍ഗ്ഗീയ ഭ്രാന്തന്റെ വ്യാമോഹത്തില്‍നിന്നുള്ള ആദ്യപടിയാണിത്. എല്ലാത്തിനും ഒരന്ത്യമുണ്ട്. അന്ന് മതേതരസമൂഹം ഇതിനെല്ലാം അര്‍ഹമായ മറുപടി കൊടുക്കുകയും ചെയ്യും.