തമിഴരെ അളക്കാന്‍ ബിജെപിയും ബിഹാറിനെ വിലയിരുത്താന്‍ ഇന്ത്യ സഖ്യവും

വിജയത്തിനപ്പുറത്തെ സസ്‌പെന്‍സാണ് ഇക്കുറി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്നത്. ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതി ആരാകുമെന്ന ചോദ്യത്തിന് വൈകിട്ട് ആറ് മണിക്ക് ശേഷം ഉത്തരമുണ്ടാകും. പ്രവചനാതീതമായ ഫലമെന്ന് ഒന്നും അവകാശപ്പെടാനില്ലാതെ നിലവിലെ കണക്കനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് സംശയലേശമന്യേ മേല്‍ക്കൈ ലഭിക്കുമെന്ന് ഉറപ്പാണ്. പക്ഷേ രാഷ്ട്രീയത്തില്‍ വരും ദിനങ്ങളില്‍ നിര്‍ണായകമാകും വിജയത്തിനപ്പുറം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍. അങ്ങ് ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സാധ്യതകള്‍ക്ക് ഒരു മുന്നറിയിപ്പാകാനും കേന്ദ്രഭരണത്തിലെ ചാഞ്ചാട്ടത്തിലെ ഗതി വിലയിരുത്താനും ഉപരാഷ്ട്രപതി മല്‍സരത്തില്‍ വീഴുന്ന വോട്ടുകണക്ക് നിര്‍ണായകമാകും.

Read more

ബിജെപിയ്ക്ക് പക്ഷേ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ജയത്തിനപ്പുറം കേന്ദ്രഭരണത്തിന്റെ പിടിവള്ളി കയ്യില്‍ തന്നെ ഇല്ലേയെന്ന് ഉറപ്പാക്കാനുള്ള ശ്രമം കൂടിയാണ്. 24 വര്‍ഷം ബിജെഡി ഭരിച്ച ഒഡീഷ പിടിച്ചടക്കിയ ബിജെപിയോട് നീരസമുള്ള നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടി സമദൂര നയമെന്ന അടവ് നയം മാറ്റി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത് ബിജെപിയെ എതിര്‍ക്കുമ്പോഴും കേന്ദ്രത്തില്‍ ബിജെപിയോട് അനുകൂല സമീപനമെടുത്ത് ബില്ലുകളില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കാതെ എന്‍ഡിഎ അനുകൂല വോട്ടു നല്‍കുന്ന ബിജെഡി ഇക്കുറി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തെലങ്കാനയിലെ കെ ചന്ദ്രശേഖര റാവുവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനം കുറയും.