ഏറ്റവും വലിയ എന്‍ജിഒ എന്ന് അവകാശപ്പെടുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനെന്താണ് പേടി? എന്തുകൊണ്ടാണ് രജിസ്റ്റര്‍ ചെയ്യാതെ, കണക്കില്‍ കാണിക്കാതെ, നികുതി വെട്ടിപ്പ് സാഹചര്യം ഒരുക്കുന്ന ആര്‍എസ്എസ് സംവിധാനത്തിന് സര്‍ക്കാര്‍ സംരക്ഷണം കിട്ടുന്നത് ?. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യമാണിത്. കര്‍ണാടക സര്‍ക്കാര്‍ ആര്‍എസ്എസിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടും സുതാര്യമല്ലാത്ത രഹസ്യാത്മകതയുള്ള ഒരു സംഘടനയുടെ തലവന് നികുതിദായകരുടെ പണം കൊണ്ട് സുരക്ഷ ഒരുക്കുന്നത് എന്തിനെന്ന ചോദ്യവും പ്രിയാങ്ക് ഖാര്‍ഗെ ഉയര്‍ത്തുന്നുണ്ട്.
Read more
ആ ചോദ്യങ്ങള്‍ പ്രസക്തവുമാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സംഘടനയെന്ന രജിസ്‌ട്രേഷന്‍ ഇല്ലായ്മയും ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ തങ്ങളാണെന്ന അവകാശപ്പെടലിലും എന്‍ജിഒ ആയി രജിസ്റ്റര്‍ ചെയ്യാത്ത സുതാര്യത ഇല്ലായ്മയും കന്നഡ നാട് ചോദ്യം ചെയ്യുകയാണ്. നിസ്വാര്‍ത്ഥമായി രാജ്യത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രജിസ്റ്റര്‍ ചെയ്യാത്ത സംഘടനയ്ക്ക്, അല്ലെങ്കില്‍ സ്ഥാപനത്തിന് സംസ്ഥാനതല സുരക്ഷയും നികുതിദായകരുടെ ധനം കൊണ്ടുള്ള ആനുകൂല്യങ്ങളും എങ്ങനെ ലഭിക്കുമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുമ്പോള്‍ ഹിന്ദുവിരുദ്ധ മനോഭാവമാണ് കോണ്‍ഗ്രസിന് എന്ന് പറഞ്ഞു സ്ഥിരം മതവികാര കാര്‍ഡ് ഇറക്കുകയാണ് ബിജെപി.






