മോദിയുടെ 'ജംഗിള്‍രാജ്' ട്രിക്ക്!

ബിഹാറില്‍ ആദ്യഘട്ട വോട്ടിംഗ് റെക്കോര്‍ഡ് പോളിംഗോടെ പൂര്‍ത്തിയായതോടെ ഭരണകക്ഷിയ്ക്ക് വലിയ ഭയം ഉടലെടുത്ത് കഴിഞ്ഞു. നിതീഷ് കുമാറും ബിജെപിയും ചേര്‍ന്ന് ഭരിക്കുന്ന ബിഹാറില്‍ ഭരണവിരുദ്ധ വികാരം ശക്തമായത് മാത്രമല്ല വോട്ട് ചോരിയ്ക്ക് എതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നടത്തിയ യാത്രയും എന്‍ഡിഎയെ ഭയപ്പെടുത്തുന്നുണ്ട്. എല്ലാത്തിനും ഉപരി ബിഹാറിലെ ആദ്യഘട്ട പോളിംഗിന് തലേദിവസം രാഹുല്‍ ഗാന്ധി ഹരിയാനയിലെ വോട്ടുകൊള്ള സംബന്ധിച്ച എച്ച് ഫയല്‍സ് പുറത്തുവിട്ടതും സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് പിറ്റേ ദിവസം രേഖപ്പെടുത്തിയതും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. ബിഹാറിലെ പാലം പൊളിഞ്ഞുവീഴലും കെടുകാര്യസ്ഥതയും ഭരണവിരുദ്ധ വികാരവും ബിജെപിയുടെ ഉപമുഖ്യമന്ത്രിയായ വിജയ കുമാര്‍ സിന്‍ഹയുടെ മേല്‍ ചാണകമായി പതിച്ചതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

Read more

ബിഹാറിലെ ലഖിസാരായിയില്‍ വെച്ചാണ് ഉപമുഖ്യമന്ത്രിക്ക് നേരെ നാട്ടുകാര്‍ കല്ലും ചാണകവും വെച്ച് എറിഞ്ഞത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ബിജെപി നേതാവ് പറയുമ്പോഴും നാട്ടുകാര്‍ കൂട്ടം കൂടി ചാണകമെറിഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2010ല്‍ സിന്‍ഹ ഇവിടുത്തെ എംഎല്‍എയാണ്. എന്തായാലും തങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍ ഇറങ്ങിനടക്കാന്‍ പറ്റാത്ത വിധം ഗുണ്ടകളുടെ വിളയാട്ടമാണെന്ന് പറഞ്ഞു ഊരാക്കുടുക്കിലായി ഒടുവില്‍ ഉപമുഖ്യമന്ത്രി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്നും സര്‍ക്കാരിന് കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാക്കുകള്‍ക്ക് ഇത് ആക്കം കൂട്ടി.