സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ചെറുതല്ലാതെ ശബ്ദമുഖരിതമായിട്ടുണ്ട് പാര്‍ട്ടി ഉള്ളറകള്‍. ചിലരുടെയെല്ലാം പ്രതിഷേധ ശബ്ദം ഉയര്‍ന്നുവെന്നതാണ് കൊല്ലം സമ്മേളനത്തിന് ശേഷമുണ്ടായ പാര്‍ട്ടി ക്യാമ്പിലെ സ്ഥിതി. സംസ്ഥാന സമിതിയില്‍ നിന്ന് തഴയപ്പെട്ടവരും സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുമെന്ന് പ്രതീക്ഷിച്ചിട്ട് നടക്കാതെ പോയവരുമെല്ലാം അസംതൃപ്തിയുടെ ശബ്ദം ഉയര്‍ത്തി കഴിഞ്ഞു. പാര്‍ട്ടിയ്ക്കുള്ളിലെ കണ്ണൂര്‍ ലോബിയിങിനെതിരേയും പല പ്രവണതകള്‍ക്കെതിരേയും കഴിഞ്ഞ കുറച്ചു മാസങ്ങളായി ശബ്ദം ഉയര്‍ത്തുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി നേരിട്ട തിരസ്‌കരണവും വലിയ ചര്‍ച്ചയ്ക്ക് ഇടവെച്ചിട്ടുണ്ട്.