പുള്ളിപ്പുലിയെ ഊന്നുവടി കൊണ്ട് നേരിട്ട് സ്ത്രീ

ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ മധ്യവയസ്കയായ ഒരു സ്ത്രീ തന്റെ ഊന്നുവടി ഉപയോഗിച്ച് നേരിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മുംബൈയിലെ ആരേയിൽ ബുധനാഴ്ച വൈകുന്നേരം നടന്ന സംഭവം മുഴുവൻ ഒരു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ ആക്രമണമാണ്.

പുള്ളിപ്പുലി ആരേ ഡയറി പ്രദേശത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം, ഒരു മിനിറ്റിനുശേഷം, സ്ത്രീ ഫ്രെയിമിലേക്ക് പ്രവേശിക്കുന്നു, നിർമ്മല ദേവി സിംഗ് (55) എന്ന സ്ത്രീ ഊന്നുവടിയുടെ സഹായത്തോടെ പതുക്കെയാണ് നടക്കുന്നത്തു. സ്ത്രീ ഒരു അരമതിലിൽ ഇരിക്കുന്നതും പുലി അവരുടെ നേരെ പുറകിൽ പതുങ്ങിയിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പുലി സ്ത്രീയുടെ അടുത്തേക്ക് ആക്രമിക്കാനായി നീങ്ങുന്നു. പുള്ളിപ്പുലി തന്റെ ശ്രദ്ധയിൽപ്പെട്ടയുടനെ സ്ത്രീ അവരുടെ ഊന്നുവടി ഉപയോഗിച്ച് പുലിയെ തള്ളിമാറ്റാൻ ശ്രമിക്കുന്നു. അടുത്ത നിമിഷം പുള്ളിപ്പുലി തന്റെ നേരെ പാഞ്ഞടുക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീ പിന്നിലേക്ക് വീഴുന്നതായി കാണാം. നിമിഷങ്ങൾക്കകം പുലി പിന്മാറി ഓടുന്നു. സംഭവത്തിൽ യുവതിക്ക് നിസ്സാര പരിക്കേറ്റു, ചികിത്സയിലാണ്. സ്ത്രീയുടെ വിളി കേട്ടതിനെത്തുടർന്നാവാം, കുറച്ച് ആളുകൾ ആ സ്ത്രീയുടെ അടുത്തേക്ക് സഹായത്തിനായി ഓടിവരുന്നത് ദൃശ്യങ്ങളിൽ കാണാം.

രണ്ട് ദിവസം മുമ്പ്, 4 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചിരുന്നു. കുട്ടി തന്റെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.