കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഒരു നേതാവിനെ ആക്രമിച്ച് വീഴ്ത്തുക. കുതികാല്‍ വെട്ടും കാലുവരാലും ഗ്രൂപ്പിസവുമെല്ലാം പതിവായ കോണ്‍ഗ്രസില്‍ പല കാലങ്ങളിലങ്ങനെ വീഴ്ത്തപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഉണ്ട്. എന്നാല്‍ തികച്ചും ന്യായമെന്ന് തോന്നുന്ന ഒരു സമീപനം എടുത്തതിന് വി ഡി സതീശന്‍ നേര്‍ക്ക് ഉണ്ടാകുന്ന സൈബര്‍ വെട്ടുകിളി കൂട്ടങ്ങളുടെ ആക്രോശങ്ങള്‍ പറഞ്ഞു ചെയ്യിപ്പിക്കുന്നതാണെന്ന് പുറമേ നില്‍ക്കുന്നവര്‍ക്കും അകത്തുള്ളവര്‍ക്കും ഒറ്റ നോട്ടത്തില്‍ മനസിലാകും. ഗുരുതര ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തലിനെ തള്ളിപ്പറഞ്ഞതാണ് വി ഡി സതീശനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച വി ഡിക്ക് നേര്‍ക്ക് രാഹുല്‍- ഷാഫി പക്ഷ സൈബര്‍ പോരാളികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ ചെറുതല്ല. ഇതുവരെ കാണാത്ത തരത്തിലൊരു സൈബര്‍ ആക്രമണം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിന് പിന്നാലെപ്രതിപക്ഷ നേതാവിന് നേര്‍ക്ക് ഉണ്ടാകുമ്പോള്‍ തമ്മില്‍തല്ല് കണ്ടിട്ടും ഇടപെടാതെ നില്‍ക്കുന്ന കെപിസിസി നേതൃത്വം കോണ്‍ഗ്രസിന്റെ കെട്ടുറപ്പിന് പോലും ബാധ്യതയാണ്.

