ഐഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബി.ജെ.പിയില്‍ പൊട്ടിത്തെറി, സ്റ്റേറ്റ് സെക്രട്ടറി ഉള്‍പ്പെടെ 12 പേര്‍ കൂടി രാജിവെച്ചു

നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി.

ദ്വീപ് ബിജെപി സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. ഐഷാ സുല്‍ത്താനയ്‌ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നപടിയെന്ന് 12 പേരും സമര്‍പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില്‍ വ്യക്തമാക്കുന്നു.

ചാനല്‍ ചര്‍ച്ചക്കിടെ ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ അവര്‍ക്കെതിരെയാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തത്.

ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന വ്യക്തമാക്കിരുന്നു.