'സഹ നിയമ നിർമ്മാണസഭകളുടെ പരമാധികാര നടപടിക്രമങ്ങളെ ബഹുമാനിക്കണം'; യൂറോപ്യന്‍ യൂണിയന്‍റെ പ്രമേയത്തിന് എതിരെ സ്പീക്കര്‍ ഓം ബിര്‍ള

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതിനെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. തിങ്കളാഴ്ച യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോളിക്ക് സ്പീക്കർ കത്തെഴുതി.

സഹ നിയമ നിർമ്മാണസഭകളുടെ പരമാധികാര നടപടിക്രമങ്ങളെ ബഹുമാനിക്കണം എന്ന് ബിര്‍ള കത്തിൽ ആവശ്യപ്പെട്ടു. കൂടാതെ സി‌എ‌എയ്ക്കെതിരെ പ്രമേയം പാസാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പറയുന്നു. അനാരോഗ്യകരമായ ഒരു മാതൃക. അനാരോഗ്യകരമായ ഒരു മാതൃകയാവരുതെന്നും ബിര്‍ള പറഞ്ഞു.

751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വ ഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തിയിരുന്നു. 150-ല്‍ അധികം പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ പൗരത്വം നിര്‍ണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് അതിടയാക്കുമെന്നും പ്രമേയത്തിന്റെ കരടില്‍ ആരോപിക്കുന്നു. ജനങ്ങള്‍ വലിയ കഷ്ടപ്പാടുകള്‍ സഹിക്കേണ്ട അവസ്ഥ നിയമം മൂലം ഉണ്ടാകുമെന്നും കരട് പ്രമേയം ആരോപിക്കുന്നു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാന്‍ യൂറ്യോപ്യന്‍ യൂണിയന് കഴിയില്ലെന്നായിരുന്നു പ്രമേയത്തില്‍ ഇന്ത്യയുടെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇരുസഭകളിലേയും ചര്‍ച്ചക്ക് ശേഷമാണ് ഇത് പാസാക്കിയതെന്നും ഇന്ത്യ പറഞ്ഞു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ ഇന്ത്യക്കെതിരായ പ്രമേയം അവതരിപ്പിക്കും.