ട്രംപ് ഇന്ത്യയുടെ ഭാഷയിലാണ് തങ്ങളോട് സംസാരിക്കുന്നതെന്ന് പാക് മന്ത്രി; അഫ്ഗാനില്‍സംഭവിച്ച പരാജയത്തിനു പാക്കിസ്ഥാനെ ബലിയാടാക്കുന്നു’

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ ഭാഷയിലാണ് തങ്ങളോട് സംസാരിക്കുന്നതെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനില്‍ അമേരിക്കയ്ക്ക് സംഭവിച്ച പരാജയത്തിനു ട്രംപ് പാക്കിസ്ഥാനെ ബലിയാടാക്കുകയാണെന്നും ഖ്വാജ പറഞ്ഞു.

അമേരിക്കയുമായുള്ള ബന്ധം മോശമായതിനെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത അടിയന്തിര പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷമാണ് ഖ്വാജയുടെ പ്രതികരണം. പാക്കിസ്ഥാന്റെ അന്തസ് നിലനിര്‍ത്തുന്ന തരത്തിലുള്ള ബന്ധം മാത്രമേ ഇനി അമേരിക്കയുമായി ഉണ്ടാകുവെന്ന് സ്പീക്കര്‍ അയാസ് സാദിഖ് പറഞ്ഞു.

പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നുവെന്ന് പറഞ്ഞ ട്രംപ് പാകിസ്ഥാന്റെ നടപടിയോട് അമേരിക്ക ശക്തമായി പ്രതികരിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ട്രംപ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത ഒളിത്താവളങ്ങള്‍ ഒരുക്കുന്ന പാക്കിസ്ഥാന്റെ നടപടിയെക്കുറിച്ച് ഇനിയും മിണ്ടാതിരിക്കാനാവില്ലെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തീവ്രവാദത്തിന് കടിഞ്ഞാണിടാന്‍ പാക്കിസ്ഥാനാവുന്നില്ലെങ്കില്‍ സൈനിക നടപടികളെക്കുറിച്ചുവരെ ആലോചിക്കേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.