ബുറെവി ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം; നിരവധി വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി വീണു, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം

ശ്രീലങ്കയിൽ നാശം വിതച്ച് ബുറെവി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ജാഫ്‌നയിലെ വാല്‍വെട്ടിത്തുറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതി, റോഡ് ഗതാഗതം സ്തംഭിച്ചു. മുല്ലത്തീവ്, കിള്ളിനോച്ചി മേഖലകളിലും കനത്ത പേമാരിയും കാറ്റും തുടരുകയാണ്.

മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റോടു കൂടിയാണ് ബുറെവി മുല്ലത്തീവിലെ ട്രിങ്കോമാലിക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെ കരയിലേക്ക് കടന്നത്. ലങ്കയില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 75,000 പേരെ തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ലങ്കയില്‍ ചിലയിടങ്ങളില്‍ 200 മി. മീറ്റര്‍ വരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ലങ്കന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി അതുല കരുണനായകെ മുന്നറിയിപ്പ് നല്‍കി.  കടല്‍ പ്രക്ഷുബ്ധമാകും. അതിതീവ്ര മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങും. പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ തീരമേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളിലും  ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കന്യാകുമാരി ഉൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം കന്യാകുമാരി ജില്ലകളിൽ ആൾക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉൾപ്പെടെ തീരമേഖലയിൽ വിന്യസിച്ചു.

ബുറെവി ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്തും മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ കടക്കുന്നതിന് മുൻപ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ 8 കമ്പനി എൻഡിആർഎഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.