പൗരത്വ ഭേദഗതി ബില്ലില്‍ യു.എസ് കമ്മീഷന്റെ പ്രസ്താവന ഖേദകരമെന്ന് ഇന്ത്യ

പൗരത്വ ഭേദഗതി ബില്ലില്‍ യു.എസ് ഫെഡറല്‍ കമ്മീഷന്റെ പ്രസ്താവന ഖേദകരമെന്ന് ഇന്ത്യ. യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) പുറപ്പെടുവിച്ച പ്രസ്താവന അവരുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ അതിശയിപ്പിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അതേസമയം വ്യക്തമായ ധാരണയില്ലാത്ത ഒരു വിഷയത്തെ മുന്‍വിധിയോടെയും പക്ഷാപാതപരമായും സമീപിച്ചതില്‍ ഖേദമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവന കൃത്യമോ ആധികാരികമോ അല്ലെന്നും ദേശീയ പൗരത്വ ഭേദഗതി ബില്ലോ രജിസ്റ്ററോ ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത് അസ്വസ്ഥതപ്പെടുത്തുന്നു. ഇന്ത്യയുടെ മതേതര ബഹുസ്വരതയ്ക്കും തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയ്ക്കും എതിരായിട്ടാണ് പൗരത്വ ഭേദഗതി ബില്‍ പ്രവര്‍ത്തിക്കുന്നതെന്ന് യു.എസ്.സി.ആര്‍.എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബില്‍ പാര്‍ലമെന്റില്‍ പാസായാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെയും മറ്റ് പ്രമുഖ നേതാക്കള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുന്നത് യു.എസ് സര്‍ക്കാര്‍ പരിഗണിക്കണമെന്നും യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.