'തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം ഇനിവേണ്ട'; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബി.ആര്‍.പി ഭാസ്‌ക്കര്‍

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍ തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഓണററി അംഗത്വം തിരിച്ചു നല്‍കി. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയതിന് അറസ്റ്റിലായിട്ടും തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനോട് ഉന്നത സമിതി രാജിവെക്കാന്‍ ആവശ്യപ്പെട്ടാതത്തില്‍ പ്രതിഷേധിച്ചാണ് നടപടി.

തന്റെ ഓണററി അംഗത്വം ഉപേക്ഷിക്കുകയാണെന്നറിയിച്ചുകൊണ്ട് ഞായറാഴ്ച്ച രാത്രി അദ്ദേഹം പ്രസ് ക്ലബിലേക്ക് ഇമെയില്‍ സന്ദേശം അയക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വെക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേയ്ക്ക് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രാധാകൃഷ്ണനോടൊപ്പം ഒരു വനിതാ അഭിഭാഷകയും മകനും കേസില്‍ പ്രതികളാണ്.

പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് ക്യാംപയിനുകളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ജോലി ചെയ്യുന്ന സ്ഥാപനത്തിലും പ്രസ് ക്ലബിലും പരാതി ലഭിച്ചെങ്കിലും രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ദുഷ്പ്രചാരണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ ആരോപണം. പരാതി ലഭിച്ചിട്ടും രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രസ് ക്ലബ് സ്വീകരിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.