മധ്യപ്രദേശ് കോൺഗ്രസിൽ കലഹം; പരിശോധിക്കാൻ എ.കെ ആന്റണി കമ്മിറ്റി

മധ്യപ്രദേശ് കോൺഗ്രസിലെ ഉൾപാർട്ടി കലഹം സംബന്ധിച്ച പ്രശ്‌ന പരിഹാരം, പാർട്ടിയുടെ അച്ചടക്ക സമിതിക്ക് കൈമാറിയതായി മുഖ്യമന്ത്രി കമൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ശനിയാഴ്ച സന്ദർശിച്ച ശേഷമായിരുന്നു കമൽനാഥ് മാധ്യമങ്ങളെ കണ്ടത്.

മുൻ കേന്ദ്രമന്ത്രി എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി, ഭിന്നിച്ചു നിൽക്കുന്ന പാർട്ടിയിലെ വിഭാഗങ്ങളുടെ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി അതിനനുസരിച്ച് തീരുമാനമെടുക്കും.

ചില സംസ്ഥാന നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ച് മധ്യപ്രദേശ് ചുമതലയുള്ള ദീപക് ബബാരിയ വിശദമായ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിഷയത്തിൽ കോൺഗ്രസിന്റെ പുതിയ നീക്കം.

മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിനെതിരെ ചില മന്ത്രിമാർക്ക് പരാതികളുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ ആഴ്ച ആദ്യം സംസ്ഥാന വനം മന്ത്രി ഉമാംഗ് സിംഗർ സോണിയ ഗാന്ധിക്ക് ഒരു കത്ത് എഴുതിയിരുന്നു. മുൻ മുഖ്യമന്ത്രി “തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന്” സർക്കാരിനെ നിയന്ത്രിക്കുന്നെന്നും സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെടുന്നുവെന്നും അദ്ദേഹം കത്തിൽ ആരോപിച്ചിരുന്നു.