ആ അവകാശവാദം തെറ്റ്; തിരുത്തലുമായി സൂം രംഗത്ത്

ലോക്ഡൗണിനെ തുടര്‍ന്ന് ലോകം വീടുകളിലേക്ക് ചുരുങ്ങിയതോടെ വീഡിയോ കോളിംഗിന്റെ ഒരു വിസ്‌ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ അത്തരം വീഡിയോ കോളിംഗ് ആപ്പുകള്‍ക്കും സുവര്‍ണകാലമാണ് ഇപ്പോള്‍. അത്തരത്തില്‍ ഇപ്പോള്‍ ഏറെ മിന്നിച്ചു നില്‍ക്കുന്ന ആപ്പാണ് സൂം. 30 കോടിയോളം പുതിയ ഉപഭോക്താക്കളെ തങ്ങള്‍ക്ക് ലഭിച്ചെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഇപ്പോള്‍ അതില്‍ തിരുത്തലുമായി എത്തിയിരിക്കുകയാണ് സൂം.

തങ്ങള്‍ക്ക് ദിവസേന 30 കോടി സജീവ ഉപയോക്താക്കളില്ലെന്നും ദിവസേന 30 കോടി പേര്‍ വീഡിയോകോളില്‍ പങ്കെടുക്കുന്നുണ്ട് എന്നുമാണ് സൂമിന്റെ തിരുത്തല്‍. 30 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നല്ല അത്രയും ആളുകള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ഏപ്രില്‍ 22- ന് നടന്ന വെബിനാറില്‍ പറഞ്ഞിരുന്നത് എന്നാണ് സിഇഓ എറിക് യുവാന്‍ പറയുന്നത്. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാലാണ് തിരുത്തലുമായി കമ്പനി രംഗത്ത് വന്നത്.

ഇത് ആദ്യമായല്ല സൂം തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. നേരത്തെ സൂം സേവനം എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉള്ളതാണ് എന്ന അവകാശവാദം കമ്പനി ഉന്നയിച്ചിരുന്നു. എന്നാല്‍ പിന്നീട് കമ്പനി അത് തിരുത്തി രംഗത്ത് വന്നിരുന്നു.