വായുവില്‍ നിന്നും വൈദ്യുതി നിർമ്മിക്കാമെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ

വായുവിനെ വൈദ്യുതിയാക്കി മാറ്റുന്ന ഒരു തരം എൻസൈം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. പ്രത്യേകതരം ബാക്ടീരിയ പുറത്തുവിടുന്ന എൻസൈം ആണ് വായുവില്‍ നിന്നും വൈദ്യുതി നിര്‍മിക്കാന്‍ സഹായിക്കുന്നത്. മണ്ണിലും കടലിലും മഞ്ഞിലുമൊക്കെ ജീവിക്കാൻ സാധിക്കുന്ന ഈ ബാക്ടീരിയ വഴി അന്തരീക്ഷത്തെ ഒരു ഊർജ്ജ സ്രോതസ്സായി ഉപയോഗിച്ച് ഭൂമിയിൽ എവിടെ വേണമെങ്കിലും വായുവില്‍ നിന്ന് വൈദ്യുതി സൃഷ്ടിക്കാൻ സാധിക്കും എന്നാണ് ഗവേഷരുടെ അവകാശവാദം.

അന്റാർട്ടിക്കയുടെ മണ്ണിലും അഗ്നിപർവത ഗർത്തങ്ങളിലും സമുദ്രത്തിലെ ആഴത്തിലും ഉൾപ്പെടെ വളരാനും അതിജീവിക്കാനും ബാക്‌ടീരിയകൾക്ക് ഊർജ സ്രോതസ്സായി വായുവിലെ ഹൈഡ്രജനെ ഉപയോഗിക്കാനാകുമെന്ന് കുറച്ചുകാലമായി ഞങ്ങൾക്കറിയാം എന്ന് മോനാഷ് യൂണിവേഴ്സിറ്റിയുടെ ബയോമെഡിസിൻ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ക്രിസ് ഗ്രീനിംഗ് പറഞ്ഞു. അന്തരീക്ഷത്തിലെ ഹൈഡ്രജനെ ഊർജസ്രോതസ്സായി ബാക്ടീരിയകള്‍ ഉപയോഗിക്കുന്നു എന്ന് നേരത്തെ അറിയാമായിരുന്നു . എന്നാൽ, എങ്ങനെയാണ് അത് ചെയ്യുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ അറിയില്ലായിരുന്നു. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ‘Structural basis for bacterial energy extraction from atmospheric hydrogen’ എന്ന പേപ്പറിലാണ് കണ്ടെത്തൽ വിശദമായി പ്രതിപാദിക്കുന്നത്.

ബാക്ടീരിയയില്‍ നിന്നും പുറത്തുവരുന്ന ഹക്ക് എന്ന് വിളിക്കപ്പെടുന്ന ഈ എൻസൈം അതിശയകരമാംവിധം സ്ഥിരതയുള്ളതും നേർത്ത വായുവിൽ നിന്ന് ഊർജ്ജം സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമായ കാര്യക്ഷമതയുള്ളതുമാണെന്ന് തെളിയിച്ചു കഴിഞ്ഞതായാണ് ഗവേഷകർ പറയുന്നത്. അന്തരീക്ഷത്തിൽ വളരെ കുറഞ്ഞ അളവിലാണ് ഹൈഡ്രജൻ ഉള്ളത്. എന്നാൽ ഹൈഡ്രജനെ വലിച്ചെടുക്കാൻ ഹക്ക് എൻസൈമുകൾക്ക് ശേഷിയുണ്ട്. വൈദ്യുതി നിർമിക്കുമെന്നതിനാൽ പ്രകൃതി നിര്‍മിത ബാറ്ററികളായി ഫലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവയിലൂടെ വൈദ്യുതി നിര്‍മാണത്തിന്റെ പുതിയ സാധ്യതകളാണ് മുന്നോട്ടു വെക്കുന്നത്.

അന്തരീക്ഷത്തിലെ വളരെ കുറഞ്ഞ അളവിലുള്ള ഹൈഡ്രജനാണ് ഹക്ക് എന്‍സൈം വഴിയുള്ള വൈദ്യുതി നിര്‍മാണത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. റൈസ് ഗ്രിന്റര്‍ പറഞ്ഞു. കാരണം ഇത്തരം ബാക്ടീരിയകളെ നിര്‍മിച്ചെടുക്കുന്നത് ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ്. എന്നാൽ, ബാക്ടീരിയയില്‍ നിന്ന് വേർതിരിച്ചെടുക്കുന്ന ഹക്ക് എന്‍സൈമുകളെ നിയന്ത്രിത സാഹചര്യങ്ങളില്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശക്തി നഷ്ടപ്പെടാതെ തന്നെ 80 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള സാഹചര്യങ്ങളിലോ തണുപ്പിച്ചോ ഹക്ക് എന്‍സൈമുകള്‍ക്ക് അതിജീവിക്കാന്‍ സാധിക്കും എന്നാണ് പഠനം പറയുന്നത്. ഇത് ഭൂമിയിലെ ഭൂരിഭാഗം പ്രദേശത്തും എന്‍സൈമുകള്‍ക്ക് അതിജീവിക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ്.

ഭാവിയിൽ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സാധിക്കും എന്നുതന്നെ ആണ് ഗവേഷകരുടെ പ്രതീക്ഷ. ഇത് എൻസൈമുകൾ നേരിട്ട് വായുവില്‍ നിന്ന് ഹൈഡ്രജൻ ഉപയോഗിച്ചോ ബാക്ടീരിയകള്‍ക്ക് പ്രത്യേകം ഹൈഡ്രജന്‍ നല്‍കിയോ ആയിരിക്കാം. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്റെ അളവ് വളരെ കുറവായതിനാല്‍ ഹൈഡ്രജന്‍ നല്‍കിയായിരിക്കും ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുക.