ജനുവരി ഒന്ന് മുതല്‍ വാട്ട്‌സ്ആപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല

ജനുവരി ഒന്നു മുതല്‍ ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് നിരവധി ഡിവൈസുകളില്‍ പ്രവര്‍ത്തിക്കില്ല. കമ്പനി ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 അതിന് മുന്‍പുള്ള പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കില്ല.

ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടിയുള്ള വാട്ട്‌സ്ആപ്പ് ആപ്പ് ഡെവലപ്‌മെന്റ് സേവനങ്ങള്‍ കമ്പനി നിര്‍ത്തലാക്കി. ഭാവിയില്‍ വാട്ട്‌സ്ആപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാട്ട്‌സ്ആപ്പ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നത്.

നിങ്ങളുടെ ഫോണ്‍ ഒഎസ് മേല്‍പ്പറഞ്ഞ വിഭാഗത്തിലുള്ളതാണെങ്കില്‍ പുതിയ ഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റണ്ണിംഗ് ഒഎസിലേക്ക് മാറുകയോ ചെയ്യണമെന്നാണ് വാട്ട്‌സ്ആപ്പ് നിര്‍ദ്ദേശിക്കുന്നത്. ആന്‍ഡ്രോയിഡ് ഒഎസ് 4.0 യ്ക്ക് മുകളിലേക്കുള്ള വേര്‍ഷനുകളിലായിരിക്കും വാട്ട്‌സ്ആപ്പ് സുഗമമായി പ്രവര്‍ത്തിക്കുക.

ഈ വര്‍ഷം അവസാനത്തോടെ ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 എന്നിവയില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും. നോക്കിയ എസ്40 യില്‍ അടുത്തവര്‍ഷം ഡിസംബര്‍ 31 ഓടെ പ്രവര്‍ത്തനം അവസാനിക്കും. ഫെബ്രുവരി 1 2020 ഓടെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.3.7 ന് മുന്‍പുള്ളവയില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കും.

ജൂണ്‍ 30 ഓട് കൂടി നോക്കിയ സിംബയന്‍ ഒഎസിലുള്ള ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കാതെ ആയിരുന്നു.