ആന്‍ഡ്രോയിഡിനെതിരെ വാവേയുടെ ‘വജ്രായുധം’ റെഡി; പിന്തുണയുമായി മറ്റ് ബ്രാന്‍ഡുകളും

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ നിലനില്‍പ്പിനായി ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുക എന്ന ദൗത്യത്തിലേക്കാണ് വാവേയ് നീങ്ങിയത്. ഇപ്പോഴിതാ വാവേയ് സ്വന്തമായി വികസിപ്പിച്ചെടുത്ത ‘ഹോങ്മെങ്’ ഓപ്പറേറ്റിങ് സിസ്റ്റം സ്മാര്‍ട്ഫോണില്‍ പരീക്ഷിക്കുന്നു എന്നാണ് വിവരം. ഈ വര്‍ഷം തന്നെ പുതിയ ഓഎസിലുള്ള സ്മാര്‍ട്ഫോണുകള്‍ വാവേ പുറത്തിക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോങ്‌മെങ് ഒഎസിനു ആന്‍ഡ്രോയിഡിനേക്കാള്‍ 60 ശതമാനം അധികം വേഗമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകല്‍ വന്നിരുന്നു. ഒപ്പോ, വിവോ, ടെന്‍സെന്റ് കമ്പനികള്‍ വാവെയുടെ ഒഎസ് പരീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും ഒരു മിശ്രണമായിരിക്കും വാവെയുടെ ഓപ്പറേറ്റിംഗ് സിസ്റ്റമെന്നാണ് സൂചന. പുതിയ ഒഎസിലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ചൈനയിലാണ് ആദ്യം അവതരിപ്പിക്കുക.

വാവേയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മറ്റ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെയും പിന്തുണ കിട്ടിത്തുടങ്ങി എന്നാണ് വിവരം. ഇത് ഗൂഗിളിന് വന്‍തിരിച്ചടിയാവും നല്‍കുക. ആപ്പിളൊഴികെ എല്ലാ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങവേയാണ് വാവേയ്യുടെ ചടുലനീക്കം.