അവരെ പോലെ ഞങ്ങള്‍ ചെയ്യില്ല, ആപ്പിളിന് കൊട്ടുകൊടുത്ത് സാംസങ്

ഫോണ്‍ തുടരെ തുടരെ ഷട്ട്ഡൗണ്‍ ആകാതിരിക്കാന്‍ പ്രോസസര്‍ വേഗത കുറയ്ക്കുന്നുണ്ടെന്ന് ആപ്പിള്‍ തുറന്ന് സമ്മതിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ വിഷയത്തില്‍ ഇപ്പോള്‍ ആപ്പിളിന് കൊട്ടുകൊടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് സാംസങും എല്‍ജിയും.

ആപ്പിളിനെ പോലെ ഫോണ്‍ തങ്ങള്‍ സ്ലോ ഡൗണ്‍ ചെയ്യാറില്ലെന്നാണ് ഇരു കമ്പനികളുടെയും പ്രതികരണം. സാംസങിന്റെ എല്ലാകാലത്തെയും മുഖ്യ അജണ്ട ഫോണ്‍ ക്വാളിറ്റിയായിരിക്കുമെന്നും കമ്പനി പ്രതികരിച്ചു.

‘മള്‍ട്ടി ലെയര്‍ സുരക്ഷാ ക്രമീകരണങ്ങളിലൂടെ വര്‍ദ്ധിച്ച ബാറ്ററി ലൈഫ് എന്നതാണ് സാംസങിന്റെ നിലപാട്. ബാറ്ററി ചാര്‍ജിംഗ് കറന്റും ചാര്‍ജിംഗ് സമയവും ക്രമപ്പെടുത്തുന്നതിനായി സോഫ്റ്റുവെയര്‍ അല്‍ഗോറിതമാണ് ഉപയോഗിക്കുന്നത്. സോഫ്റ്റുവെയര്‍ അപ്‌ഡേറ്റിലൂടെ സിപിയു പെര്‍ഫോമന്‍സ് കുറയ്ക്കാറില്ല’- കമ്പനി പറഞ്ഞു.

ഇതേ നിലപാട് തന്നെയാണ് എല്‍ജിയും വ്യക്തമാക്കിയത്. എച്ച്ടിസി, ലെനോവോ, മോട്ടറോള തുടങ്ങിയ കമ്പനികളും ബാറ്ററി പ്രശ്‌നങ്ങള്‍ കൊണ്ട് ഫോണ്‍ സ്ലോ ഡൗണ്‍ ചെയ്യാറില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആപ്പിള്‍ ഫോണുകള്‍ ബാറ്ററി പ്രശ്‌നങ്ങള്‍ കൊണ്ട് സ്ലോ ഡൗണ്‍ ചെയ്യുന്നുണ്ടെന്ന സംഭവം പുറത്തുവന്നതിന് പിന്നാലെ ആപ്പിള്‍ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞിരുന്നു.