ജീവനക്കാര്‍ സ്വയം രാജിവെയ്ക്കണം; ഇല്ലെങ്കില്‍ ഭാവി നശിപ്പിച്ച് പുറത്താക്കും; ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലും പൊട്ടിത്തെറി

ഷ്ടത്തിലേക്ക് കൂപ്പുകുത്തി എഡ്യൂടെക്ക് ഭീമനായ ബൈജൂസില്‍ വീണ്ടും പിരിച്ചുവിടല്‍. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലെ ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ കമ്പനി ശ്രമിക്കുന്നത്. രാജിവെയ്ക്കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് കര്‍ണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂനിയന്‍ (കെ.ഐ.ടി.യു) രംഗത്തെത്തിയിട്ടുണ്ട്.

സ്വയം രാജിവെച്ചില്ലെങ്കില്‍ കമ്പനിയില്‍നിന്ന് പുറത്താക്കുമെന്നാണ് കമ്പനി അധികൃതരുടെ ഭീഷണിയെന്ന് കെ.ഐ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരെ പുറത്താക്കി ഭാവിനശിപ്പിക്കുമെന്നും കമ്പനി ഭീഷണപ്പെടുത്തുന്നുണ്ടെന്നും ജീവനക്കാര്‍ ആരോപിച്ചു.

മാനേജര്‍മാരില്‍നിന്നോ സുപ്പര്‍വൈസര്‍മാരില്‍നിന്നോ ബോര്‍ഡ് അംഗങ്ങളില്‍നിന്നോ ഉള്ള സമ്മര്‍ദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരന്‍ രാജിവെച്ചാല്‍ അത് നിര്‍ബന്ധിത രാജിയായാണ് പരിഗണിക്കപ്പെടുക. ജീവനക്കാരെ രാജിവെപ്പിക്കാന്‍ വിവിധ തന്ത്രങ്ങളാണ് ബൈജൂസ് പയറ്റുന്നത്. കമ്പനിയില്‍നിന്ന് പുറത്താക്കിയാല്‍ അത് ജീവനക്കാര്‍ ഭാവിയില്‍ മറ്റു കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നതിനെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ രാജിവെക്കണമെന്നുമാണ് ബൈജൂസിന്റെ എച്ച്.ആര്‍ മാനേജര്‍ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച ആവശ്യങ്ങള്‍ അടങ്ങിയ രേഖകളൊന്നും ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിട്ടില്ലെന്നും വ്യക്തിപരമായി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും യൂണിയന്‍ വെളിപ്പെടുത്തി.

പുറത്താക്കിയാല്‍ നഷ്ടപരിഹാരമടക്കമുള്ളവ കമ്പനി നല്‍കേണ്ടിവരും. എന്നാല്‍, ജീവനക്കാര്‍ സ്വയം രാജിവെച്ചാല്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കേണ്ടതില്ല. ബൈജൂസില്‍നിന്ന് ജീവനക്കാരെ പുറത്താക്കിയാല്‍ത്തന്നെ എത്രപേര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും പറയാനാവില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി.

ബൈജൂസി’ല്‍നിന്ന് 12 പേരുടെ പരാതി തങ്ങള്‍ക്ക് ലഭിച്ചതായും യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ബെംഗളൂരുവില്‍ അഞ്ചുനിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ 4000ത്തോളം ജീവനക്കാരാണുള്ളത്.

നേരത്തെ, കേരളത്തിലെ ഓഫീസ് പൂട്ടുകയാണെന്നും ജീവനക്കാരോട് ബെംഗളൂരു ഓഫീസിലേക്ക് മാറാനും ബൈജൂസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയതോടെ കമ്പനി നിലപാട് മാറ്റിയിരുന്നു.

കേരളം തല്‍ക്കാലം വിടുന്നില്ലെന്നും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് ഉദേശിക്കുന്നതെന്നും ബൈജൂസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ബൈജൂസ് സ്ഥാപനങ്ങളിലെ മൂവായിരത്തിലേറെ ജീവനക്കാരില്‍ 140 പേരെ ബംഗളൂരുവിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ മൂന്നു സ്ഥാപനംകൂടി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ട്. സ്ഥലംമാറ്റം അറിയിച്ചവരില്‍ ബുദ്ധിമുട്ടറിയിച്ചവര്‍ക്കും കുടുംബത്തിനുമായി ആറുമാസം ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റു കമ്പനികളില്‍ ജോലി നേടാന്‍ സഹായവും വേഗത്തില്‍ ഫൈനല്‍ സെറ്റില്‍മെന്റ് നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

വിട്ടു പോകുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കില്‍ ബൈജൂസില്‍ തന്നെ തിരിച്ചു നിയമനം കിട്ടുന്ന രീതിയിലാണു ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. ഹ്യൂമന്‍ റിസോഴ്സ് വിഭാഗം ജീവനക്കാരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

എന്നാല്‍, കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിലെപോലെയല്ല സ്ഥാപനത്തിനുള്ളിലെ അവസ്ഥ. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കമ്പനിയുടെ നാലിലൊരു വിഭാഗം ജീവനക്കാരെയും പിരിച്ചുവിടാനൊരുങ്ങുകയാണ്. പന്ത്രണ്ടായിരം പേരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കേരളത്തില്‍ നിന്ന് കമ്പനി അടച്ചുപൂട്ടി പോകുന്ന വാര്‍ത്തകള്‍ വെളിയില്‍ വന്നതോടെ സ്ഥാപനത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതോടെയാണ് സ്ഥാപനം പത്രക്കുറിപ്പ് ഇറക്കിയതെന്നും ജീവനക്കാര്‍ പറയുന്നു.

ഈ സാമ്പത്തിക വര്‍ഷാവസാനമായ 2023 മാര്‍ച്ചോടെ 2500 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കമ്പനി ലാഭത്തിലാക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകളെക്കാള്‍ കൂടുതലുള്ള പിരിച്ചുവിടല്‍ ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴില്‍ ശേഷിയില്‍നിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥും ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മൃണാല്‍ മോഹിതും പ്രത്യേകം വാര്‍ത്താ സമ്മേളനങ്ങളില്‍ നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടല്‍ എന്നായിരുന്നു വിശദീകരണം. തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. കേരളത്തില്‍ 170ലേറെ ജീവനക്കാര്‍ക്കാണ് നോട്ടീസ് കിട്ടിയത്.

2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയില്‍നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ആ വര്‍ഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.

‘2023 മാര്‍ച്ചോടെ കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ബ്രാന്റ് നാമം നല്ല രീതിയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കിറ്റിംഗ് ബജറ്റ് കുറെക്കൂടി കാര്യക്ഷമമാക്കും. ഇനി ആഗോളസാന്നിധ്യം വികസിപ്പിക്കാന്‍ ഫണ്ട് ചെലവഴിക്കുന്നതിന് മുന്‍ഗണന നല്‍കും.’ ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ്

2021 മാര്‍ച്ചില്‍ 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് പ്രഖ്യാപിച്ചത്. ഇത് 2020ലെ നഷ്ടത്തേക്കാള്‍ 19 മടങ്ങ് അധികമാണ്. 2022 മാര്‍ച്ച് 31ന് കമ്പനിയുടെ വരുമാനം നാലിരട്ടി വര്‍ധിച്ച് 10,000 കോടിയിലെത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും ലാഭനഷ്ടക്കണക്ക് അവതരിപ്പിച്ചിരുന്നില്ല. ഏകദേശം 50000 ജീവനക്കാരാണ് ബൈജൂസില്‍ ഉള്ളത്.

ഇത് ആദ്യമായല്ല ബൈജ്യൂസ് കൂട്ടപിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ബൈജ്യൂസിന്റെ ഓഫര്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ പിരിഞ്ഞുപോവുകയോ മാത്രമാണ് ജീവനക്കാരുടെ മുന്നിലുള്ള വഴികള്‍. 2022 തുടങ്ങിയ ശേഷം കമ്പനിയുടെ കീഴിലുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്നായി നിരവധി ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ബൈജ്യൂസിന് കീഴിലുള്ള ഓണ്‍ലൈന്‍ കോഡിംഗ് പ്രൊവൈഡറായ വൈറ്റ്ഹാറ്റ് ജൂനിയറിലെ ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1000 പേരാണ് രാജി വെച്ചിരുന്നു. തുടര്‍ന്ന് ജൂണില്‍ വൈറ്റ്ഹാറ്റില്‍ നിന്ന് 300 ജീവനക്കാരെയും കമ്പനി പറഞ്ഞുവിട്ടു. വൈറ്റ്ഹാറ്റിലേതിന് സമാനമായ രീതിയാണ് തിരുവനന്തപുരത്തെ ജീവനക്കാരോടും ബൈജ്യൂസ് സ്വീകരിച്ചിരിക്കുന്നത്.