ചാന്ദ്രവിസ്മയം ഈ ജന്മത്തില്‍ ഇനി കാണാനാകില്ല!; കെട്ടുകഥകള്‍ വിശ്വസിക്കരുത്, കണ്ണുതുറന്ന് കാണൂ

ഇന്നത്തെ ചാന്ദ്രവിസ്മയത്തിനായി കാത്തിരിക്കുകയാണ് ആകാശക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍. സൂപ്പര്‍മൂണും ബ്ലുമൂണും പൂര്‍ണ്ണചന്ദ്രഗ്രഹണവും ഒരുമിച്ച് വരുന്നു എന്നതാണ് ഈ അപൂര്‍വ പ്രതിഭാസം.

സാധാരണകാണുന്നതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാം എന്നതാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നതാണ് ഈ തിളക്കത്തിനും വലിപ്പത്തിനും കാരണം. ഈ മാസത്തിലുണ്ടാകുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനാണിത്. ഒരു കലണ്ടര്‍ മാസത്തിലുണ്ടാകുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദനെയാണ് ശാസ്ത്രലോകം ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. അപൂര്‍വമായി ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്ത് കൂടി പോകുമ്പോള്‍ പൗര്‍ണ്ണമി സംഭവിക്കുന്നതിനെയാണ് സൂപ്പര്‍മൂണെന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്റെ വലിപ്പം 14 ശതമാനം കൂടുതലായിരിക്കും.

സൂപ്പര്‍മൂണ്‍ , ബ്ലൂമൂണ്‍ പ്രതിഭാസത്തോടൊപ്പം ചന്ദ്രഗ്രഹണവും വരുന്ന ഇന്നത്തെ ദിവസം പോലൊരു ദിവസം ഈ തലമുറയ്ക്ക് ഇനി കാണാനാവില്ലെന്നാണ് പ്രത്യേകത. 1982 ഡിസംബര്‍ 30 നാണ് ഏഷ്യയില്‍ ഈ വിസ്മയം കാണാന്‍ കഴിഞ്ഞത്. 152 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയില്‍ ഇത് കാണാന്‍ കഴിഞ്ഞത്.

ഇന്ന് വൈകീട്ട് 5.18 ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം രാത്രി 8.49 ന് പൂര്‍ത്തിയാകും. കണ്ണടയില്ലാതെ നഗ്ന നേത്രങ്ങളാല്‍ ഇത് കാണാനാകും. ചന്ദ്രഗ്രഹണസമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുതെന്നും കുഞ്ഞിനെ ദോഷമാണെന്നും പറയുന്നത് വെറും കെട്ടുകഥകളാണ്.  ഈ സമയത്ത് പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് കേടാണെന്നും പറയുന്നത് അന്ധവിശ്വാസം മാത്രമാണ്. അത്തരം വിശ്വാസങ്ങളൊക്കെ മാറ്റി വെച്ച്  ഇനി  ഈ ജന്മത്ത് കാണാന്‍ കഴിയാത്ത ആകാശക്കാഴ്ചയെ ആസ്വദിക്കു.